നഞ്ചന്‍കോട്-നിലമ്പൂര്‍ പാതയെ തഴഞ്ഞതില്‍ പ്രതിഷേധം

കല്‍പ്പറ്റ: റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയില്‍ നഞ്ചന്‍കോട്-നിലമ്പൂര്‍ പാത മുഖ്യമന്ത്രി പരാമര്‍ശിക്കാതിരുന്നതില്‍ നീലഗിരി-വയനാട് എന്‍എച്ച് ആന്റ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി പ്രതിഷേധിച്ചു. നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാതയ്‌ക്കെതിരേ മുഖ്യമന്ത്രി വൈരാഗ്യബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നത് അപലപനീയമാണ്. കേരളത്തില്‍ ഇനി ഏറ്റെടുക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട വികസന പദ്ധതിയാണ് നഞ്ചന്‍കോട്-നിലമ്പൂര്‍ പാത. വയനാട്ടില്‍ നിന്നു കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യുന്നതു തിരുവനന്തപുരം, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് മുതലായ സ്ഥലങ്ങളിലേക്കാണ്.
ഈ പ്രദേശങ്ങളിലേക്കുള്ള ഏറ്റവും എളുപ്പമാര്‍ഗമെന്ന നിലയില്‍ വയനാട്ടുകാരുടെ പ്രധാന ആവശ്യവും നഞ്ചന്‍കോട്-നിലമ്പൂര്‍ പാതയാണ്. എന്നാല്‍, ചില ഉന്നതരുടെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സംസ്ഥാനത്തിന്റെ സ്വപ്‌നപദ്ധതിയെ സര്‍ക്കാര്‍ ബലികൊടുക്കുകയാണ്. പാത യാഥാര്‍ഥ്യമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ കല്‍പ്പറ്റയില്‍ പൊതുസമ്മേളനത്തില്‍ ഉറപ്പു നല്‍കിയതാണ്. എന്നാല്‍, പിന്നീട് സര്‍ക്കാര്‍ തന്നെ ഈ റെയില്‍പാത അട്ടിമറിക്കുന്നതിന് മുന്‍കൈയെടുക്കുന്നതാണ് കാണുന്നത്. ഡോ. ഇ ശ്രീധരനെ പദ്ധതിയില്‍നിന്ന് പുകച്ച് പുറത്തുചാടിച്ചതും പാതയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി കര്‍ണാടകയുമായും കേന്ദ്ര സര്‍ക്കാരുമായും കത്തിടപാടുകള്‍ നടത്താത്തതും സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ചയാണ്. കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഉപകാരപ്രദമായ നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാത സ്ഥാപിത താല്‍പര്യങ്ങള്‍ക്കു വേണ്ടി അട്ടിമറിക്കുന്നതിനെതിരേ എല്‍ഡിഎഫ് ഇടപെടണമെന്ന് ആക്ഷന്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു.
അഡ്വ. ടി എം റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ. പി വേണുഗോപാല്‍, വി മോഹനന്‍, എം എ അസൈനാര്‍, പി വൈ മത്തായി, ഫാ. ടോണി കോഴിമണ്ണില്‍, കെ കുഞ്ഞിരാമന്‍, ജോസ് കപ്യാര്‍മല, മോഹന്‍ നവരംഗ്, ജോസ് തണ്ണിക്കോട്, നാസര്‍ കാസിം സംസാരിച്ചു.

RELATED STORIES

Share it
Top