നടപടി സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമെന്ന്‌

കൊച്ചി: കേരളത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിക്കെതിരേ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരേ പോലിസ് നടപടി സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരും. മിക്കജില്ലകളില്‍ നിന്നും നിന്നും ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിനെതിരായ അക്രമങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. എന്നാല്‍, അക്രമികള്‍ക്കെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലയെന്നത് പ്രതിഷേധാര്‍ഹമാണ്. പലപ്പോഴും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സംരക്ഷണം നല്‍കുന്നതിനു പകരം പോലിസ് തന്നെ അവരെ ആട്ടിയോടിക്കാനും ക്രിമിനല്‍ കേസുകളില്‍പ്പെടുത്താനുമാണ് മുന്നോട്ടുവരുന്നത്. സമൂഹത്തില്‍ ഏറ്റവുമധികം അടിച്ചമര്‍ത്തപ്പെടുന്നതും ആക്രമിക്കപ്പെടുന്നതുമായ മര്‍ദിത വിഭാഗമാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം. പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന പോരാട്ടങ്ങളിലൂടെ ഇവര്‍ ആര്‍ജിച്ചെടുത്ത സാമൂഹിക ദൃശ്യതയെയും ചലനാത്മകതയെയും ഇല്ലാതാക്കാന്‍ ലക്ഷ്യംവച്ചുള്ളതാണ് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍. പലപ്പോഴും കേരളാ പോലിസും മറ്റു ഭരണകൂട സംവിധാനങ്ങളും ട്രാന്‍സ്‌ജെന്‍ഡര്‍ വിരുദ്ധ നടപടികളുടെ ഭാഗമാവുകയാണ് ചെയ്യുന്നത്. പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ സുപ്രിംകോടതി നാല്‍സ കേസിലെ വിധിയിലൂടെ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ അവകാശങ്ങള്‍ അംഗീകരിക്കുകയും ആണ്‍, പെണ്‍ എന്നതുപോലെ തന്നെ ട്രാന്‍സ്‌ജെന്‍ഡര്‍ ലൈംഗിക സ്വത്വത്തെ കൂടി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ചുവടു—പിടിച്ചാണ് സര്‍ക്കാര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ നയംപ്രഖ്യാപിച്ചത്. എന്നിട്ടും ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നത് പ്രതിഷേധാര്‍ഹമാണെന്നും പ്രസ്താവനയില്‍ പറയുന്നു.

RELATED STORIES

Share it
Top