നടക്കുന്നത് പകല്‍ക്കൊള്ള തന്നെ

വികസനവും പരിസ്ഥിതി രാഷ്ട്രീയവും-2    സി  ആര്‍  നീലകണ്ഠന്‍
കീഴാറ്റൂരും മറ്റ് ഭൂമി ഏറ്റെടുക്കലുകളും ഇന്നു പ്രധാന തര്‍ക്കവിഷയങ്ങളാണല്ലോ. ടോളും ബിഒടിയും ഇല്ലാതെ ഇനി ദേശീയപാത വികസിപ്പിക്കാനാവില്ലെന്നു കേന്ദ്രം പറഞ്ഞപ്പോള്‍ അതിനെതിരേ ഒരക്ഷരം പറയാത്തവര്‍ ആഗോളവല്‍ക്കരണത്തിനും സ്വകാര്യവല്‍ക്കരണത്തിനും എതിരാണെന്നു പറയുന്നതിന്റെ അര്‍ഥമെന്താണ്? രാജ്യത്തെ ഏറ്റവും വലിയ പൊതുസമ്പത്തായ ദേശീയപാതകള്‍ സ്വകാര്യ കമ്പനികള്‍ക്ക് പതിറ്റാണ്ടുകള്‍ക്ക് പതിച്ചുനല്‍കി, അതിന്റെ കൊള്ളലാഭമടിക്കാന്‍ അവരെ അനുവദിക്കുന്നതല്ലേ ഏറ്റവും വലിയ സ്വകാര്യവല്‍ക്കണം?
ഏതെങ്കിലും പൊതുമേഖലാ കമ്പനിയുടെ കുറച്ച് ഓഹരികള്‍ വില്‍ക്കുന്നതിനെ എതിര്‍ക്കുന്നവര്‍ ഇക്കാര്യത്തില്‍ പാലിക്കുന്ന മൗനം അര്‍ഥഗര്‍ഭമാണ്. കുത്തകക്കമ്പനികള്‍ വയ്ക്കുന്ന എല്ലാ നിര്‍ദേശങ്ങളും (45 മീറ്റര്‍ വീതി അടക്കം) പാലിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുന്ന, ടോള്‍ വിരുദ്ധ സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുന്ന ഇടതു-വലതുപക്ഷക്കാര്‍ ഒരേ പക്ഷം തന്നെയല്ലേ? ഇതിനെയെല്ലാം ന്യായീകരിക്കുന്നത് മൂലധന നിക്ഷേപം അനിവാര്യമാണെന്നു പറഞ്ഞുകൊണ്ടാണുതാനും. ഇങ്ങനെ നിരവധി മേഖലകളുണ്ട്.
ദേശീയപാതയുടെ എല്ലാ ചര്‍ച്ചകളിലും ഭരണപക്ഷക്കാര്‍ ഉന്നയിക്കുന്ന ഒരു പ്രധാന വാദം വാഹനങ്ങള്‍ കൂടുന്നു, റോഡ് വലുതാകേണ്ടതില്ലേ എന്നതാണ്. കേരളത്തില്‍ ആധിപത്യം നേടിയിരിക്കുന്ന മധ്യവര്‍ഗ പൊതുബോധത്തെ തൃപ്തിപ്പെടുത്താന്‍ ഇതു ധാരാളമാെണന്ന് അവര്‍ കരുതുന്നു. പൊതുഗതാഗതം ശക്തിപ്പെടുത്തി സ്വകാര്യ വാഹനങ്ങളുടെ സാന്ദ്രത കുറയ്ക്കല്‍ എന്ന അന്താരാഷ്ട്ര രീതി മാത്രമാണ് കേരളത്തിനു വേണ്ട ഗതാഗത പരിഷ്‌കാരം എന്നു പറയാന്‍ ഇടതുപക്ഷം തയ്യാറാവാത്തതെന്തുകൊണ്ട്? ഇതു പറഞ്ഞാല്‍ മധ്യവര്‍ഗ പിന്തുണയും കാര്‍-റോഡ് നിര്‍മാണ കുത്തകകളുടെ പിന്‍ബലവും നഷ്ടമാവുമെന്ന് അവര്‍ ഭയക്കുന്നു.
