നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു

കൊച്ചി: ചലച്ചിത്രതാരവും സംവിധായകനുമായ ക്യാപ്റ്റന്‍ രാജു (68) അന്തരിച്ചു. എറണാകുളം പാടിവട്ടത്തുള്ള വസതിയില്‍ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം ജന്മനാടായ പത്തനംതിട്ട ഓമല്ലൂരില്‍ വെള്ളിയാഴ്ച നടക്കും. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു ക്യാപ്റ്റന്‍ രാജു. മകന്റെ വിവാഹ ആവശ്യങ്ങള്‍ക്കായി കൊച്ചിയില്‍ നിന്ന് അമേരിക്കയിലേക്കു പോവുന്നതിനിടയില്‍ വിമാനത്തിലാണ് അദ്ദേഹത്തിന് പക്ഷാഘാതമുണ്ടായത്. കഴിഞ്ഞ രണ്ടര മാസത്തോളമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
വില്ലനായും സ്വഭാവനടനായും വെള്ളിത്തിരയില്‍ തിളങ്ങിയ ക്യാപ്റ്റന്‍ രാജു മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി 500ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഒരു ഇംഗ്ലീഷ് ചിത്രത്തിലും അഭിനയിച്ചു. 2017 ഡിസംബറില്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ മാസ്റ്റര്‍പീസാണ് അവസാന ചിത്രം. 1981ല്‍ ജോഷി സംവിധാനം ചെയ്ത, മധുവും നസീറും പ്രധാന വേഷത്തില്‍ അഭിനയിച്ച രക്തമാണ് ആദ്യചിത്രം. ഇതില്‍ വില്ലനായിട്ടായിരുന്നു സിനിമാ പ്രവേശം.
പത്തനംതിട്ട ഓമല്ലൂരില്‍ കെ ജി ഡാനിയലിന്റെയും അന്നമ്മയുടെയും മകനായി 1950ലാണ് ജനനം. പ്രമീളയാണ് ഭാര്യ. മകന്‍: രവി രാജ്.

RELATED STORIES

Share it
Top