നഗരസഭ കനിഞ്ഞില്ലെങ്കിലും അരയാക്കിതോടിനു പാലമായിവടകര: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലം യാഥാര്‍ഥ്യമാക്കി. നഗരസഭ അധികൃതരുടെ അവഗണന മൂലം ഒരു പ്രദേശത്തുകാര്‍ വര്‍ഷങ്ങളായി അനുഭവിച്ചു വരുന്ന പ്രയാസ്സത്തിന് അറുതിയായി. താഴെ അങ്ങാടി വലിയവളപ്പിലെ അരയാക്കിതോടിന് കുറുകെയായി നടപ്പാലം നിര്‍മിക്കാന്‍ പ്രദേശവാസികള്‍ വര്‍ഷങ്ങളോളം മുനിസിപ്പല്‍ അധികൃതരുടെ പിന്നാലെ നടന്നെങ്കിലും ഫണ്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. നാല്‍പ്പതോളം വീടുകളാണ് പാലത്തിനപ്പുറത്തുള്ളത്. ഒരു തെങ്ങ് പാലത്തിന് കുറുകെയിട്ട് അപകടം പിടിച്ച നിലയിലായിരുന്നു സ്ത്രീകളും, കുട്ടികളും അടക്കമുള്ളവരുടെ യാത്ര. തോടിന്റെ ഇരു ഭാഗങ്ങളിലും കോണ്‍ക്രീറ്റ് തൂണുകളും ആറു മീറ്റര്‍ നീളത്തിലും, നാല് അടി വീതിയിലും ഇരുമ്പ് സ്ലാബും സ്ഥാപിച്ചാണ് പാലം യാഥാര്‍ഥ്യമാക്കിയത്. പ്രദേശത്തെ ജനങ്ങളുടെ ആവശ്യത്തിന് കോണ്‍ഗ്രസ് താഴെ അങ്ങാടി യൂനിറ്റ് താല്‍പ്പര്യമെടുത്തതോടെയാണ് പാലം യാഥാര്‍ഥ്യമായത്. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ പാലം ഉദ്ഘാടനം ചെയ്തു. കെഎംപി ഹാരിസ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എന്‍പിഎം നഫ്‌സല്‍, എംപി അബ്ദുല്ല, മീത്തല്‍ നാസര്‍, മിഖ്ദാദ് തയ്യില്‍, ചിറക്കല്‍ അബൂബക്കര്‍, കെവി അഹമ്മദ്, പെരിങ്ങാടി മുഹമ്മദ്ഹാജി സംസാരിച്ചു.

RELATED STORIES

Share it
Top