നഗരസഭ മട്ടാഞ്ചേരി സോണല്‍ ഓഫിസില്‍ തീപ്പിടിത്തം

മട്ടാഞ്ചേരി: മട്ടാഞ്ചേരി നഗരസഭ സോണല്‍ ഓഫിസിന്റെ പഴയ കെട്ടിടത്തില്‍ തീപ്പിടിത്തം. ഫയലുകള്‍ കത്തിനശിച്ചു. ഞായറാഴ്ച്ച പകല്‍ 10.20നാണ് സംഭവം. ഫയലുകള്‍ സൂക്ഷിച്ച റൂമിലെ മെയിന്‍ സ്വിച്ചിനോട് ചേര്‍ന്ന് വച്ച ഫയലുകളാണ് കത്തിയത്.  തുറന്ന് കിടന്ന മെയിന്‍ സ്വിച്ചിന്റെ ടെര്‍മിനലില്‍ മുട്ടിക്കിടന്ന ഫയലുകളിലെ പേപ്പറിന് തീപ്പിടിച്ച് പടരുകയായിരുന്നു. നിരവധി ഫയലുകള്‍ പൂര്‍ണമായും ഭാഗികമായും കത്തി നശിച്ചു. പുക പുറത്തേയ്ക്ക് വരുന്നത് ഓഫിസ് അങ്കണത്തിലുണ്ടായിരുന്ന തൊഴിലാളികളാണ് ആദ്യം കണ്ടത്. തുടര്‍ന്ന് ഫയര്‍ അധികൃതര്‍ എത്തി ഡോര്‍ പൊളിച്ചാണ് അകത്ത് കയറിയത്. തീ മറ്റ് റൂമുകളിലേക്ക് പടരുന്നതിന് മുന്നോടിയായി തീ അണച്ചു. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി ആവശ്യപ്പെട്ടു. ഏതൊക്കെ ഫയലുകള്‍ കത്തിനശിച്ചതായി കണ്ടെത്തി കൗണ്‍സിലില്‍ അവതരിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. മട്ടാഞ്ചേരി ഫയര്‍ യൂനിറ്റില്‍ നിന്ന് എത്തിയഅസി. സ്‌റ്റേഷന്‍ ഓഫിസര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ലീഡിങ് ഫയര്‍മാന്മാരായ കെ ടി പ്രഘോഷ്, കെ ബി ജോസ്, ഫയര്‍മാന്‍മാരായ വിനോദ്കുമാര്‍, മനോജ്കുമാര്‍, സുബിന്‍, ജീതു, അനൂപ്, സുരേഷ്, ഫയര്‍മാന്‍ ഡ്രൈവര്‍ ജയ്‌സന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.

RELATED STORIES

Share it
Top