നജീബ് റസാഖിന്റെ 273 ദശലക്ഷം ഡോളറിന്റെ ആസ്തികള്‍ പിടിച്ചെടുത്തു

ക്വാലാലംപൂര്‍: 1എംഡിബി അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖിന്റെ 273 ദശലക്ഷം ഡോളറിന്റെ ആസ്തികള്‍ പിടിച്ചെടുത്തതായി മലേസ്യന്‍ പോലിസ്.
കറന്‍സി, ആഭരണങ്ങള്‍, വിലപിടിപ്പുള്ള വാച്ചുകള്‍, ഹാന്‍ഡ് ബാഗുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. മലേസ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കണ്ടുകെട്ടലാണിതെന്നും കൊമേഴ്‌സ്യല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ മേധാവി അമര്‍സിങ് അറിയിച്ചു.
28.9 ദശലക്ഷം ഡോളര്‍ മൂല്യമുള്ള, 26 രാജ്യങ്ങളിലെ കറന്‍സികളാണ് പിടിച്ചെടുത്തത്. സെന്‍ട്രല്‍ ബാങ്കില്‍ നിന്നുള്ള 22 ഉദ്യോഗസ്ഥര്‍ ആറു നോെട്ടണ്ണല്‍ യന്ത്രങ്ങളുടെ സഹായത്തോടെ മൂന്നു ദിവസമെടുത്താണ് കറന്‍സികള്‍ എണ്ണിത്തിട്ടപ്പെടുത്തിയതെന്നും അദ്ദേഹം അറിയിച്ചു. 218.6 ദശലക്ഷം ഡോളര്‍ വിലവരുന്ന 12,000 ആഭരണങ്ങള്‍, 19.37 ദശലക്ഷം ഡോളര്‍ വിലവരുന്ന 423 വാച്ചുകള്‍, 567 ഹാന്‍ഡ് ബാഗുകള്‍ എന്നിവ പിടികൂടിയവയില്‍പ്പെടും.
യുഎസിന്റെ സഹായത്തോടെ നടപ്പാക്കുന്ന 1എംഡിബി ഫണ്ടില്‍ നിന്ന് 450 കോടി ഡോളര്‍ നജീബും അനുയായികളും ദുര്‍വിനിയോഗം ചെയ്‌തെന്നാണ് ആരോപണം. മലേസ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നജീബിന്റെ അപ്രതീക്ഷിത പരാജയത്തിനും അഴിമതിക്കേസ് കാരണമായിരുന്നു. 1എംഡിബി അഴിമതിയുടെ പൂര്‍ണ ഉത്തരവാദിത്തം നജീബിനാണെന്നു പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് കഴിഞ്ഞദിവസം അഭിമുഖ—ത്തില്‍ വ്യക്തമാക്കിയിരുന്നു.

RELATED STORIES

Share it
Top