നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാത : വയനാട്ടില്‍ നാളെ ഹര്‍ത്താല്‍കല്‍പ്പറ്റ: നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ റെയില്‍പാതയോടുള്ള ഇടതു സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് നാളെ വയനാട്ടില്‍ ഹര്‍ത്താലാചരിക്കാന്‍ യുഡിഎഫ് ജില്ലാ കമ്മിറ്റിയും  എന്‍ഡിഎ ജില്ലാ കമ്മിറ്റിയും തീരുമാനിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പത്രം, പാല്‍, ആശുപത്രി, വിവാഹം തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിശദ പദ്ധതി രേഖയ്ക്കുള്ള (ഡിപിആര്‍) അനുമതി ലഭിച്ച പാതയായിട്ടും അനുവദിച്ച പണം നല്‍കാത്ത നടപടി വയനാട്ടിലെ ജനങ്ങളോടുള്ള അവഗണനയും വെല്ലുവിളിയുമാണെന്ന് യുഡിഎഫ് ചെയര്‍മാന്‍ സി പി വര്‍ഗീസ്, കണ്‍വീനര്‍ പി പി എ കരീം എന്നിവര്‍ കുറ്റപ്പെടുത്തി. നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ റെയില്‍പാത അട്ടിമറിക്കാന്‍ ശ്രമിക്കുന്ന തല്‍പരകക്ഷികള്‍ക്ക് പിന്തുണയാവുന്ന വിധം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. നിയമസഭയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തിയ സബ്മിഷന് റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ജി സുധാകരന്‍ നല്‍കിയ മറുപടി ഇതിനു തെളിവാണ്. സര്‍വേക്ക് അനുവദിച്ച പണം പോലും നല്‍കാത്ത നടപടിയില്‍ പ്രതിഷേധിച്ച് ഡിഎംആര്‍സി പദ്ധതിയില്‍ നിന്നു പിന്‍വാങ്ങുകയാണെന്ന് മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ സഹാചര്യത്തിലാണ് ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത്.

RELATED STORIES

Share it
Top