നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ വാക്കേറ്റവും ബഹളവും

ചാലക്കുടി: നഗരസഭ കൗണ്‍സില്‍ യോഗം വാക്കേറ്റത്തിലും ബഹളത്തിലും അവസാനം പ്രതിപക്ഷത്തിന്റെ ഇറങ്ങിപോക്കിലും കലാശിച്ചു. കൗണ്‍സി ല്‍ പൂര്‍ത്തീയാക്കതെ പ്രതിപക്ഷം യോഗം വിട്ടിറങ്ങി. 2018-19 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട് വര്‍ക്കിംഗ് ഗ്രൂപ്പ് നിര്‍ദേശങ്ങളും വാര്‍ഡ്‌സഭ കരട് നിര്‍ദേശങ്ങളും അംഗീകരിക്കാനായി ചേര്‍ന്ന യോഗമാണ് പട്ടികജാതി വിനിയോഗം സംബന്ധിച്ച് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ കലാശിച്ചത്.
21-ാം വാര്‍ഡില്‍ പട്ടികജാതി ഫണ്ടുപയോഗിച്ച് ട്യൂഷന്‍ സെന്റര്‍ നിര്‍മ്മിച്ച വിഷയം ഷിബു വാലപ്പന്‍ ഉന്നയിച്ചതോടെയാണ് തര്‍ക്കത്തിന് വഴിതെളിച്ചത്. പട്ടികജാതി കോളനിയിലല്ല നിര്‍മ്മാണം നടത്തിയിട്ടുള്ളതെന്നും ഇതിന് അനുമതി കൊടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
എന്നാല്‍ ഫീസിബിലിറ്റി നല്‍കിയത് നഗരസഭ ഉദ്യോഗസ്ഥനല്ലെന്നും അതുകൊണ്ട് നഗരസഭ അന്വേഷണം നടത്തേണ്ടതില്ലെന്നും ഫീസിബിലിറ്റി കൊടുത്തതില്‍ അക്ഷേപമുള്ളവര്‍ക്ക് ഇത് നല്‍കിയ ഉദ്യോഗസ്ഥനെതിരെ നേരിട്ട് പരാതി നല്‍കാമെന്നും വൈസ് ചെയര്‍മാന്‍ അറിയിച്ചു. ഇത് സംബന്ധിച്ച തര്‍ക്കം ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റത്തിന് ഇടനല്‍കി. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഒരു പ്രത്യേക ഭാഗത്തേക്ക് മാത്രമാണ് പട്ടികജാതി ഫണ്ട് വിനിയോഗിച്ചിരുന്നതെന്നും ഈ ഭരണസമിതി അതിന് വിപരീതമായി എല്ലാ പട്ടികകജാതി കോളനികള്‍ക്കും ഉപയോഗപ്രദമായ രീതയിലാണ് ഫണ്ട് വിഭജിച്ച് നല്‍കുന്നതെന്നും ഭരണപക്ഷം അറിയിച്ചു.
ഇതിനെ എതിര്‍ത്ത് പ്രതിപക്ഷ നേതാവ് വി ഒ പൈലപ്പന്‍ രംഗത്തെത്തിയതോടെ കൗണ്‍സില്‍ ബഹളമയമായി മാറി. ഭരണപക്ഷത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ബഹളത്തിനൊടുവില്‍ പ്രതിപക്ഷം ഇറങ്ങി പോവുകയായിരുന്നു. തുടര്‍ന്ന് വാര്‍ഡ് സഭ നിര്‍ദേശങ്ങളും കരട് നിര്‍ദേശങ്ങളും അംഗീകരിച്ചതായും മാര്‍ച്ച് 9ന് രാവിലെ 10ന് ജൂബിലി ഹാളില്‍ വികസന സെമിനാര്‍ നടത്തുമെന്നും അറിയിച്ച് ചെയര്‍പേഴ്‌സണ്‍ യോഗം പിരിച്ചുവിട്ടു. ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
വൈസ് ചെയര്‍മാന്‍ വില്‍സന്‍ പാണാട്ടുപറമ്പില്‍, പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ പി എം ശ്രീധരന്‍, പ്രതിപക്ഷ നേതാവ് വി ഒ പൈലപ്പന്‍, യു വി മാര്‍ട്ടിന്‍, വി ജെ ജോജി, ഷിബു വാലപ്പന്‍, കെ വിപോള്‍, ബിജു എസ് ചിറയത്ത്, ആലീസ് ഷിബു, മേരി നളന്‍, സരള നീലങ്കാട്ടില്‍ സംസാരിച്ചു.

RELATED STORIES

Share it
Top