നഗരസഭാ ബജറ്റ് ഭേദഗതിയോടെ അംഗീകരിച്ചു

വടകര: നഗരസഭാ ബജറ്റ് ഭേദഗതിയോടെ അംഗീകരിച്ചു. ബജറ്റ് ചര്‍ച്ചയ്ക്ക് സിപിഎമ്മിലെ ഇ അരവിന്ദാക്ഷനാണ് തുടക്കം കുറിച്ചത്. സര്‍വ്വ മേഖലയേയും സ്പര്‍ശിച്ച ബജറ്റിനെ സ്വാഗതം ചെയ്ത അരവിന്ദാക്ഷന്‍ നഗരസഭയില്‍ ചിലവുകള്‍ ഭീമമാണെന്നും, വരവുകള്‍ കുറവാണെന്നും വരുമാനം കണ്ടെത്താന്‍ കൂട്ടായി ശ്രമിക്കണമെന്നും അഭിപ്രായപ്പെട്ടു. സഹകരണ പ്രസ്ഥാനങ്ങളുമായി സഹകരിച്ച് ഐ ടി പാര്‍ക്കിനായി സ്ഥലം കണ്ടെത്തണം.
സീറോ വേസ്റ്റ് പദ്ധതിക്കായി ജെ ടി റോഡില്‍ സ്ഥാപിച്ച എംആര്‍എഫ് കേന്ദ്രത്തിനെതിരെ നടക്കുന്ന സമരത്തിന്റെ ഡിമാന്‍ഡ് മാറ്റിയാല്‍ സമരസമിതിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇ അരവിന്ദാക്ഷന്‍ പറഞ്ഞു. എന്നാല്‍ വടകരയിലെ ജനങ്ങളെ നിരാശയിലാക്കുന്ന ബജറ്റാണിതെന്നും പുതിയ പദ്ധതികളില്ലാതെ കഴിഞ്ഞ വര്‍ഷത്തെ തനിയാവര്‍ത്തനമാണെന്നും തുടര്‍ന്ന് സംസാരിച്ച കോണ്‍ഗ്രസ്സ് അംഗം എം പി ഗംഗാധരന്‍ പറഞ്ഞു. കോട്ടപ്പറമ്പ് നവീകരണം പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെന്നും നാരായണ നഗറിലെ ബി.ഒ.ടി
സൂപ്പര്‍ മാര്‍ക്കറ്റ് 2005ല്‍ ഉദ്ഘാടനം ചെയ്‌തെങ്കിലും ഒരു മുറിപോലും കൈമാറാന്‍ കഴിഞ്ഞിട്ടില്ല. ഇതില്‍ നിന്നും ലഭിക്കേണ്ട വരുമാനം അടക്കം ചെയ്താണ് ബജറ്റ് തയ്യാറാക്കിയതെന്നും പാതി വഴിയിലായ നഗരസഭാ ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണത്തിന് ഫണ്ട് വകയിരുത്തിയിട്ടില്ലെന്നും ഭേദഗതിയോടെ ബജറ്റ് അംഗീകരിക്കണമെന്നും ഗംഗാധരന്‍ പറഞ്ഞു. യാഥാര്‍ഥ്യ ബോധത്തോടെ തയ്യാറാക്കിയതാണ് ബജറ്റെന്ന് സി. പി.ഐ അംഗം പി.അശോകന്‍ പറഞ്ഞു. നഗരത്തിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഫണ്ട്
വകയിരുത്തിയ ബജറ്റില്‍ കോട്ടപ്പറമ്പ് നവീകരണത്തിന്റെ ആദ്യഘട്ടം ഈ വര്‍ഷം തന്നെ ആരംഭിക്കാനുള്ള നിര്‍ദേശത്തെ സ്വാഗതം ചെയ്യുകയാണെന്നും അശോകന്‍ പറഞ്ഞു.പുതിയ പ്രഖ്യാപനങ്ങളില്ലാത്ത ബജറ്റാണിതെന്ന് മുസ്ലിം ലീഗിലെ പി.എം.മുസ്തഫ പറഞ്ഞു. വികസന പ്രവര്‍ത്തനത്തിന് കഴിഞ്ഞ വര്‍ഷം അനുവദിച്ച ആറു കോടി രൂപയില്‍ പദ്ധതി നടപ്പിലാക്കാത്തത് കാരണം മൂന്ന് കോടി രൂപ ലാപ്‌സായതായും ഇതിന്റെ പാപ ഭാരം നാം അനുഭവിക്കുകയാണെന്നും പാവപ്പെട്ട ആളുകള്‍ക്ക് ഒരു കട്ടില്‍ പോലും കൊടുക്കാന്‍ ഇതേവരെ കഴിഞ്ഞിട്ടില്ലെന്നും നഗരസഭ അടച്ചു പൂട്ടേണ്ട സമയമായിരിക്കുകയാണെന്നും മുസ്തഫ ആരോപിച്ചു. കുന്തം മുറിച്ച് വടിയാക്കിയത്
പോലെ വ്യക്തമായ കാഴ്ചപ്പാടില്ലാതെയാണ് സ്‌റ്റേഡിയം നിര്‍മ്മിച്ചതെന്നും ബജറ്റ് തിരിച്ചയച്ച് മാറ്റങ്ങളോടെ പാസ്സാക്കണമെന്നും മുസ്തഫ ആവശ്യപ്പെട്ടു. പദ്ധതികള്‍ വാര്‍ഡുകള്‍ക്ക് നല്‍കുന്നതില്‍ ഏക പക്ഷീയ നടപടി സ്വീകരിക്കുന്നതായും മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമാണ് ഈ ബജറ്റെന്നും ജനതാദള്‍(യു)അംഗം കെ കെ രാജീവന്‍ പറഞ്ഞു.
എന്നാല്‍ സീറോ വേസ്റ്റ് പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ക്കെതിരെ രോഷാകുലനായിട്ടാണ് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.ഗിരീശന്‍ രംഗത്തെത്തിയത്. വളരെ ഗുണപ്രദമായ പദ്ധതിക്ക് തുരങ്കം വെക്കാനാണ് ജില്ലാ കലക്ടര്‍ ശ്രമിച്ചതെന്നും എംആര്‍എഫ് കേന്ദ്രം മാറ്റാന്‍ ഉത്തരവിറക്കിയതുമായി ബന്ധപ്പെട്ട് ഗിരീശന്‍ പറഞ്ഞു.
എന്നാല്‍ പ്രതിപക്ഷത്തെ അധിക്ഷേപിക്കുന്ന രീതിയില്‍ എം.ആര്‍.എഫ് കേന്ദ്രത്തിനെതിരെയുള്ള ചില പിന്തിരിപ്പന്‍ ശക്തികളുടെ മുഖം തിരിച്ചുള്ള സമീപനം എന്ന് ബജറ്റില്‍ ഉള്‍പ്പെടുത്തിയത് പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ്സ് അംഗം എം.സുരേഷ്ബാബു ആവശ്യപ്പെട്ടു. ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് റീനാജയരാജ്, വി.ഗോപാലന്‍, പി കെ ജലാല്‍, വ്യാസന്‍ പുതിയ പുരയില്‍, പി സഫിയ തുടങ്ങിയവര്‍ സംസാരിച്ചു. ചര്‍ച്ചയ്ക്ക് ചെയര്‍മാന്‍ കെ ശ്രീധരന്‍ മറുപടി നല്‍കി.

RELATED STORIES

Share it
Top