നഗരസഭ യോഗം ചേര്‍ന്നു; മാലിന്യം തള്ളുന്നവര്‍ക്കെതിരേ കര്‍ശന നടപടി

കുന്നംകുളം: കുന്നംകുളത്തെ കക്കാട് ജലശ്രോതസ്സുകള്‍ മാലിന്യമുക്തമാകുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി നഗരസഭയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. തിരുത്തിക്കാട് ബണ്ടിലെ മലിനമായ ജലം ഊര്‍ന്നിറങ്ങുന്നത് മൂലം പ്രദേശത്തെ കിണറുകളും കുളങ്ങളും ഉപയോഗ ശൂന്യമാകുന്നത് വിലയിരുത്താനും പ്രശ്‌ന പരിഹാരം ചര്‍ച്ച ചെയ്യുന്നതിനുമായി  ജന പ്രതിനിധികളുടെയും ഉദ്ധ്യോഗസ്ഥരുടേയും സംയുക്ത യോഗം ചേര്‍ന്നത്.നഗരത്തിലെ പ്രധാന ജലസംഭരണിയുടെ ദുരവസ്ഥ പരിഹരിക്കാന്‍ ബണ്ടില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും പ്രദേശ വാസികള്‍ക്ക് ബോധവത്കരണ ക്ലാസുകള്‍ നല്‍കാനും യോഗത്തില്‍ തീരുമാനമായി. കുന്നംകുളം നഗരസഭയുടെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍ വകുപ്പ്, സംസ്ഥാന ആരോഗ്യ വകുപ്പ്, നഗരസഭ ആരോഗ്യ വിഭാഗം എന്നിവയുടെ  സംയുക്ത യോഗത്തിന്റെതാണ് തീരുമാനം. തിരുത്തികാട് ബണ്ടിലേക്ക് പമ്പിംഗ് ആരംഭിച്ചതോടെ പാടശേഖരത്തില്‍ കെട്ടി കിടന്നിരുന്ന മാലിന്യം വെള്ളത്തില്‍ കലരുകയും ഈ ജലം കുളങ്ങളിലേക്കും കിണറുകളിലേക്കും ഊര്‍ന്ന് ഇറങ്ങിയതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. പ്രശ്‌നം രൂക്ഷമായിട്ടും നടപടിയില്ലെന്നാരോപിച്ച് നഗരസഭാ കൌണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍  ബഹളം വെച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അടിയന്തിര യോഗം ചേര്‍ന്നത്.  കുന്നംകുളം മീന്‍ മാര്‍ക്കറ്റില്‍ നിന്നൊഴുക്കി വിടുന്ന അമോണിയ പോലുള്ള മാലിന്യങ്ങളും, ബണ്ടിനുസമീപമുള്ള സ്ഥാപനങ്ങളിലെ മാലിന്യങ്ങളും കൂടിച്ചേര്‍ന്നാണ് ബണ്ടിലെ വെള്ളം മലിനമാകുന്നതെന്നും ഉടന്‍ ഇവ നിര്‍ത്തിവെക്കാന്‍ നടപടിയെടുക്കാനും, മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ രാത്രി കാലങ്ങളില്‍ പോലീസ് പരിശോധന കര്‍ശനമാക്കാന്‍ ആവശ്യപെടാനും യോഗത്തില്‍ തീരുമാനമായി.  ബണ്ടിലെ നെല്‍കൃഷിയുടെ അളവിലുണ്ടായ കുറവാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി എം സുരേഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ സുമ ഗംഗാധരന്‍, എ വി ഷാജി, മിഷ സെബാസ്റ്റ്യന്‍, ഗീതാ ശശി, നഗരസഭ ഹെല്‍ത്ത് സൂപ്രണ്ട് എസ് ലക്ഷ്മണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന്  ജനപ്രതിനിധികളും  ഉദ്യോഗസ്ഥരും പ്രദേശത്ത് സന്ദര്‍ശനം നടത്തി.

RELATED STORIES

Share it
Top