നടപ്പാലം തകര്‍ന്നു; അഞ്ചു കുടുംബങ്ങള്‍ ദുരിതത്തില്‍

സുല്‍ത്താന്‍ ബത്തേരി: താല്‍ക്കാലിക നടപ്പാലം തകര്‍ന്നതോടെ സുരക്ഷിതമായി വീട്ടിലെത്താനാവാതെ നെന്മേനി വലിയവട്ടത്തെ അഞ്ചു കുടുംബങ്ങള്‍. റോഡില്‍ നിന്നു വയലിലെ ഒറ്റയടിപ്പാതയിലേക്ക് ഇറങ്ങുന്ന താല്‍ക്കാലിക നടപ്പാലം തകര്‍ന്നതാണ് കുടുംബങ്ങളെ ദുരിതത്തിലാക്കുന്നത്. ഇവിടെ സുരക്ഷിതമായ പാലം നിര്‍മിക്കണമെന്ന ആവശ്യം പഞ്ചായത്ത് അവഗണിക്കുന്നതായും പ്രദേശവാസികള്‍ കുറ്റപ്പെടുത്തി.
നെന്മേനി പഞ്ചായത്തിലെ ആറാംവാര്‍ഡില്‍പ്പെട്ട വലിയവട്ടത്തെ തോടിനോട് ചേര്‍ന്നാണ് കുടുംബങ്ങള്‍ താമസിക്കുന്നത്. കോളിയാടി-ചെറുമാട് റോഡില്‍ വലിയവട്ടം പാലത്തിനു സമീപത്തു നിന്നു വീടുകളിലേക്കെത്താന്‍ പാലമില്ലാത്തതാണ് ഇവരെ ബുദ്ധിമുട്ടിക്കുന്നത്.
റോഡില്‍ നിന്ന് അഞ്ചുമീറ്റര്‍ താഴ്ചയിലാണ് ഇവര്‍ക്കു വീടുകളിലേക്ക് പോവാനുള്ള വയല്‍പ്രദേശത്തെ ഒറ്റടയടിപ്പാത. ഇതിലേക്ക് ഇറങ്ങുന്നതിന്നായി പ്രദേശവാസികള്‍ സ്വന്തമായി പണംമുടക്കി താല്‍ക്കാലിക മരപ്പാലം സ്ഥാപിച്ചിരുന്നു.
ഇത് അടുത്തിടെ കാലപ്പഴക്കത്താല്‍ തകര്‍ന്നു. ഇതോടെ ഇതുവഴിയുള്ള യാത്ര അപകടം നിറഞ്ഞതായി.
ഇവിടെ ഒരു പാലം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് കുടുംബങ്ങള്‍ നിരവധി തവണ പഞ്ചായത്ത് ഓഫിസ് കയറിയിറങ്ങിയിട്ടും നടപടിയായില്ലെന്നു പ്രദേശവാസി വര്‍ഗീസ് പറയുന്നു. വിദ്യാര്‍ഥികളും പ്രായമായവരും തകര്‍ന്ന മരപ്പാലത്തിലൂടെ ജീവന്‍ പണയംവച്ചാണ് സഞ്ചരിക്കുന്നത്.
നിലവിലെ മരപ്പാലം തകര്‍ന്നാല്‍ സമീപത്തെ പുഴയിലേക്കാണ് പതിക്കുക. ഈ സാഹചര്യത്തില്‍ ദുരന്തം ഉണ്ടാവുന്നതു തടയുന്നതിനായി പ്രദേശത്ത് പാലം നിര്‍മിക്കണമെന്നാണ് കുടുംബങ്ങള്‍ ആവശ്യപ്പെടുന്നത്.

RELATED STORIES

Share it
Top