നഗരസഭാ പട്ടികയില്‍ അവ്യക്തത; അംഗീകാരം നീട്ടി

പാലക്കാട്: ലൈഫ് മിഷന്‍ പദ്ധതിയോടനുബന്ധിച്ച് നഗരസഭ തയ്യാറാക്കിയ പട്ടികയില്‍ അവ്യക്തത. ഇതേ തുടര്‍ന്ന് ഇന്നലെ ചേര്‍ന്ന അടിയന്തര കൗണ്‍സില്‍ യോഗം പട്ടിക അംഗീകരിക്കല്‍ നീട്ടിവച്ചു. ഗുണഭോക്താക്കളെ പൂര്‍ണമായും ഉള്‍പ്പെടുത്താതെയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നതെന്ന് കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ അറിയിച്ചു. അനര്‍ഹരെ ഒഴിവാക്കി അര്‍ഹരെ ഉള്‍പ്പെടുത്താനുള്ള പുനപ്പരിശോധന സമയത്തിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം നീട്ടിയത്. എന്നാല്‍ ഡിസംബര്‍ 31ന് മുമ്പായി പട്ടിക അംഗീകരിക്കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. വാര്‍ഡ് സഭകളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. വാര്‍ഡ് സഭകള്‍ സിപിഎം പാര്‍ട്ടി ഓഫിസിലും കൗണ്‍സിലര്‍മാരുടെ വീടുകളിലും നടത്തിയതിനെ ചൊല്ലി യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ വാക്കേറ്റമുണ്ടായി. 52 വാര്‍ഡുകളില്‍ നിന്നായി 5000ത്തോളം അപേക്ഷകളാണ് കിട്ടിയിട്ടുള്ളത്. എന്നാല്‍ ഇതിനുവേണ്ട ഫണ്ട് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും അല്ലെങ്കില്‍ വെറും സ്വപ്‌ന പദ്ധതിയായി ഇതുമാറുമെന്നും വൈസ് ചെയര്‍മാന്‍ സി കൃഷ്ണകുമാര്‍ പറഞ്ഞു. നഗരസഭയുടെ പുറംപോക്ക് സ്ഥലം പദ്ധതിക്കായി വിനിയോഗിക്കണമെന്ന് കൗണ്‍സിലര്‍ പി ആര്‍ സുജാത പറഞ്ഞു. അര്‍ഹമായ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ പട്ടിക തയ്യാറാക്കണമെന്നും യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ ഉന്നയിച്ചു.

RELATED STORIES

Share it
Top