നജീബിന്റെ തിരോധാനംകേസന്വേഷണം സിബിഐ അവസാനിപ്പിക്കുന്നു

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു) വിദ്യാര്‍ഥി നജീബ് അഹ്മദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം സിബിഐ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു.
കേസില്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്നും സിബിഐ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കും മുമ്പ് ചില വശങ്ങള്‍ കൂടി പരിശോധിക്കാനുണ്ടെന്നും സിബിഐ വ്യക്തമാക്കി.
കാണാതാവുന്നതിനു മുമ്പ് ആര്‍എസ്എസിന്റെ വിദ്യാര്‍ഥി സംഘടനയായ എബിവിപിയുടെ പ്രവര്‍ത്തകര്‍ നജീബിനു നേര്‍ക്ക് ആക്രമണം നടത്തിയിരുന്നു. നജീബിന്റെ കുടുംബാംഗങ്ങള്‍ തിരോധാനത്തിന് ഉത്തരവാദികളെന്നു പറയുന്ന വിദ്യാര്‍ഥികള്‍ക്കെതിരേ അറസ്റ്റ് ചെയ്യാവുന്ന വിധത്തിലുള്ള സൂചനകള്‍ കിട്ടിയിട്ടില്ലെന്നും സിബിഐ പറയുന്നു. തിരോധാനവുമായി ബന്ധപ്പെട്ട് കുറ്റകൃത്യം നടന്നുവെന്നതിനുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സിബിഐ അവകാശപ്പെടുന്നത്. 2016 ഒക്‌ടോബര്‍ 15നാണ്  നജീബിനെ കാണാതാകുന്നത്.
പ്രതിഷേധങ്ങളുടെ ഫലമായി കഴിഞ്ഞ വര്‍ഷം മെയ് 16നാണ് ഹൈക്കോടതി സിബിഐക്ക് കേസ് കൈമാറിയത്. നജീബിന്റെ മാതാവ് സമര്‍പ്പിച്ച ഹരജിയിലായിരുന്നു നടപടി. നജീബിനെ ആക്രമിച്ചവരെക്കുറിച്ച് ദൃക്‌സാക്ഷികളായ 18 വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയിട്ടും അവരെ ചോദ്യം ചെയ്യാന്‍ പോലും ഡല്‍ഹി പോലിസ് തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് കേസ് സിബിഐയെ ഏല്‍പിച്ചത്.
മകനെ കണ്ടെത്താന്‍ പോലിസിന് നിര്‍ദേശം നല്‍കണമെന്ന നജീബിന്റെ മാതാവ് ഫാത്തിമാ നഫീസയുടെ ഹരജിയാണ് ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം പരിഗണിച്ചത്.
നജീബിനെതിരായ എബിവിപി പ്രവര്‍ത്തകരുടെ ആക്രമണം നേരിട്ടു കണ്ടവരാണ് സംശയമുള്ള ഒമ്പതു വിദ്യാര്‍ഥികളെക്കുറിച്ചുള്ള വിവരം നല്‍കിയതെന്നും എന്നാല്‍ അവരില്‍ നിന്ന് കേസ് സംബന്ധിച്ച് വിവരം തേടിയിട്ടില്ലെന്നും ഫാത്തിമാ നഫീസയ്ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് പറഞ്ഞു.

RELATED STORIES

Share it
Top