നടപടി വേഗത്തിലാക്കാന്‍ മുഖ്യന്ത്രിയുടെ നിര്‍ദേശം

ശ്രീജിഷ   പ്രസന്നന്‍

തിരുവനന്തപുരം: അഗസ്ത്യമലയില്‍ ഉള്‍പ്പെട്ട പെരിങ്ങമ്മലയിലെ ഓടുചുട്ടപടുക്കയില്‍ ഐഎംഎ സ്ഥാപിക്കാനൊരുങ്ങുന്ന ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ പ്ലാന്റിന് സര്‍ക്കാരിന്റെ പിന്തുണ. പ്ലാന്റിനെതിരേ ജനരോഷം ശക്തമായ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയോടെ ഐഎംഎയുടെ നീക്കമെന്ന് പുറത്തു വരുന്ന വിവരം. കഴിഞ്ഞ ഒക്ടോബര്‍ നാലിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കാന്‍ തീരുമാനമായിരുന്നു. യോഗത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയും വനംമന്ത്രി കെ രാജുവും തദ്ദേശഭരണ വകുപ്പ് മന്ത്രി കെടി ജലീലും ഉള്‍പ്പെടെ പങ്കെടുത്തിരുന്നു. യോഗത്തിന്റെ മിനുട്‌സ് പുറത്തുവന്നു. ആരോഗ്യമന്ത്രി പ്ലാന്റിനെ ശക്തമായി അനുകൂലിച്ചിരുന്നു. എന്നാല്‍, കൂടുതല്‍ പരിശോധന വേണമെന്നായിരുന്നു വനംമന്ത്രി കെ രാജുവിന്റെ ആവശ്യം. യോഗത്തെ തുടര്‍ന്ന് ഐഎംഎ അനുമതികള്‍ക്കായുള്ള സജീവ നീക്കം നടത്തുകയായിരുന്നു. പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരേ പ്രദേശവാസികള്‍ ശക്തമായ എതിര്‍പ്പുന്നയിച്ചതോടെ ജനങ്ങളുടെ സഹകരണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്നലെ രംഗത്തെത്തി. പദ്ധതിക്ക് സര്‍ക്കാര്‍ നേരത്തേതന്നെ അനുമതി നല്‍കിയതാണെന്ന് മന്ത്രി പറഞ്ഞു.  പ്ലാന്റുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. വളരെ ശാസ്ത്രീയമായ രീതിയിലാണ് ഐഎംഎ ആശുപത്രി മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നത്.അതിനാല്‍, പ്രദേശത്തിന് യാതൊരു കോട്ടവും സംഭവിക്കില്ലെന്നുമായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം. പദ്ധതിക്ക് പരിസ്ഥിതി വകുപ്പിന്റെ അനുമതി കിട്ടിയെന്നാണ് വിവരമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, വിഷയത്തില്‍ അന്തിമ തീരുമാനം പരിസ്ഥിതി മന്ത്രാലയത്തിന്റേതാണെന്നു വനംമന്ത്രി കെ രാജു പ്രതികരിച്ചു. അതേസമയം, സിപിഎം പ്രതിനിധികൂടിയായ സ്ഥലം എംഎല്‍എ ഡി കെ മുരളി പദ്ധതിയെ എതിര്‍ത്തു. പെരിങ്ങമ്മലയില്‍ പദ്ധതിക്കായി കണ്ടെത്തിയിട്ടുള്ള പ്രദേശം പ്ലാന്റിന് അനുയോജ്യമല്ലെന്ന നിലപാട് സര്‍ക്കാരിനെ അറിയിക്കും. പരിസ്ഥിതിലോല മേഖലയായ ഇവിടെ നിന്ന് പ്ലാന്‍് മാറ്റിസ്ഥാപിക്കാന്‍ ഐഎംഎയോടും ആവശ്യപ്പെടുമെന്ന് ഡി കെ മുരളി പറഞ്ഞു. പെരിങ്ങമ്മല പഞ്ചായത്തും പദ്ധതിക്ക് വിയോജിപ്പറിയിച്ച് സമരസമിതിക്കൊപ്പം രംഗത്തുണ്ട്.പദ്ധതിക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസറും കഴിഞ്ഞ ദിവസം റിപോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, സര്‍ക്കാരിന്റെ പിന്തുണയുള്ളത്‌കൊണ്ടാണ് ഐഎംഎ പദ്ധതിയുമായി മുന്നോട്ടുപോയത്. പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പദ്ധതിക്ക് അനുമതി നല്‍കാന്‍ മലിനീകരണ നിയന്ത്രണബോര്‍ഡിനോട് ആവശ്യപ്പെടാന്‍ മന്ത്രിമാരുടെ യോഗത്തില്‍ തീരുമാനമായിരുന്നു. അപേക്ഷയില്‍ ആവശ്യമായ ഭേദഗതി വരുത്തി പാരിസ്ഥിതിക ആഘാത സമിതിയെ സമീപിക്കാന്‍ ഐഎംഎയോടും യോഗം ആവശ്യപ്പെട്ടു.  മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ച വിവരവും ഐഎംഎ രഹസ്യമാക്കി വച്ചിരുന്നു. ജനകീയപ്രക്ഷോഭം ഭയന്ന് പദ്ധതിക്കുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയ ശേഷം വിവരം പുറത്തുവിടാനായിരുന്നു ഐഎംഎയുടെ തീരുമാനം.

RELATED STORIES

Share it
Top