നഗരസഭാ കൗണ്‍സില്‍ യോഗങ്ങള്‍ പ്രഹസനമാവുന്നതായി പ്രതിപക്ഷം

വടകര : നഗരസഭ കൗണ്‍സില്‍ യോഗങ്ങള്‍ക്കെതിരെ പ്രതിപക്ഷം രംഗത്ത്. അടിയന്തിരമായുള്ള യോഗം ഒരു ദിവസം മുമ്പും, സാധാരണയായും വിളിച്ചു ചേര്‍ക്കേണ്ട കൗണ്‍സില്‍ യോഗം മൂന്ന് ദിവസം മുമ്പാണ് അറിയിക്കേണ്ടത്. എന്നാല്‍ ഇത് അറിയിക്കുന്നതില്‍ വ്യക്തതയില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മാത്രമല്ല കൗണ്‍സില്‍ തീരുമാനങ്ങള്‍ നല്‍കുന്നത് സംബന്ധിച്ചും വ്യാപക പരാതി ഉയര്‍ന്നിരിക്കുകയാണ്. ഇന്നലെ നടന്ന അടിയന്തിര കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് പ്രതിപക്ഷം ഭരണപക്ഷത്തിന്റെ ഇത്തരം കെടുകാര്യസ്ഥത ചൂണ്ടിക്കാണിച്ചത്.
കഴിഞ്ഞ ആഗസ്ത് 8ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ക്ഷേമ പെന്‍ഷനില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള പുതിയ ഉത്തരവ് ഭേദഗതി ചെയ്യാനായി ഐക്യഖണ്‌ഠേന പ്രമേയം പാസ്സാക്കിയിരുന്നു.എന്നാല്‍ ഇതുവരെ ഈ പ്രമേയം സംസ്ഥാന സര്‍ക്കാരിലേക്ക് അയക്കാന്‍ ഭരണപക്ഷം തയ്യാറായിട്ടില്ല. വീടുകളുടെ വിസ്തൃതി 1200 സ്‌ക്വയര്‍ ഫീറ്റില്‍ നിന്ന് 1500 ആക്കണമെന്നാവശ്യപ്പെട്ടായിരുന്നു നഗരസഭ കൗണ്‍സില്‍ ഐക്യഖണ്‌ഠേന പ്രമേയം പാസാക്കിയത്. പുതിയ ഉത്തരവില്‍ 1200 സ്‌ക്വയര്‍ ഫീറ്റില്‍ കൂടുതലുള്ള വീടുകളില്‍ താമസിക്കുന്നവര്‍ക്ക് പെന്‍ഷന്‍ നല്‍കരുതെന്നാണ് തീരുമാനം.
തീരദേശത്ത് താമസിക്കുന്ന പലരും കൂട്ടുകുടംബമായിട്ടാണ് കഴിയുന്നതിനാല്‍ പല വിടീകളും ഈ മാനദണ്ഡത്തിലൂടെ പുറത്താവുമെന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.എന്നാല്‍ ഇത് സംസ്ഥാന സര്‍ക്കാരിലേക്ക് അയക്കാത്തത് ചില തല്‍പരകക്ഷികളുടെ ഇടപെടല്‍ മൂലമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
