നജീബിന്റെ തിരോധാനം: അന്വേഷണം അവസാനിപ്പിക്കാന്‍ സിബിഐക്ക് അനുമതി

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹമ്മദിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായ കേസ് അവസാനിപ്പിക്കാന്‍ സിബിഐക്ക് ഹൈക്കോടതി അനുമതി നല്‍കി. കേസ് സിബിഐയില്‍ നിന്നു മാറ്റി പ്രത്യേക സംഘത്തിന് (എസ്‌ഐടി) കൈമാറണമെന്നും കോടതി മേല്‍നോട്ടം വഹിക്കണമെന്നുമുള്ള നജീബിന്റെ ഉമ്മ ഫാത്തിമ നഫീസയുടെ ആവശ്യം കോടതി തള്ളി. ഇക്കാര്യങ്ങള്‍ വിചാരണക്കോടതി മുമ്പാകെ ആവശ്യപ്പെടാമെന്നും ജഡ്ജിമാരായ എസ് മുരളീധര്‍, വിനോദ് ഗോയല്‍ എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ച് അറിയിച്ചു.
2016 ഒക്‌ടോബര്‍ 15നാണ് ജെഎന്‍യുവിലെ ഒന്നാംവര്‍ഷ ബിരുദാനന്തരബിരുദ വിദ്യാര്‍ഥിയായിരുന്ന നജീബിനെ കാണാതായത്. കേസില്‍ യാതൊരു തുമ്പും ലഭിച്ചില്ലെന്ന് ജൂണില്‍ കോടതിയെ സിബിഐ അറിയിച്ചിരുന്നു. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ നജീബിനെ കാണാതായതിനു പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം നടന്നതായി തെളിയിക്കപ്പെട്ടിട്ടില്ല. ആരോപണവിധേയരായ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യാവുന്ന തരത്തിലുള്ള തെളിവുകളോ സൂചനകളോ കിട്ടിയില്ല.
ഇക്കാര്യങ്ങള്‍ അംഗീകരിച്ചാണ് കേസ് അവസാനിപ്പിക്കുന്നതായി അറിയിച്ച് റിപോര്‍ട്ട് നല്‍കാന്‍ കോടതി സിബിഐക്ക് അനുമതി നല്‍കിയത്. കാണാതാവുന്നതിനു തലേദിവസം കാംപസിലെ മെസ്സില്‍ നജീബിനെ എബിവിപി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചിരുന്നു. വലിയ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്കു കാരണമായ ഈ കേസ് കഴിഞ്ഞവര്‍ഷം മേയിലാണ് സിബിഐ ഏറ്റെടുത്തത്.
നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് നജീബിന്റെ ഉമ്മ ഫാത്തിമ നഫീസ പറഞ്ഞു. കേസന്വേഷണഘട്ടത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. നജീബിനെ മര്‍ദിച്ചവരെല്ലാം എബിവിപി പ്രവര്‍ത്തകരാണ്. അവര്‍ക്കു വേണ്ടി ഹാജരായവരെല്ലാം വന്‍തുക ഈടാക്കുന്ന പ്രമുഖ അഭിഭാഷകരുമായിരുന്നു. നജീബ് ഐഎസില്‍ ചേര്‍ന്നുവെന്നത് ഉള്‍പ്പെടെ വാര്‍ത്ത പ്രസിദ്ധീകരിച്ച ചില മാധ്യമങ്ങള്‍ക്കെതിരേ ഫയല്‍ ചെയ്ത കോടതിയലക്ഷ്യക്കേസിലെ രേഖകള്‍ ഡല്‍ഹി പട്യാലാ ഹൗസ് കോടതിയില്‍ നിന്ന് അപ്രത്യക്ഷമായെന്നും ഹൈക്കോടതിയുടെ വിധി ഞെട്ടിക്കുന്നതാണെന്നും ഫാത്തിമ നഫീസ പറഞ്ഞു. ആരോപണവിധേയരായ വിദ്യാര്‍ഥികളെ ചോദ്യം പോലും ചെയ്യാതെയാണ് കേസ് അവസാനിപ്പിക്കുന്നതെന്ന് നജീബിന്റെ മാതാവിന്റെ അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് പറഞ്ഞു.

RELATED STORIES

Share it
Top