നഗരസഭാധ്യക്ഷ ഓടിച്ച മണ്ണുമാന്തിയന്ത്രം തട്ടി കൗണ്‍സിലര്‍ക്കു പരിക്ക്‌

കെ വിജയന്‍ മേനോന്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയിലെ അമൃത് പദ്ധതിയുടെ ഭാഗമായുള്ള ഡെബ്ബിള്‍ സര്‍ക്യൂട്ട് ഡ്രൈനേജ് ആന്റ് ഫുട്ട്പാത്ത് ഉദ്ഘാടന ചടങ്ങിനിടെ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി. കെ ശാന്തകുമാരി ഓടിച്ച മണ്ണുമാന്തിയന്ത്രം നിയന്ത്രണംവിട്ട് ദേഹത്തുതട്ടി നഗരസഭ കൗണ്‍സിലര്‍ക്ക് കൈക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്നലെ രാവിലെയാണ് സംഭവം. ഗുരുവായൂര്‍ നഗരസഭയിലെ അഞ്ചാം വാര്‍ഡ് കൗണ്‍സിലര്‍ സവിതാസുനിക്കാണ് കൈക്ക് പരിക്കേറ്റത്. പരിക്കേറ്റ കൗണ്‍സിലറെ മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷനല്‍കി വിട്ടയച്ചു. പരിക്കേറ്റ കൗണ്‍സിലര്‍ ഇടതുപക്ഷം ഭരിക്കുന്ന ഗുരുവായൂര്‍ നഗരസഭയിലെ ഇടതുപക്ഷ അംഗമായതുകൊണ്ട്, അവര്‍ പോലിസില്‍ പരാതി നല്‍കിയിട്ടില്ല. പ്രശ്‌നം ഒതുക്കിതീര്‍ക്കാനുള്ള തീവ്രശ്രമത്തില്‍ ഇടതുപക്ഷം നെട്ടോട്ടമോടുമ്പോ ള്‍, പ്രശ്‌നം ഗുരുതരമാണെന്ന് കാണിച്ചും, നിയമവിരുദ്ധമായി ചെയര്‍പേഴ്‌സണ്‍ ജെ സി ബി ഓടിച്ച് അപകടം വരുത്തിയതില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗുരുവായൂര്‍ നഗരസഭയിലെ മുന്‍ പ്രതിപക്ഷ നേതാവും, കോണ്‍ഗ്രസ്സ് കൗണ്‍സിലറുമായ ആന്റോതോമസ് ഗുരുവായൂര്‍ ടെമ്പിള്‍ സി.ഐക്ക് രേഖാമൂലം പരാതി നല്‍കി.
നിയന്ത്രണംവിട്ട ജെ സി ബി സമീപത്തെ മതിലിലും, ഫുട്ട്പാത്തിലെ കൈവരികളിലുമിടിച്ചും നില്‍ക്കുന്നതിനിടയില്‍പ്പെട്ട കൗണ്‍സിലര്‍ക്കാണ് കൈക്ക് പരിക്കേറ്റത്. ലൈസന്‍സില്ലാതെ ജെസിബി ഓടിച്ചതിന് ചെയര്‍പേഴ്‌സണെതിരെ നടപടിക്ക് സാധ്യത തെളിഞ്ഞതിനാ ല്‍, പ്രശ്‌നം ഒതുക്കി തീര്‍ക്കാനുള്ള ശ്രമത്തിനിടയിലാണ് പരിക്കേറ്റ കൗണ്‍സിലര്‍ പരാതിയുമായി പോലി സിനെ സമീപിക്കാത്തതെന്ന് കോണ്‍ഗ്രസ്സ് മണ്ഡലം കമ്മറ്റി പ്രസിഡണ്ട് ബാലന്‍ വാറണാട്ട് ആരോപിച്ചു. കുറ്റകരമായ ആനാസ്ഥകാണിച്ച ഗുരുവായൂര്‍ നഗരസഭ ഭരണത്തിനെതിരേ ശക്തമായ പ്രക്ഷോപത്തിനൊരുങ്ങുകയാണ് ഗുരുവായൂര്‍ കോണ്‍ഗ്രസ്സ് മണ്ഡലം കമ്മറ്റിയും, യൂത്ത് കോണ്‍ഗ്രസ്സും.

RELATED STORIES

Share it
Top