നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍ : സര്‍വേ അനുമതിക്കായി കത്ത് നല്‍കാത്തതില്‍ ദുരൂഹതയെന്ന്‌സുല്‍ത്താന്‍ ബത്തേരി: നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ റെയില്‍പാതയുടെ വനത്തിലെ ടണലുകളില്‍ കടന്നുപോവുന്ന ഭാഗത്തിന്റെ സര്‍വേ നടത്താന്‍ അനുമതി ലഭിക്കാനായി കേരള-കര്‍ണാടക വനംവകുപ്പുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഇനിയും കത്തു നല്‍കാത്തതില്‍ ദുരൂഹതയെന്ന് നീലഗിരി-വയനാട് എന്‍എച്ച് ആന്റ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി. ബന്ദിപ്പൂര്‍ വനത്തില്‍ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ റെയില്‍പാതകള്‍ നിരോധിച്ച് ഉത്തരവുള്ളതുകൊണ്ടും കര്‍ണാടക തടസ്സം നില്‍ക്കുന്നതുകൊണ്ടുമാണ് ഡിഎംആര്‍സിക്ക് സര്‍വേക്ക് ആവശ്യമായ തുക നല്‍കാത്തതെന്നാണ് മന്ത്രി ജി സുധാകരന്‍ നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍, വനത്തിലൂടെ കടന്നുപോവുന്ന റെയില്‍പാതകള്‍ സംബന്ധിച്ച നിയമത്തെക്കുറിച്ച് മന്ത്രിയെ ഉദേ്യാഗസ്ഥര്‍ തെറ്റിദ്ധരിപ്പിക്കുകയാണുണ്ടായത്. വന്യജീവി സങ്കേതങ്ങളിലൂടെ റെയില്‍പാതകള്‍ നിര്‍മിക്കാന്‍ തടസ്സമില്ലെന്നു റെയില്‍വേ നിയമത്തില്‍ തന്നെ വ്യക്തമാണ്. റെയില്‍വേ നിയമത്തിലെ ഈ വ്യവസ്ഥയ്ക്ക് പരിസ്ഥിതി സംരക്ഷണനിയമത്തിലെയോ വന്യജീവി സംരക്ഷണ നിയമത്തിലെയോ വനസംരക്ഷണ നിയമത്തിലെയോ വ്യവസ്ഥകള്‍ ബാധകമല്ലെന്ന് 1992ല്‍ കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷനും ഗോവ ഫൗണ്ടേഷനുമായുള്ള കേസില്‍ ബോംബെ ഹൈക്കോടതി വിധിച്ചിരുന്നു. തലശ്ശേരി കേന്ദ്രീകരിച്ച ചില വ്യക്തികളാണ് നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാതയ്ക്ക് നിയമതടസ്സങ്ങളുണ്ടെന്നു രാഷ്ട്രീയ നേതൃത്വത്തെയും ഉദേ്യാഗസ്ഥരെയും തെറ്റിദ്ധരിപ്പിക്കുന്നത്. നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാതയ്ക്ക് തടസ്സങ്ങളുണ്ടാക്കിയും ഡോ. ഇ ശ്രീധരനെയും സര്‍ക്കാരിനെയും തമ്മില്‍ തെറ്റിച്ചും വ്യാജപ്രചാരണങ്ങള്‍ നടത്തിയുമല്ല, തലശ്ശേരി-മൈസൂര്‍ റെയില്‍പാത നടപ്പാക്കാന്‍ ശ്രമിക്കേണ്ടത്. പാതയുടെ വനത്തിലൂടെ കടന്നുപോവുന്ന ഭാഗത്ത് തുരങ്കങ്ങള്‍ നിര്‍മിക്കുന്നതിന് സര്‍വേ നടത്താന്‍ വനത്തില്‍ പ്രവേശിക്കാനുള്ള അനുമതി മാത്രമേ ഈ ഘട്ടത്തില്‍ ലഭിക്കേണ്ടതുള്ളൂ. അതിനുള്ള അപേക്ഷ ഇരുസംസ്ഥാനങ്ങളിലെയും വനംവകുപ്പ് മേധാവികള്‍ക്കു നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം- ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top