നഗരസഭാ ടൗണ്‍ഹാളിന്റെ സീലിങ്അടര്‍ന്നുവീണ സംഭവം:അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം

കുന്നംകുളം: മാസങ്ങള്‍ക്ക് മു ന്‍പ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ നഗരസഭാ ടൗണ്‍ഹാളിന്റെ സീലിംഗ് അടര്‍ന്നു വീണത് അന്വേഷിക്കണമെന്ന് കൌണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. മാസങ്ങള്‍ക്ക് മുന്‍പാണ് ഒന്നര കോടി രൂപയോളം ചിലവിട്ട് ടൗണ്‍ഹാള്‍ നവീകരിച്ചത്. എന്നാല്‍ ദിവസങ്ങള്‍ക്കു മുന്‍പ് നടന്ന ഒരു കല്യാണ വിരുന്നിനിടെ സീലിങ്ങിന്റെ ഒരുഭാഗം തകര്‍ന്ന് വീഴുകയായിരുന്നു എന്ന് കോണ്‍ഗ്രസ്സിലെ  ബിജു സി ബേബി ആരോപിച്ചു. തുടര്‍ന്ന് നഗരസഭാ മരാമത്ത് വകുപ്പിനോട് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ചെയര്‍പേഴ്‌സന്‍ ആവശ്യപ്പെട്ടു. സ്വന്തമായി വീടില്ലാത്തവര്‍ക്ക് വീട് വെച്ചുനല്‍കുന്ന സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി ഗുണഭോക്താക്കള്‍ക്ക് പാര്‍പ്പിട സമുച്ചയം നിര്‍മിക്കുന്നതിന് നഗരസഭയില്‍ സ്ഥലം കണ്ടെത്തുന്നതിന് സബ് കമ്മിറ്റിയെ നിയമിക്കാനും യോഗം തീരുമാനിച്ചു. തൃശൂര്‍ റോഡില്‍ നിന്നും നഗരസഭാ റോഡിലേക്ക് തിരിയുന്ന ജംഗ്ഷന് മുനിസിപ്പല്‍ ജംഗ്ഷന്‍ എന്ന് നാമകരണം ചെയ്യാനും യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ സീതാ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി എം സുരേഷ്, ഷാജി ആലിക്കല്‍, കെ കെ മുരളി, ഗീതാ ശശി, സോമന്‍ ചെറുകുന്ന്, പി ഐ തോമസ്, ശ്രീജിത്ത് തെക്കേപുറം സംസാരിച്ചു.

RELATED STORIES

Share it
Top