നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാത : കര്‍ണാടകയുടെ നിലപാട് ദുരൂഹമെന്ന് പി വി അന്‍വര്‍ എംഎല്‍എനിലമ്പൂര്‍: നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാതയുടെ സര്‍വേയ്ക്ക് അനുമതി നിഷേധിക്കുന്ന കര്‍ണാടക സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട് ദുരൂഹമാണെന്ന്്് പി വി അന്‍വര്‍ എംഎല്‍എ. വനപ്രദേശളില്‍ ഉപാധികളോടെ റെയില്‍വേ വികസനം നടത്തുന്നതിന് തടസ്സമില്ലെന്നിരിക്കെ വനംവകുപ്പിന്റെ അനുമതിയില്ലാത്തതിനാല്‍ സര്‍വേ അനുവദിക്കാന്‍ കഴിയില്ലെന്നാണ് കര്‍ണാടകയുടെ നിലപാട്. ഇത് അവരുടെ മുന്‍ നിലപാടിന് വിരുദ്ധമാണ്. പെട്ടെന്നുണ്ടായ നിലപാടുമാറ്റത്തിന്റെ കാരണം രാഷ്ട്രീയ ഇടപെടലാണ്. ഇടതു സര്‍ക്കാരന്റെ കാലത്ത് ഈ പാത നിലവില്‍ വന്നാല്‍ അതിന്റെ രാഷ്ട്രീയഗുണം കേരളത്തില്‍ ഇടതുപക്ഷത്തിനു ലഭിക്കും എന്നുള്ളതിനാല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന കര്‍ണാടക സര്‍ക്കാര്‍ പാതയോട് മുഖംതിരിക്കുകയാണ്. ഇതിന്റെ പേരില്‍ സംസ്ഥാനത്ത് യുഡിഎഫ് നടത്തുന്ന മുതലെടുപ്പ് ജനം തിരിച്ചറിയുന്നുണ്ട്. പ്രതിഷേധത്തില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സ്വന്തം പാര്‍ട്ടിക്കാരനായ കര്‍ണാടക മുഖ്യമന്ത്രിയില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യേണ്ടത്. 160 കിലോ മീറ്റര്‍ വരുന്ന നഞ്ചന്‍കോട്-നിലമ്പൂര്‍ പാത ഫലത്തില്‍ ദൂരം കുറഞ്ഞ ബാംഗ്ലൂര്‍-കൊച്ചി പാതയാണ്. കേരളത്തിന്റെ വ്യവസായ വികസനത്തിനും ചരക്കുനീക്കത്തിനും ഈ റെയില്‍പാത അനിവാര്യമാണ്. പാതയുടെ വിശദമായ സര്‍വേയ്ക്കായി ഡിഎംആര്‍സിക്ക് കേരള സര്‍ക്കാര്‍ അനുവദിച്ച ആദ്യഗഡുവായ രണ്ടുകോടി രൂപ കര്‍ണാടകയുടെ നിഷേധ നിലപാട് കാരണം നല്‍കാന്‍ ആകാത്ത സ്ഥിതിയാണ്്. വനപ്രദേശങ്ങളൊഴിവാക്കി പുതിയ അലൈന്‍മെന്റ് തയ്യാറാക്കുക ഇനി പ്രായോഗികമല്ല. പാതയ്ക്ക് പരിസ്ഥിതി പ്രശ്‌നങ്ങളില്ലെന്ന് ഇ ശ്രീധരന്‍ വ്യക്തമാക്കിയതുമാണ്. പാത യാഥാര്‍ത്ഥ്യമാവുമെന്ന പ്രതീക്ഷയയിലായിരുന്ന സംസ്ഥാനത്തെ ജനങ്ങളെ നിരാശരാക്കുന്നതാണ് കര്‍ണാടക സര്‍ക്കാരിന്റെ നടപടിയെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top