നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ റെയില്‍വേ സര്‍ക്കാരിന് താല്‍പര്യമില്ല; കനത്ത നഷ്ടമെന്ന് ആക്ഷന്‍ കമ്മിറ്റി

സുല്‍ത്താന്‍ ബത്തേരി: സര്‍ക്കാരിനെ സ്വാധീനിച്ച് നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാത അട്ടിമറിക്കാന്‍ ചിലര്‍ നടത്തിയ ശ്രമം മൂലം സംസ്ഥാനത്തിന് കനത്ത നഷ്ടമുണ്ടായിരിക്കുകയാണെന്നു നീലഗിരി-വയനാട് എന്‍എച്ച് ആന്റ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി. സര്‍ക്കാരിന്റെ താല്‍പര്യമില്ലായ്മ മൂലമാണ്് കേന്ദ്രസര്‍ക്കാര്‍ 30 സംയുക്ത സംരംഭങ്ങളില്‍പ്പെടുത്തി 3000 കോടി രൂപ വിഹിതം പ്രഖ്യാപിച്ചിരുന്ന നഞ്ചന്‍കോട്-നിലമ്പൂര്‍ പാതയ്ക്ക് തിരിച്ചടിയായത്. എറണാകുളം-ബംഗളൂരു നേരിട്ടുള്ള റെയില്‍പാത എന്ന ആശയം കേന്ദ്രസര്‍ക്കാരും തത്വത്തില്‍ അംഗീകരിച്ചതിന്റെ തെളിവാണ് എറണാകുളം-ഷൊര്‍ണൂര്‍ മൂന്നാം പാതയെ പിങ്ക് ബുക്കില്‍ ഉള്‍പ്പെടുത്തിയത്. കേരളം ആവശ്യപ്പെടാതെ തന്നെ കേന്ദ്രം ഈ പാതയ്ക്ക് അനുമതി നല്‍കുകയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പദ്ധതികളില്‍ കേന്ദ്രാനുമതി ലഭിച്ച നഞ്ചന്‍കോട്-നിലമ്പൂര്‍ പാതയെ തഴഞ്ഞ് ഇതുവരെ അനുമതി ലഭ്യമാവാത്ത തലശ്ശേരി-മൈസൂര്‍ പാത ഉള്‍പ്പെടുത്തി കേന്ദ്രത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയത്. ഡിഎംആര്‍സി തലശ്ശേരി-മൈസൂരു പാതയുടെ വിശദമായ സാധ്യതാപഠനം നടത്തി പ്രായോഗികമല്ലെന്നു കണ്ടെത്തിയിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഈ റിപോര്‍ട്ട് അംഗീകരിക്കാതെ വീണ്ടും സാധ്യതാ പഠന റിപോര്‍ട്ട് തയ്യാറാക്കി. 2017 ഡിസംബര്‍ 21നാണ് ഇതു സംബന്ധിച്ച കരാര്‍ ഒപ്പിട്ടത്. ഡിസംബര്‍ 30ന് കൊങ്കണ്‍ റെയില്‍വേ റിപോര്‍ട്ട് നല്‍കി. ട്രാഫിക് സര്‍വേയോ ഫീല്‍ഡ് സര്‍വേയോ നടത്താതെ ഗൂഗിള്‍ മാപ്പ് പരിശോധിച്ച് അലൈന്‍മെന്റ് തയ്യാറാക്കുക മാത്രമാണ് കൊങ്കണ്‍ റെയില്‍വേ ചെയ്തത്. മൈസൂരുവില്‍ നിന്ന് 80 കിലോമീറ്റര്‍ ദൂരെയുള്ള പെരിയപട്ടണം വരെയാണ് തലശ്ശേരി-മൈസൂരു പാതയുടെ സര്‍വേ നടത്തിയത്. പെരിയപട്ടണത്തില്‍നിന്ന് തലശ്ശേരിയിലേക്ക് 240 കിലോമീറ്ററാണ് സര്‍വേയില്‍ കണ്ടെത്തിയ ദൂരം. പെരിയപട്ടണത്ത് നിലവില്‍ റെയില്‍പാതയില്ല. മൈസൂരുവില്‍ നിന്നു പെരിയപട്ടണം വഴി മടിക്കേരിയിലേക്ക് പുതിയ പാത സംയുക്ത സംരംഭമായി അനുമതി നല്‍കിയിരുന്നെങ്കിലും സര്‍വേയില്‍ വന്‍ നഷ്ടമായതിനാല്‍ കര്‍ണാടക സര്‍ക്കാര്‍ വേണ്ടെന്നുവച്ചതാണ്. കുടകിന്റെ ജൈവ വൈവിധ്യത്തെയും കാപ്പിത്തോട്ടങ്ങളെയും കാവേരി നദിയുടെ ജലസ്രോതസ്സുകളെയും നശിപ്പിക്കുന്ന തരത്തിലാണ് പാതയുടെ അലൈന്‍മെന്റ് നിശ്ചയിച്ചതെന്നാരോപിച്ച് തലശ്ശേരി പാതയ്‌ക്കെതിരേ കുടകില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്. കണ്‍വീനര്‍ ടി എം റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, പി വേണുഗോപാല്‍, പി വൈ മത്തായി സംസാരിച്ചു.

RELATED STORIES

Share it
Top