നജീബ് അഹ്മദിന്റെ തിരോധാനം : പോലിസ് പള്ളികളുടെ സഹായം തേടിന്യൂഡല്‍ഹി: കാണാതായ ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹ്മദിനെ കണ്ടെത്താന്‍ ഡല്‍ഹിയിലേയും ഉത്തര്‍പ്രദേശിലേയും പള്ളികളുടെ സഹായം തേടി ഡല്‍ഹി പോലിസ്. പള്ളികളില്‍ പ്രാര്‍ഥനാ നേരങ്ങളില്‍ തുടര്‍ച്ചയായ ഉച്ചഭാഷിണി അറിയിപ്പുകള്‍ നല്‍കുന്നതിലൂടെ നജീബിനെ തേടിയുള്ള അന്വേഷണത്തില്‍ തുമ്പുണ്ടാക്കാന്‍ സാധിക്കുമെന്നാണ് പോലിസിന്റെ പ്രതീക്ഷ. ഒക്ടോബര്‍ 14ന് എബിവിപി പ്രവര്‍ത്തകരുടെ ആക്രമണത്തിനുശേഷമാണ് നജീബിനെ കാണാതാവുന്നത്. ചാന്ദ്‌നിചൗക്കിലെ ഫത്തേപൂര്‍ പള്ളി ഇമാമുമായി കൂടിക്കാഴ്ച നടത്തിയ പോലിസുദ്യോഗസ്ഥര്‍, പ്രാര്‍ഥനാ സമയങ്ങളില്‍ നജീബിനെ കണ്ടെത്താന്‍ സഹായിക്കുന്ന അറിയിപ്പുകള്‍ നല്‍കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്തു. അതേസമയം, തങ്ങള്‍ക്ക് പോലിസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് നജീബിന്റെ കുടുംബം പറഞ്ഞു. നജീബിനെ കണ്ടെത്തുന്നതിനായി പോലിസ് കാര്യമായി ശ്രമിച്ചിട്ടില്ലെന്നും അവര്‍ തങ്ങളെ ഉപദ്രവിക്കുകയാണെന്നും നജീബിന്റെ സഹോദരന്‍ മുജീബ് പറഞ്ഞു. ഹൈക്കോടതിയിലെ വാദത്തിന്റെ തലേദിവസം നജീബിനെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചുകൊണ്ട് ഒരു വ്യാജ ഫോണ്‍ സന്ദേശം വന്നിരുന്നു. ഈ ഫോണ്‍ വിളിയില്‍ ലഭിച്ച തെറ്റായ വിവരങ്ങള്‍ക്ക് പിറകേ പോലിസ് പോവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നജീബിന്റെ മാതാവ് ഫാത്തിമ നഫീസ് തന്റെ മകനെ കണ്ടെത്താനാവശ്യപ്പെട്ട് നല്‍കിയ ഹരജിയുടെ വാദത്തിനിടെ കോടതി പോലിസിന്റെ അന്വേഷണത്തെ നിശിതമായി വിമര്‍ശിച്ചിരുന്നു. അന്വേഷണം നടത്തുന്നവര്‍, രക്ഷപ്പെടാനുള്ള മാര്‍ഗം നോക്കി വളഞ്ഞ് മൂക്ക് പിടിക്കുകയാണെന്നും കോടതി അഭിപ്രായപ്പെട്ടു.

RELATED STORIES

Share it
Top