പക്ഷേ, ഇന്ന് അത്തരം മധ്യവര്‍ഗ പൊതുബോധത്തില്‍ വിള്ളല്‍ വീണിരിക്കുന്നു. മുന്‍കാലങ്ങളില്‍ ഇത്തരം വികസനങ്ങളുടെ ഇരകള്‍ സമൂഹത്തിന്റെ താഴേത്തട്ടിലുള്ള ആദിവാസികളും ദലിതരും മറ്റുമായിരുന്നെങ്കില്‍ ഇന്ന് മധ്യവര്‍ഗവും ഇരകളുടെ പട്ടികയിലേക്കു കടന്നുവന്നിരിക്കുന്നു. അതുകൊണ്ടുതന്നെ ചോദ്യങ്ങളും എതിര്‍പ്പുകളും വ്യത്യസ്തമാവുന്നു.
കേരളത്തിലെ പ്രധാന ദേശീയപാതയായ തിരുവനന്തപുരം-കാസര്‍കോട് തന്നെ എടുക്കാം. കഴക്കൂട്ടം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ 30 മീറ്ററിലധികം വീതിയില്‍ ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുത്തിട്ടു മൂന്നു പതിറ്റാണ്ടായി. വളരെ തുച്ഛമായ വിലയ്ക്ക് എല്ലാവരും അന്നു ഭൂമി വിട്ടുകൊടുത്തു. പൊതു ആവശ്യമാണല്ലോ. എന്നാല്‍ ഇത്രയും കാലമായിട്ടും റോഡ് വീതി കൂട്ടല്‍ നടന്നില്ല. തങ്ങളുടെ ശേഷിച്ച ഭൂമിയില്‍ വീടും വ്യാപാരസ്ഥാപനങ്ങളും നിര്‍മിച്ച പതിനായിരക്കണക്കിനു കുടുംബങ്ങള്‍ സ്വന്തം ജീവിതം പടുത്തുയര്‍ത്തിക്കൊണ്ടുവരുമ്പോള്‍ പെട്ടെന്നൊരു ദിവസം അവരോട് പറയുന്നു ദേശീയപാത വികസനത്തിന് ഏറ്റവും കുറഞ്ഞത് 45 മീറ്റര്‍ വീതിയില്‍ ഭൂമി വേണമെന്ന്.
കേന്ദ്ര സര്‍ക്കാരിന്റെ ബിഒടി പദ്ധതി നടപ്പാക്കാന്‍ വേണ്ടി മാത്രമാണ് ഈ നടപടി. തങ്ങള്‍ ഇക്കാലമത്രയും കൊണ്ടു സമാഹരിച്ച വീടും മൂലധനവും ഒറ്റയടിക്ക് ഇല്ലാതാവുന്നതില്‍ ആരാണ് ആശങ്കപ്പെടാതിരിക്കുക? അതുകൊണ്ടുതന്നെ അവര്‍ തിരിഞ്ഞുനിന്നു ചോദിക്കുന്ന നിരവധി ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയേണ്ടിവരും. 45 മീറ്റര്‍ വീതിയില്‍ ഭൂമി എടുക്കുമ്പോള്‍ നിര്‍മിക്കുന്ന റോഡ് വലുതാവുന്നില്ല. കേവലം നാലു വരി മാത്രം.
ഇങ്ങനെ നിര്‍മിച്ച ആദ്യ ബിഒടി റോഡായ ഇടപ്പള്ളി-മണ്ണുത്തി പാതയില്‍ ഇത്ര കാലം കഴിഞ്ഞിട്ടും ഒരുവിധ അടിസ്ഥാന സൗകര്യങ്ങളുമില്ല. എന്നാല്‍, ടോള്‍ കൊള്ള എത്രയോ വര്‍ഷമായി നടക്കുന്നു. അവിടത്തെ പാലിേയക്കര പോലെ മുപ്പതോളം ബൂത്തുകള്‍ കേരളമാകെ വരാന്‍ പോകുന്നു. പ്രതിദിനം കോടിക്കണക്കിനു രൂപ അവര്‍ കൊണ്ടുപോകുന്നു. (അതിന്റെ വീതം ഇവിടെ ഉദാരമായി വിതരണം ചെയ്തുകൊണ്ടാണ് അവര്‍ രാഷ്ട്രീയ നേതൃത്വങ്ങളുടെ പിന്തുണ ഉറപ്പിക്കുന്നത്).
