നഗരസഭയുടെ ഭൂമി തിരിച്ചുപിടിക്കാന്‍ നടപടിയില്ല; പ്രതിപക്ഷം കോടതിയിലേക്ക്

മാനന്തവാടി: വര്‍ഷങ്ങള്‍ക്കു മുമ്പ് പഞ്ചായത്തിന് കൈമാറിയ ഭൂമി സ്വാശ്രയസംഘം കൈയേറിയിട്ടും തിരിച്ചുപിടിക്കാന്‍ നഗരസഭയ്ക്ക് വൈമനസ്യം. മാനന്തവാടി എരുമത്തെരുവ് റോഡില്‍ ക്ഷീരസംഘം റോഡിലേക്ക് തിരിയുന്നതിന് എതിര്‍വശത്തെ സര്‍വേ നമ്പര്‍ 359ല്‍പെട്ട ഒരു സെന്റ് സ്ഥലമാണ് അന്യാധീനപ്പെട്ടത്. അഞ്ചു പതിറ്റാണ്ട് മുമ്പാണ് പ്രദേശവാസിയായ സ്ത്രീ കിണര്‍ നിര്‍മിക്കുന്നതിനായി ഒരു സെന്റ് സ്ഥലം പഞ്ചായത്തിന് വാക്കാല്‍ നല്‍കിയത്. ഇതനുസരിച്ച് കിണര്‍ നിര്‍മിക്കുകയും ജനങ്ങള്‍ വെള്ളം ഉപയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് ഉപയോഗശൂന്യമായതോടെ 10 വര്‍ഷം മുമ്പ് കിണര്‍ മൂടുകയും സ്ഥലം ഉപേക്ഷിക്കപ്പെട്ടു കിടക്കുകയുമായിരുന്നു. അടുത്ത കാലത്ത് ഇതിനോട് ചേര്‍ന്ന സ്ഥലം വില്‍പന നടന്നതോടെയാണ് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന സ്വാശ്രയസംഘം സ്ഥലം കൈയേറിയത്. ഈ സ്ഥലം വാങ്ങിയ ആള്‍ക്ക് നല്‍കണമെങ്കില്‍ വലിയ തുക ആവശ്യപ്പെട്ടു. ഇത്രയും തുക നല്‍കാന്‍ തയ്യാറാവാത്തതോടെ സ്വശ്രയസംഘം രണ്ടു സെന്റോളം സ്ഥലം കൈയേറി വേലികെട്ടി തിരിച്ചു. അതേസമയം, ഈ സ്ഥലം ഇപ്പോഴും നഗരസഭയ്ക്ക് സൗജന്യമായി നല്‍കാന്‍ സ്ഥലമുടമയായിരുന്ന സ്ത്രീയുടെ ബന്ധുക്കള്‍ തയ്യാറാണ്. ഈ തീരുമാനം നഗരസഭയെ അറിയിച്ചിട്ടും സ്ഥലം നഗരസഭയുടെ കൈവശമാക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നാണ് ആരോപണം. ഈ സാഹചര്യത്തില്‍ പ്രതിപക്ഷം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

RELATED STORIES

Share it
Top