തെരുവ് വിളക്ക് കത്തിക്കുന്നതില്‍ പ്രതിപക്ഷം ഉന്നയിച്ച പല കാര്യങ്ങളും ഭരണപക്ഷം പാടെ തള്ളിക്കളയുന്ന സ്ഥിതിയാണ്. വടകര നഗരത്തിലെ പല സ്ഥലങ്ങളിലും തെരുവ് വിളക്ക് കത്താത്തതിനാല്‍ രാത്രികാലങ്ങളില്‍ ഇരുട്ടിലാണ്. ഈ പരാതി പല യോഗങ്ങളിലും പ്രതിപക്ഷം ഉന്നയിക്കാറുണ്ടെങ്കിലും വ്യക്തമായ തീരുമാനം നല്‍കാന്‍ ചെയര്‍മാന് കഴിഞ്ഞിട്ടില്ല. കരാറുകാരന്റെ കാലാവധി കഴിഞ്ഞതാണെന്നും, മുമ്പ് കൗണ്‍സില്‍ നീട്ടിക്കൊടുത്ത മാസങ്ങളിലും തുക നല്‍കാത്തതുമാണ് പ്രവൃത്തി നിലച്ചിരിക്കുന്നത്. ഈ പ്രശ്‌നത്തിന് ഉടന്‍ തന്നെ പരിഹാരം കാണുമെന്ന് ചെയര്‍മാന്‍ പറയുന്നുണ്ടെങ്കിലും കരാറുകാരനോട് ചോദിക്കുമ്പോള്‍ തനിക്ക് ലഭിക്കാനുള്ള പണം ലഭിക്കാതെ പ്രവൃത്തി നടത്തില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഏകദേശം എട്ട് ലക്ഷത്തോളം രൂപയാണ് കരാറുകാരന് നിലവില്‍ ലഭിക്കാനുള്ളത്.
ഇത് നല്‍കുന്നത് സംബന്ധിച്ച് ഇനിയും തീരുമാനമായിട്ടില്ല. പുതിയ പ്രവൃത്തികള്‍ ചെയ്യാനായി ഈ മാസം അവസാനത്തോടെ പുതിയ ടെണ്ടര്‍ വിളിക്കാനാണ് നഗരസഭയുടെ തീരുമാനം. തെരുവ് വിളക്കുകളുടെ പ്രവൃത്തികള്‍ ചെയ്യുന്നത് നഗരസഭയുടെ തനത് ഫണ്ടില്‍ നിന്നാണ് ചെയ്യാറുള്ളത്. വടകര നഗരസഭയില്‍ പ്ലാന്‍ ഫണ്ടില്‍ നിന്നാണ് ചെയ്യാറുള്ളത്. കരാറുകാരന്റെ ടെണ്ടര്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് തീര്‍ന്നതാണ്. എന്നാല്‍ തുടര്‍ ടെണ്ടറില്‍ ചെയ്യുന്നതില്‍ എഞ്ചിനീയറിംഗ് സെക്ഷനിലെ ഉദ്യോഗസ്ഥരാണ് വീഴ്ച വരുത്തിയത്. ഇത്രയും വലിയ കെടുകാര്യസ്ഥത നഗരസഭയില്‍ നടന്നിട്ട് എന്തിന്റെ പേരിലാണ് പ്രവൃത്തി ഉടന്‍ നടത്തുമെന്ന് പറഞ്ഞ് ചെയര്‍മാന്‍ പ്രതിപക്ഷത്തെ കബളിപ്പുക്കുന്നതെന്നും പ്രതിപക്ഷം ചോദിക്കുന്നു. മുമ്പ് എംആര്‍എഫ് കേന്ദ്രം സംബന്ധിച്ച് ഉണ്ടായ വലിയ പ്രശ്‌നത്തെ തുടര്‍ന്ന് നഗരസഭ കൗണ്‍സില്‍ യോഗ തീരുമാനങ്ങള്‍ പ്രതിപക്ഷത്തിന് നല്‍കണമെന്ന് തീരുമാനിച്ചിരുന്നു.
നിലവില്‍ പല ബാലിശമായ കാരണങ്ങള്‍ പറഞ്ഞും തീരുമാനങ്ങള്‍ നല്‍കുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. തീരുമാനങ്ങള്‍ അറിയാതാവുന്നതോടെ പല കാര്യങ്ങളും നടപ്പിലാക്കുമ്പോഴാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് വരുന്നത്. ഇത് കാരണമാണ് കൗണ്‍സില്‍ തീരുമാനങ്ങള്‍ വേഗം നല്‍കണമെന്ന് തീരുമാനിച്ചിരുന്നത്.

RELATED STORIES

Share it
Top