ഇതുപോലെ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുമ്പോള്‍ അവരെ തീ്രവവാദികളും വികസനവിരുദ്ധരുമായി ചിത്രീകരിക്കുന്നു. അവരെ ഗുണ്ടാ ലിസ്റ്റില്‍ പെടുത്തണമെന്ന് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പറയുന്നു. സ്വന്തമായുള്ള ആകെ സമ്പാദ്യം ഒറ്റയടിക്ക് എടുക്കുമ്പോള്‍ തങ്ങള്‍ക്ക് എന്തു നഷ്ടപരിഹാരവും പുനരധിവാസവും കിട്ടുമെന്നു ചോദിക്കുന്നവരും ഭീകരവാദികളാണ്. 2013ല്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ഭൂമി ഏറ്റെടുക്കല്‍ പുനരധിവാസ നിയമം ഇവിടെ പ്രയോഗിക്കാതെ ഐക്യകേരളം ഉണ്ടാവുന്നതിനു മുമ്പുള്ള 1956ലെ നിയമം നടപ്പാക്കാന്‍ ശ്രമിക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിനെങ്കിലും ഇടതുപക്ഷ സര്‍ക്കാര്‍ മറുപടി പറയേണ്ടതല്ലേ? ആ നിയമം ജനാധിപത്യവിരുദ്ധമാണെന്നു കണ്ട് ഇന്ത്യയൊട്ടാകെ നടന്ന സമരങ്ങളുടെ ഫലമായി രൂപപ്പെട്ട നിയമം ഇടതു സര്‍ക്കാരിനു സ്വീകാര്യമല്ലാത്തത് എന്തുകൊണ്ട്?
കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസിന്റെ 20ാം ചരമവാര്‍ഷിക ദിനത്തില്‍ കുറ്റിപ്പുറത്ത് ഭൂമി ഏറ്റെടുക്കുന്നതിനെതിരേ ജനങ്ങള്‍ക്കു നേരെ സര്‍ക്കാരിന്റെ പോലിസ് ചെയ്ത കാര്യം നാം കണ്ടു. ഐക്യകേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി അധികാരമേറ്റപ്പോള്‍ ആദ്യം എടുത്ത തീരുമാനം, ഒരാളെയും സ്വന്തം വീട്ടില്‍ നിന്നു കുടിയിറക്കരുത് എന്നായിരുന്നു. ഇടശ്ശേരിയുടെ കുടിയിറക്കലും പുത്തന്‍ കലവും അരിവാളും അതുപോലുള്ള വിപ്ലവ കവിതകളും ചേര്‍ന്നു രൂപപ്പെടുത്തിയ സമൂഹമാണ് തന്നെയും പാര്‍ട്ടിയെയും അധികാരത്തില്‍ എത്തിച്ചതെന്ന ഉറച്ച ബോധ്യത്തിന്റെ പിന്‍ബലത്തിലാണ് അത്തരമൊരു തീരുമാനം ആ സര്‍ക്കാര്‍ എടുത്തത്. അതിന്റെ പിന്‍മുറക്കാര്‍ എന്ന് അവകാശപ്പെടുന്നവരാണ് പതിനായിരക്കണക്കിനു കുടുംബങ്ങളെ തെരുവിലിറക്കാന്‍ പോലിസുമായി എത്തുന്നത് എന്നതൊരു ചരിത്രനിഷേധമല്ലേ?
