നഗരസഭാ സെക്രട്ടറിയോട് വിവരാവകാശ കമ്മീഷന്‍ വിശദീകരണം തേടി

പത്തനംതിട്ട: പത്തനംതിട്ട നഗരസഭയിലെ ലൈസന്‍സ് ഫീസ് ഇനത്തിലും നികുതി ഇനത്തിലും പിരിച്ചെടുക്കാന്‍ അവശേഷിക്കുന്ന തുകയെ സംബന്ധിച്ച് വിവരം ആരാഞ്ഞ അപേക്ഷകന് മറുപടി നല്‍കാതിരിക്കുന്നതുയം വിവരം നല്‍കിയെന്ന് കമ്മീഷന് വ്യാജ സത്യവാങ്മൂലം നല്‍കുകയും ചെയ്ത പത്തനംതിട്ട നഗരസഭാ സെക്രട്ടറിയോട് വിശദീകരണം തേടാന്‍ വിവരാവകാശ കമ്മീഷന്‍ ഉത്തരവ്.
പത്തനംതിട്ട സ്വദേശി സി റഷീദ് ആനപ്പാറ പത്തനംതിട്ട നഗരസഭാ വിവരാവകാശ ഉദ്യോഗസ്ഥനേയും അപ്പീല്‍ അതോറിറ്റി ആയ പത്തനംതിട്ട നഗരസഭാ സെക്രട്ടറിയേയും എതിര്‍കക്ഷിയാക്കി സംസ്ഥാന വിവരാവകാശ കമ്മീഷന് പരാതിയിന്മേലാണ് മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സണ്‍ പോള്‍ളിന്റെ നടപടി. 23.12.2015ല്‍ അപേക്ഷകന്‍ നഗരസഭാ ഓഫിസില്‍ വിവരം തേടി അപേക്ഷ നല്‍കി. എന്നാല്‍ അപേക്ഷകന്‍ ആവശ്യപ്പെട്ട വിവരം ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് വിവരാവകാശ നിയമം 19 (1)ാം വകുപ്പു പ്രകാരം പത്തനംതിട്ട നഗരസഭാ സെക്രട്ടറിക്കു അപ്പീല്‍ നല്‍കി. എന്നാല്‍ അപ്പീലിന്മേലും സെക്രട്ടറി വിവരം നല്‍കിയിരുന്നില്ല.
തുടര്‍ന്ന് അപേക്ഷകന്‍ സംസ്ഥാന വിവരാവകാശ കമ്മീഷന് 19(3) പ്രകാരം അപ്പീല്‍ ഫയല്‍ ചെയ്തിരുന്നു. അപ്പീലിന്മേല്‍ കമ്മീഷന്‍ പത്തനംതിട്ട നഗരസഭാ സെക്രട്ടറിയോട് റിപോര്‍ട്ട് ആവശ്യപ്പെട്ടപ്പോള്‍ അപേക്ഷകന്‍ ആവശ്യപ്പെട്ട വിവരം നല്‍കിയെന്ന് നഗരസഭാ സെക്രട്ടറി വ്യാജ സത്യവാങ്മൂലം കമ്മീഷന് നല്‍കി. എന്നാല്‍ വിചാരണവേളയില്‍ അപേക്ഷകന്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കിയില്ലായെന്ന് കമ്മീഷന് ബോധ്യമായതിനെ തുടര്‍ന്ന് വിവരാവകാശ നിയമം 19(6) പ്രകാരം വിവരാവകാശ നിയമ ലംഘനം നടത്തിയ നഗരസഭാ സെക്രട്ടറിയോട് വിശദീകരണം തേടുവാന്‍ കമ്മീഷന്‍ ഉത്തര വിടുകയായിരുന്നു.

RELATED STORIES

Share it
Top