നടപടികള്‍ വേഗത്തിലാക്കാന്‍ റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍

തലശ്ശേരി: നിര്‍ദിഷ്ട തലശ്ശേരി-മൈസൂരു റെയില്‍പാത പദ്ധതിക്ക് റെയില്‍വേ ബോര്‍ഡിന്റെ പച്ചക്കൊടി. പദ്ധതിയുടെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട്  കേന്ദ്ര റെയില്‍ മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും സംയുക്തമായി കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ എന്ന പേരില്‍ കമ്പനി രൂപീകരിച്ചത് റെയില്‍ വികസനം വേഗത്തിലാക്കാന്‍ സഹായകമാവും.
മുഖ്യമന്ത്രി പിണറായി വിജയനുമായി റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനി നടത്തിയ ചര്‍ച്ചയിലാണ് റെയില്‍വേയും കേരളവും ചേര്‍ന്നു രൂപീകരിച്ച കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്റെ പദ്ധതികള്‍ക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയത്. ഇക്കാര്യം റെയില്‍വേ സഹമന്ത്രി രാജന്‍ ഗൊഹെന്‍ ലോക്‌സഭയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപിയെ അറിയിക്കുകയും ചെയ്തു.
കോര്‍പറേഷന്റെ മാനേജിങ് ഡയറക്ടറായി വി അജിത്കുമാറിനെ നിയമിച്ചിട്ടുണ്ട്. ദക്ഷിണ റെയില്‍വേ, റിസര്‍ച്ച് ഡിസൈന്‍ ആന്റ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍ തുടങ്ങിയവ മേഖലകളില്‍ കഴിഞ്ഞ മൂന്നു ദശകക്കാലത്തെ അനുഭവ പരിചയമുള്ള അജിത്കുമാര്‍ തലശ്ശേരി-മൈസൂര്‍ പാതയുടെ നടപടിക്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും.
വിശദമായ പദ്ധതിരേഖ സമര്‍പ്പിക്കാനും ഇതുപ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ നവംബറില്‍ തലശ്ശേരി-മൈസൂരു റെയില്‍പാതയുടെ സര്‍വേയ്ക്ക് കര്‍ണാടക പച്ചക്കൊടി കാട്ടിയിരുന്നു.
നാഗര്‍ഹോളെ, വയനാട് വന്യജീവി സങ്കേതങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി കേരളം സമര്‍പ്പിച്ച രൂപരേഖയാണു അംഗീകരിച്ചത്. കൊങ്കണ്‍ റയില്‍വേ കോര്‍പറേഷനാണ് സര്‍വേ ചുമതല. വനമേഖലയിലൂടെ സര്‍വേ നടത്തണമെങ്കില്‍ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രത്യേകാനുമതി ലഭിക്കേണ്ടതുണ്ട്.
ഇതു സംബന്ധിച്ച് അപേക്ഷ നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. പദ്ധതിക്ക് അന്തിമാനുമതി ലഭിച്ചാല്‍ 2024ല്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ഇപ്പോള്‍ തലശ്ശേരിയില്‍നിന്ന് മൈസൂരുവിലേക്ക് 810 കിലോമീറ്ററാണു ദൂരം. യാത്രാസമയത്തില്‍ 12 മണിക്കൂറും ദൂരത്തില്‍ 570 കിലോമീറ്ററും കുറവുണ്ടാകും.

RELATED STORIES

Share it
Top