നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാതയെ സംസ്ഥാന സര്‍ക്കാര്‍ തഴഞ്ഞു

മലപ്പുറം: സംസ്ഥാന സര്‍ക്കാറിനെ സ്വാധീനിച്ച് നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍പാത അട്ടിമറിക്കാന്‍ ചിലര്‍ നടത്തിയ ശ്രമം മൂലം സംസ്ഥാനത്തിന് കനത്ത നഷ്ടമുണ്ടായി. കേരള സര്‍ക്കാറിന്റെ താല്‍പര്യമില്ലായ്മ മൂലമാണ്് കേന്ദ്രസര്‍ക്കാര്‍ 30 സംയുക്ത സംരംഭങ്ങളില്‍പ്പെടുത്തി 3000 കോടി രൂപ വിഹിതം പ്രഖ്യാപിച്ചിരുന്ന നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാതയ്ക്ക് കഴിഞ്ഞ കേന്ദ്രബജറ്റിലും പിങ്ക് ബുക്കിലും തുക അനുവദിക്കാന്‍ സാധിക്കാതെ വന്നത്.  എറണാകുളം-ബാംഗ്ലൂര്‍ നേരിട്ടുള്ള റയില്‍പാത എന്ന ആശയം കേന്ദ്ര സര്‍ക്കാരും തത്വത്തില്‍ അംഗീകരിച്ചതിന്റെ തെളിവാണ് എറണാകുളം-ഷൊര്‍ണ്ണൂര്‍ മൂന്നാംപാതക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി പിങ്ക് ബുക്കില്‍ ഉള്‍പ്പെടുത്തിയത്.  കേരളം ആവശ്യപ്പെടാതെ തന്നെ കേന്ദ്രം ഈ പാതക്ക് അനുമതി നല്‍കുകയായിരുന്നു. ഷൊര്‍ണൂര്‍ മുതല്‍ മൈസൂര്‍ വരെയുള്ള റെയില്‍പാത നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാത കൂടി വരുന്നതോടെ സുഗമമാവും.  കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച പദ്ധതികളില്‍ കേന്ദ്ര അനുമതി ലഭിച്ച നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാതയെ തഴഞ്ഞ് പകരം ഇതുവരേയും അനുമതി ലഭ്യമാകാത്ത തലശ്ശേരി-മൈസൂര്‍ പാത ഉള്‍പ്പെടുത്തി കേന്ദ്രത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയത്.  ഡിഎംആര്‍സി തലശ്ശേരി-മൈസൂര്‍ പാതയുടെ വിശദമായ സാധ്യതാപഠനം നടത്തി പാത പ്രായോഗികമല്ലെന്ന് കണ്ടെത്തിയിരുന്നു.  എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് അംഗീകരിക്കാതെ കൊങ്കണ്‍ റെയില്‍വേയെക്കൊണ്ട് ഒന്നര കോടി  നല്‍കി വീണ്ടും ഒരു സാധ്യതാപഠന റിപ്പോര്‍ട്ട് തയ്യാറാക്കിച്ചു.  2017 ഡിസംബര്‍ 21 നാണ് ഇത് സംബന്ധിച്ച കരാര്‍ ഒപ്പിട്ടത്.  ഡിസംബര്‍ 30 ന് കൊങ്കണ്‍ റയില്‍വേ റിപ്പോര്‍ട്ട് നല്‍കി.  ട്രാഫിക് സര്‍വ്വേയോ ഫീല്‍ഡ് സര്‍വേയോ നടത്താതെ ഗൂഗിള്‍ മാപ്പ് പരിശോധിച്ച് അലൈന്‍മെന്റ് തയ്യാറാക്കുക മാത്രമാണ് കൊങ്കണ്‍ റെയില്‍വേ ചെയ്തത്.  മൈസൂറില്‍നിന്ന് 80 കി.മി ദൂരെയുള്ള പെരിയപട്ടണം വരെയാണ് തലശ്ശേരി-മൈസൂര്‍ പാതയുടെ സര്‍വേ നടത്തിയത്.  പെരിയപട്ടണത്തില്‍നിന്ന് തലശ്ശേരിയിലേക്ക് 240 കി.മി ആണ് സര്‍വേയില്‍ കണ്ടെത്തിയ ദൂരം.  കുടകിന്റെ ജൈവവൈവിധ്യത്തേയും കാപ്പിത്തോട്ടങ്ങളേയും കാവേരി നദിയുടെ ജലശ്രോതസ്സുകളേയും നശിപ്പിക്കുന്ന തരത്തിലാണ് പാതയുടെ അലൈന്‍മെന്റ് നിശ്ചയിച്ചത് എന്ന് ആരോപിച്ച് തലശ്ശേരി പാതക്കെതിരെ കുടക് ജില്ലയില്‍ വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്.  നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാതക്ക് പകരം തലശ്ശേരി-മൈസൂര്‍ പാത നിര്‍ദ്ദേശിച്ച് കേന്ദ്രത്തെ കബളിപ്പിക്കാന്‍ നടത്തിയ ശ്രമമാണ് കേരളത്തിന് വിനയായത്.  തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള പ്രദേശങ്ങളില്‍നിന്ന് ബാംഗ്ലൂരിലേക്ക് 6 മണിക്കൂര്‍ ലാഭിക്കാന്‍ കഴിയുന്നതും കേരളത്തിന് മുഴുവന്‍ ഗുണം ലഭിക്കുന്നതുമായ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതയെ ചില ലോബികള്‍ക്കുവേണ്ടി ഇല്ലാതാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ശ്രമമാണ് കേന്ദ്ര ബജറ്റിലും പിങ്ക് ബുക്കിലും നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതക്ക് ഫണ്ട് ലഭിക്കാതിരിക്കാന്‍ കാരണമെന്ന് നീലഗിരി-വയനാട് എന്‍എച്ച് ആന്റ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു.  തടഞ്ഞു വച്ച 2 കോടി രൂപ നല്‍കി ഡിഎംആര്‍സിയെക്കൊണ്ട് വിശദമായ പദ്ധതിരേഖ ഉടന്‍ തയ്യാറാക്കി കേന്ദ്രത്തെ സമീപിച്ച് അനുവദിച്ച 3000 കോടി രൂപ ലഭ്യമാക്കുകയും ബാക്കി പണം സ്വകാര്യ സംരംഭകരില്‍നിന്നും ലഭ്യമാക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യുകയും ചെയ്താല്‍  സംസ്ഥാന സര്‍ക്കാറിന് ഒരു സാമ്പത്തിക ബാധ്യതയുമില്ലാതെ നാലു വര്‍ഷം കൊണ്ട് നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാത പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും ആക്ഷന്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.

RELATED STORIES

Share it
Top