നടയ്ക്കല്‍ കുളം നാശത്തിന്റെ വക്കില്‍

ഈരാറ്റുപേട്ട: നടയ്ക്കലിലെ എംഎസ് കുളം നാശത്തിന്റെ വക്കില്‍. നടയ്ക്കലിലെ ഏക്കറുകണക്കിനു പാടങ്ങളില്‍ കൃഷി ആവശ്യത്തിനായി ഉപയോഗിച്ചിരുന്ന കുളമാണ് പാടങ്ങളിലെല്ലാം കോണ്‍ക്രീറ്റ് കെട്ടിടങ്ങളായതോടെ ഉപയോഗയോഗ്യമല്ലാതായത്.
കുളം സംരക്ഷിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ജനങ്ങള്‍ പ്രതിഷേധിക്കുമ്പോള്‍ മാത്രം അധികാരികള്‍ കുളമൊന്ന് ശൂചീകരിക്കും. പിന്നെ പായലും കാടും കയറി പഴയപടിയാവും. ഒരുകാലത്ത് നാട്ടുകാര്‍ കുളിക്കാനും കുട്ടികള്‍ നീന്തല്‍ പഠിക്കാനും ഉപയോഗിച്ചിരുന്ന കുളമാണ് നാശോന്‍മുഖമായി മാറിയിരിക്കുന്നത്.
കുളം ശുചീകരിക്കുകയും ആഴം വര്‍ധിപ്പിക്കുകയും ചെയ്തശേഷം ജലവിതരണ പദ്ധതിക്കായി ഉപയോഗിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. അതേസമയം, കുളം നവീകരിക്കുന്നതായി മുനിസിപ്പാലിറ്റിക്ക് പദ്ധതിയുണ്ടന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി എം റഷീദ് പറഞ്ഞു. നീരൊഴുക്കിന് സൗകര്യമൊരുക്കിയാല്‍ വെള്ളം ശുദ്ധമാവുമെന്നും ജലസ്രോതസുകള്‍ സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top