നഗരസഭാ മാസ്റ്റര്‍ പ്ലാന്‍: 9ന് തെളിവെടുപ്പ് ആരംഭിക്കും; പരാതികള്‍ തീരുന്നില്

ലവടകര: നഗരസഭയുടെ മാസ്റ്റര്‍ പ്ലാനില്‍ പെട്ട ഔട്ടര്‍ റിങ്ങ് റോഡിനെതിരെ നാട്ടുകാരിലുണ്ടായ പ്രതിഷേധം കണക്കിലെടുത്ത് പരാതിക്കാരുടെ വാദം കേള്‍ക്കല്‍ ഒന്‍പതിന് ആരംഭിക്കും.  ഇത് സംബന്ധിച്ച് പരാതിക്കാര്‍ക്ക് കോഴിക്കോട് ടൗ ണ്‍ പ്ലാനിങ്ങില്‍ നിന്നും നഗരസഭാ അധികൃതരില്‍ നിന്നും അറിയിപ്പുകള്‍ ലഭിച്ചു തുടങ്ങി. നോട്ടീസില്‍ പറയുന്ന പ്രകാരം പരാതിക്കാര്‍ക്ക് പല സമയങ്ങളിലായി ഹാജരാകാനാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്.
എന്നാല്‍ മുഴുവന്‍ പരാതിക്കാര്‍ക്കും  അറിയിപ്പുകള്‍ ലഭിച്ചിട്ടുമില്ല.  നഗരസഭാ അധികൃതര്‍ ഹിയറിംഗ് സംബന്ധിച്ച വിവരം പരാതിക്കാര്‍ക്ക്  നേരിട്ട് നല്‍കാതെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ നല്‍കിയവരെ മാത്രം വിളിച്ചു വരുത്തിയാണ് നോട്ടീസുകള്‍ നല്‍കുന്നത്.
9ാം തിയ്യതി ഹാജരാകേണ്ടവര്‍ക്ക് ഇന്നലെ യാണ് അറിയിപ്പ് നല്‍കിയത്.  എന്നാല്‍ ഫോ ണ്‍ നമ്പറുകള്‍ നല്‍കാത്തവര്‍ക്ക് ഇതുവരെ യാതൊരു വിധ അറിയിപ്പുകളും ലഭിച്ചിട്ടില്ല. പരാതിക്കാരുടെ എണ്ണം കുറച്ച് പദ്ധതി നടപ്പിലാക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും ആരോപണമുയര്‍ന്നിരിക്കയാണ്.
ഹിയറിങ് സംബന്ധിച്ച് പത്രങ്ങളില്‍ പോലും യാതൊരു വിധ അറിയിപ്പുകളും നല്‍കിയിട്ടില്ല. 2017 ഒക്ടോബര്‍ മാസമാണ് നഗരസഭ ഗസറ്റ് വിജ്ഞാപന പ്രകാരം കരട് മാസ്റ്റര്‍ പ്ലാന്‍ പ്രസിദ്ധീകരിച്ചത്.
ഇതേ തുടര്‍ന്ന് പുതുപ്പണം അരവിന്ദ് ഘോഷ് റോഡ് മുതല്‍ മേപ്പയില്‍, മാക്കൂല്‍ പീടിക, ട്രെയിനിങ് സ്‌കൂള്‍, പുത്തൂര്‍, അറക്കിലാട് എന്നിവിടങ്ങളിലെല്ലാം തന്നെ വീടും സ്ഥലവും നഷ്ട്ടപെടുന്നവര്‍ ആക്ഷന്‍ കമ്മറ്റികള്‍ രൂപീകരിച്ച് സമര രംഗത്തിറങ്ങിയിരുന്നു. പദ്ധതിക്കെതിരെ നൂറു കണക്കിന് പരാതികളും നഗരസഭയ്ക്ക് ലഭിച്ചു.
ഇതേ തുടര്‍ന്നാണ് പരാതിക്കാരെ വിളിച്ചു വരുത്തി ഹിയറിങ് നടത്താന്‍ നഗരസഭയും, ടൗണ്‍ പ്ലാനിങ്ങും തീരുമാനിച്ചത്. എന്നാല്‍ പരാതിക്കാരെ മുഴുവന്‍ കേള്‍ക്കാന്‍ തയ്യാറാകണമെന്ന് ആവശ്യമുയരുന്നുണ്ട്. മുഴുവന്‍ പേരെയും വിളിച്ചു വരുത്തി ഹിയറിംഗ് നടത്തുന്നില്ലെങ്കില്‍ ശക്തമായ സമരത്തിനും സാധ്യതയേറെയാണ്.

RELATED STORIES

Share it
Top