മലപ്പുറം ജില്ലയില്‍ നടക്കുന്ന പ്രതിരോധത്തെ വര്‍ഗീയവും തീ്രവവാദപരവും മറ്റുമായി ചിത്രീകരിച്ച് അടിച്ചമര്‍ത്താനുള്ള ശ്രമം തീര്‍ത്തും ജനാധിപത്യവിരുദ്ധമാണ്. ആ ദിവസത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കൊച്ചിയിലെ മൂലമ്പിള്ളി കുടിയിറക്ക് സമരത്തിന്റെ ഫലമായി ഒരു പുനരധിവാസ പാക്കേജ് കിട്ടി പത്തു വര്‍ഷം തികയുന്ന ദിവസമാണത്. അന്നു കുടിയിറക്കപ്പെട്ടവരില്‍ 80 ശതമാനം പേരെയും ഇന്നും പുനരധിവസിപ്പിച്ചിട്ടില്ല. രണ്ടു മുന്നണികളും അഞ്ചു വര്‍ഷം വീതം ഭരിച്ചിട്ടും ഇതാണ് സ്ഥിതിയെങ്കില്‍ പതിനായിരക്കണക്കിനു കുടുംബങ്ങള്‍ എന്തു ധൈര്യത്തില്‍ ഭൂമി വിട്ടുകൊടുക്കും?
ദേശീയപാത വേണം. പക്ഷേ, ഒപ്പം ഇവര്‍ക്ക് സ്വന്തമായുള്ള കൂര സംരക്ഷിക്കപ്പെടണം. ആദ്യം ഭൂമി ഏറ്റെടുക്കുകയല്ല വേണ്ടത്; ഇവര്‍ തെരുവില്‍ അനാഥരായി അലയില്ലെന്ന ഉറപ്പു നല്‍കലാണ്. അവരുമായി ഒരു ചര്‍ച്ചയ്ക്കു പോലും തയ്യാറാവാതെ വീടുകളില്‍ കടന്നുകയറി കല്ലിട്ടാല്‍ ആര്‍ക്കാണ് അടങ്ങിയിരിക്കാന്‍ കഴിയുക? മെട്രോ പദ്ധതിക്കായി കൊച്ചിയില്‍ ഭൂമി ഏറ്റെടുത്തപ്പോള്‍ അതിസമ്പന്നരുടെ വീട്ടില്‍ പോയി 23 വട്ടം വില സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്ന് പറഞ്ഞ ഒരു കലക്ടര്‍ ഉണ്ടായിരുന്നു. എന്നാല്‍, തങ്ങളുടെ ഭൂമിയും വീടും നഷ്ടപ്പെട്ടാല്‍ എന്തു നഷ്ടപരിഹാരവും പുനരധിവാസവും കിട്ടുമെന്ന ജനങ്ങളുടെ ചോദ്യത്തെ പോലിസിനെ ഉപയോഗിച്ച് നേരിടുന്ന രീതി സര്‍ക്കാരുകളുടെ നയം വ്യക്തമാക്കുന്നു.
കീഴാറ്റൂര്‍ നാം ഏറെ ചര്‍ച്ച ചെയ്തതാണ്. ഒരു നാടിന്റെ വെള്ളവും ഭക്ഷണവും സംരക്ഷിക്കാന്‍ അവിടത്തെ ജനത നടത്തുന്ന പോരാട്ടത്തെ എത്ര നിഷ്ഠുരമായാണ് സര്‍ക്കാര്‍ നേരിട്ടത്? അതും തങ്ങളുടെ സഖാക്കളായി പല പതിറ്റാണ്ടുകള്‍ കൊടിപിടിച്ചവരുടെ നേരെ? ഇത്തരം സമരങ്ങളില്‍ ഇടപെടുന്ന മുഖ്യധാരാ കക്ഷികളുടെ വിശ്വാസ്യത ഇന്ന് ഏറെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. നര്‍മദ മുതല്‍ ഒഡീഷ വരെ ഇന്ത്യയില്‍ എല്ലായിടത്തും മൂലധനാധിഷ്ഠിത വന്‍ വികസന പദ്ധതികള്‍ക്കായി പട്ടാളത്തെ വരെ ഉപയോഗിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയകക്ഷി ഇവിടെ കീഴാറ്റൂരില്‍ മാത്രം പരിസ്ഥിതി സംരക്ഷിക്കാന്‍ ഇറങ്ങുന്നതിന്റെ ദുഷ്ടലാക്ക് ആര്‍ക്കാണ് അറിയാത്തത്?                      ി

(കടപ്പാട്: ജനശക്തി, ഏപ്രില്‍ 15, 2018)

(അവസാനിച്ചു)

RELATED STORIES

Share it
Top