നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍ : സര്‍ക്കാര്‍ നടപടി ജനവഞ്ചന - യുഡിഎഫ്കല്‍പ്പറ്റ: നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ റെയില്‍പാതയുടെ സര്‍വേ നടപടികളില്‍ നിന്നു പിന്‍മാറുന്നുവെന്ന ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്റെ പ്രസ്താവന വയനാടന്‍ ജനത ഞെട്ടലോടെയാണ് കേട്ടതെന്നും ഇതിനു വഴിവച്ച ഇടതുസര്‍ക്കാര്‍ നടപടി ജനവഞ്ചനയാണെന്നും യുഡിഎഫ് ജില്ലാ കണ്‍വീനര്‍ പി പി എ കരീം, നിയോജക മണ്ഡലം ചെയര്‍മാന്‍ റസാഖ് കല്‍പ്പറ്റ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കര്‍ണാടക പാതയ്‌ക്കെതിരാണെന്ന വാദവും മന്ത്രി നിയമസഭയില്‍ ചൂണ്ടിക്കാണിച്ച വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനവും തെറ്റാണെന്ന്്് ബോധ്യപ്പെട്ടിട്ടും അനുവദിച്ച പണം പോലും നല്‍കാതെ സര്‍ക്കാര്‍ പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് എന്തിനാണെന്നു മനസ്സിലാവുന്നില്ല. മാര്‍ച്ച് 17ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ ശ്രീധരനും ചീഫ് സെക്രട്ടറിയും ഗതാഗത സെക്രട്ടറിയും അടക്കമുള്ള ഉന്നതോദേ്യാഗസ്ഥര്‍ ബംഗളൂരുവില്‍ കര്‍ണാടക ചീഫ് സെക്രട്ടറിയും വനംവകുപ്പ് ഉദേ്യാഗസ്ഥരുമായി സര്‍വേ സംബന്ധിച്ച് നടത്തിയ ചര്‍ച്ചയില്‍, ബന്ദിപ്പൂര്‍ വനത്തിലൂടെ പാത നിര്‍മിക്കുന്നതിനെതിരായ കര്‍ണാടക വനംവകുപ്പ് ഉദേ്യാഗസ്ഥരുടെ നിലപാടില്‍ ഡോ. ഇ ശ്രീധരന്റെ ഇടപെടലിനെ തുടര്‍ന്ന് മാറ്റമുണ്ടായിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രി ജി സുധാകരന്‍ നിയമസഭയില്‍ ചൂണ്ടിക്കാണിച്ച വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനവും നിയമപരമായി നിലനില്‍ക്കുന്നതല്ല. വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച മാതൃവിജ്ഞാപനപ്രകാരമാണ് എല്ലാ വന്യജീവി സങ്കേതങ്ങളും ജൈവലോല മേഖല പ്രഖ്യാപിച്ച് ചില നിരോധനങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തേണ്ടത്. എന്നാല്‍, ഈ വിജ്ഞാപനപ്രകാരം റെയില്‍വേ നിരോധിക്കാന്‍ സാധിക്കില്ല. കസ്തൂരിരംഗന്‍ കമ്മിറ്റി റിപോര്‍ട്ടിലും ജൈവലോല മേഖലയില്‍ പരിസ്ഥിതി സംരക്ഷണ ഉപാധികളോടെ റെയില്‍പാത നിര്‍മിക്കാമെന്നും പാത പരിസ്ഥിതി സൗഹാര്‍ദ യാത്രാമാര്‍ഗമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിയെ തികഞ്ഞ അലംഭാവത്തോടെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കാണുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

RELATED STORIES

Share it
Top