നഗരസഭയുടെ മാലിന്യം തള്ളുന്നത് കോടതിവളപ്പില്‍

പെരുമ്പാവൂര്‍: നഗരസഭയുടെ മാലിന്യം  തള്ളുന്നത് കോടതിവളപ്പില്‍. ലോഡ് കണക്കിന് മാലിന്യമാണ് ലൈബ്രറിക്കടുത്ത് താല്‍ക്കാലികമായി  പ്രവര്‍ത്തിക്കുന്ന കോടതി പരിസരത്ത് നഗരസഭ തള്ളിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യമടങ്ങിയ മണ്ണ് നഗരസഭയുടെ ഉടമസ്ഥതയിലുള്ള ലോറിയില്‍ കൊണ്ട് വന്ന് തള്ളുകയാണ്. പുതിയ കോടതി സമുച്ചയത്തിന്റെ പണികള്‍ ഇനിയും തീരാനുള്ളതിനാല്‍ മജിസ്‌ട്രേറ്റ്, സിവില്‍ കോടതികള്‍ നിലവില്‍ ലൈബ്രറി റോഡിലെ പഴയ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മഴക്കാലമായതിനാല്‍ മാലിന്യത്തില്‍ നിന്ന് വെള്ളം നടപ്പാതയിലേക്ക് ഒലിച്ചിറങ്ങുകയാണ്. പറമ്പ് നിറയെ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നതിനാല്‍ അഴുക്ക് വെള്ളം കെട്ടികിടക്കുകയാണ്. നിരവധി ആളുകള്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ഇതിലെ സഞ്ചരിക്കുന്നുണ്ട്. രാത്രിയിലും അവധി ദിനങ്ങളിലുമാണ് മാലിന്യം തള്ളുന്നത്. നഗരസഭയുടെ പാഴ്‌വസ്തുശേഖര യൂനിറ്റ് പ്രവര്‍ത്തിക്കുന്നത് ഇതിന് തൊട്ടടുത്താണ്. 100 കണക്കിന് ചാക്ക് പ്ലാസ്റ്റിക് വേസ്റ്റ് ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന തരത്തിലാണ് മാലിന്യം കെട്ടിടത്തിന് പുറത്തെ ഷെഡില്‍ സൂക്ഷിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് പാഴ് വസ്തുക്കള്‍ വീടുകളില്‍ നിന്ന് ശേഖരിച്ച് യൂനിറ്റില്‍ പൊടിച്ച് കയറ്റി വിടുകയായിരുന്നു പതിവ്. എന്നാല്‍ യന്ത്രം തകരാറിലായതിനാല്‍ ഇപ്പോള്‍ പൊടിക്കുന്നില്ല. കോടതി കൂടാതെ ലൈബ്രറി, ബഡ്‌സ് സ്‌കൂള്‍, അങ്കണവാടി എന്നിവ പ്രവര്‍ത്തിക്കുന്നതിന് സമീപമാണ് മാലിന്യം തള്ളുന്നതും ശേഖരിക്കുന്നതും. മാത്രമല്ല  പെരുമ്പാവൂര്‍ ഒന്‍പത്മുറിയില്‍ വില്ലേജ് ഓഫിസിന് പുറക് വശത്ത് സ്വകാര്യവ്യക്തി പ്ലാസ്റ്റിക്, ഖരമാലിന്യം തള്ളിയതിനെതിരേ നാട്ടുകാര്‍ പരാതി പ്പെടുകയും നഗരസഭ ആരോഗ്യവിഭാഗം കെട്ടിടയുടമയ്ക്ക് നോട്ടീസ് നല്‍കിയെങ്കിലും പരിഹാരമായില്ല.  പെരുമ്പാവൂര്‍ മഞ്ജൂ സില്‍ക്ക് ഹൗസിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തും ഇതുപോലെ  മാലിന്യം കെട്ടിക്കിടക്കുകയാന്ന്. നഗരസഭയുടെ ആരോഗ്യവിഭാഗം ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. കാലകാലങ്ങളില്‍ മാറിമാറി വന്ന ഭരണ സമിതികള്‍ മാലിന്യ സംസ്‌ക്കരണത്തിന് നിരവധി പദ്ധതികള്‍ വിഭാവനം ചെയ്‌തെങ്കിലും പരിഹാരമുണ്ടാവുന്നില്ല. മാലിന്യം നിക്ഷേപിക്കാന്‍ മാത്രം ഏക്കര്‍ കണക്കിന് സ്ഥലങ്ങള്‍ മുന്‍ ഭരണ സമിതികള്‍ വാങ്ങിക്കൂട്ടി. ജനവാസ കേന്ദ്രങ്ങള്‍ക്ക് സമീപമായതിനാല്‍ സ്ഥലങ്ങള്‍ വെറുതെ കിടക്കുന്നു. ഈ ഭരണസമിതി ആലപ്പുഴ തുമ്പൂര്‍മുഴി സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിട്ടു. പഠനവും പരീക്ഷണങ്ങള്‍ക്കും ശേഷം നഗരത്തില്‍ സ്ഥാപിക്കാന്‍ ഒരുങ്ങിയതോടെ പ്രതിഷേധം മൂലം അതും തടസ്സപ്പെട്ടു. മാലിന്യം മൂലം പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പലരും രോഗികളാവുകയും ഒരു കുട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ട സാഹചര്യമുണ്ടായിട്ടും മാലിന്യ സംസ്‌ക്കരണ സംവിധാനത്തിന് ശാശ്വത പരിഹാരമില്ലാത്തത് ജനങ്ങളെ ഭീതിയിലാക്കുന്നു.

RELATED STORIES

Share it
Top