നജ്മല്‍ ബാബുവിന്റെ മൃതദേഹത്തോട് കാണിച്ചത് അപരാധം: സുഹൃദ് സംഗമം

കോഴിക്കോട്: മനുഷ്യമനസ്സിനെ കുലുക്കിമറിക്കുന്ന ജാതിബോധങ്ങളില്‍ നിന്നും അന്ധമായ യുക്തിവാദങ്ങളില്‍ നിന്നുമുള്ള വിമോചനമായി ഇസ്‌ലാം സ്വീകരിക്കുക എന്നതാണ് പരിഹാരമെന്നു സാംസ്‌കാരിക പ്രവര്‍ത്തകന്‍ കമല്‍ സി നജ്മല്‍. ഏറ്റവും വലിയ യുക്തിവാദിയും സാമൂഹിക പരിഷ്‌കര്‍ത്താവുമായ പെരിയോര്‍ ഇ വി രാമസ്വാമി നായ്ക്കര്‍ പോലും ഇക്കാര്യം അസന്ദിഗ്ധമായി പ്രഖ്യാപിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അന്തരിച്ച നജ്മല്‍ ബാബു (ടി എന്‍ ജോയി)വിന്റെ മൃതദേഹത്തോട് കേരളീയ പൊതുസമൂഹം കാണിച്ച അപരാധത്തില്‍ പ്രതിഷേധിച്ചും നജ്മല്‍ ബാബുവിനെ അനുസ്മരിച്ചും കോഴിക്കോട് സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം ശരീരത്തോടുള്ള അവകാശം മരണത്തോടെ നഷ്ടപ്പെടാന്‍ പാടില്ലെന്നും സ്വന്തം ഭൗതികശരീരം എങ്ങനെ സംസ്‌കരിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം ഓരോരുത്തര്‍ക്കുമുണ്ടെന്നും സോഷ്യല്‍ ആക്റ്റിവിസ്റ്റ് അംബിക അഭിപ്രായപ്പെട്ടു. നജ്മലിന്റെയും സൈമണ്‍ മാസ്റ്ററുടെയും മരണാനന്തര അവസ്ഥ കണ്ടപ്പോള്‍ സ്വന്തം ശരീരത്തെ മറ്റുള്ളവര്‍ ചവിട്ടിമെതിച്ചതുപോലെയാണ് അനുഭവപ്പെട്ടതെന്ന് അസ്മ നസ്‌റീന്‍ പറഞ്ഞു.
കേഡര്‍ പാര്‍ട്ടിക്കു പകരം ഒരു ജനകീയ പ്രസ്ഥാനത്തിന്റെ സ്വഭാവമാണ് ഇസ്‌ലാമിനെന്നും അതുകൊണ്ട് ഇസ്‌ലാമിലേക്ക് പലവിധേനയും ആളുകള്‍ കടന്നുവരുമെന്നത് സ്വാഭാവികമാണെന്നും ടി മുഹമ്മദ് വേളം പറഞ്ഞു. ടി കെ ആറ്റക്കോയ അധ്യക്ഷത വഹിച്ചു. മൃദുല ഭവാനി, ബി എസ് ബാബുരാജ്, സുദീപ്, വി പ്രഭാകരന്‍, എന്‍ കെ അബ്ദുല്‍ അസീസ്, ടി പി മുഹമ്മദ്, ഇ കെ നൗഫല്‍ സംസാരിച്ചു.

RELATED STORIES

Share it
Top