നഗരസഭയുടെ അനാസ്ഥ; യാത്രക്കാര്‍ നെട്ടോട്ടത്തില്‍

കാസര്‍കോട്: ജില്ലാ ആസ്ഥാന നഗരിയിലെ പഴയ ബസ് സ്റ്റാന്റില്‍ വിവിധ ഭാഗങ്ങളിലേക്ക് പോകേണ്ട യാത്രക്കാര്‍ ബസ് കാത്തിരിപ്പ് സ്ഥലങ്ങളില്‍ ബോര്‍ഡുകളില്‍ ഇല്ലാത്തതിനാല്‍ നെട്ടോട്ടമോടുന്നു.
നഗരസഭയുടെ കീഴിലുള്ള പഴയ ബസ് സ്റ്റാന്റില്‍ ഇപ്പോള്‍ മൂന്ന് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളാണ് ഉള്ളത്. കാഞ്ഞങ്ങാട് ഭാഗത്തേക്കും കര്‍ണാടകയിലെ ജാല്‍സൂര്‍, വിട്‌ല, പുത്തൂര്‍, സുള്ള്യ, മടിക്കേരി ഭാഗങ്ങളിലേക്കും അഡൂര്‍, മുള്ളേരിയ, ബോവിക്കാനം, ബദിയഡടുക്ക, പെര്‍ള, അട്ക്കസ്ഥല, ബന്തിയോട്, ബളാന്തോട്, കുറ്റിക്കോല്‍ എന്നിവിടങ്ങളിലേക്കുള്ള സ്വകാര്യ ബസുകള്‍ പുറപ്പെടുന്നത് ജനറല്‍ ആശുപത്രിക്ക് മുന്‍വശത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിന്നാണ്. എന്നാല്‍ ഇവിടെ ഏത് ഭാഗത്തേക്കുള്ള ബസുകളാണ് പോകുന്നതെന്ന് രേഖപ്പെടുത്തിയിട്ടില്ല.
സ്വകാര്യ വ്യക്തി അദ്ദേഹത്തിന്റെ ഷോപ്പിങ് കോംപ്ലക്‌സിന് മുന്നില്‍ നിര്‍മച്ച ആധുനിക രീതിയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിന്ന് തലപ്പാടി, മഞ്ചേശ്വരം, ഹൊസങ്കടി, ഉപ്പള, കുമ്പള, മൊഗ്രാല്‍പുത്തുര്‍, എരിയാല്‍, കമ്പാര്‍ റൂട്ടുകളിലേക്കുള്ള ബസുകളാണ് സര്‍വീസ് നടത്തുന്നത്. ഇവിടെയും സ്ഥലങ്ങള്‍ സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ സ്ഥ ാപിച്ചിട്ടില്ല. എന്നാല്‍ കൂടുതല്‍ യാത്രക്കാര്‍ ബസിനെ ആശ്രയിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്ത മുബാറക് മസ്ജിദിന് മുന്‍വശത്തുള്ള തണല്‍മരത്തിന് കീഴിലാണ്. എന്നാല്‍ ഇവിടെ നിന്ന് പുറപ്പെടുന്ന ബസുകള്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളായ തളങ്കര മാലിക് ദീനാര്‍, മധുര്‍ ക്ഷേത്രം എന്നിവിടങ്ങളിലേക്കും കിന്‍ഫ്ര, എച്ച്എ എല്‍, റെയില്‍വേ സ്‌റ്റേഷന്‍, സീതാംഗോളി തുടങ്ങിയ സ്ഥലങ്ങളിലേക്കുമാണ്.
ദിക്കില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്കും വിദ്യാനഗറില്‍ സ്ഥിതി ചെയ്യുന്ന കലക്ടറേറ്റ്, ജില്ലാ പഞ്ചായത്ത് ഓഫിസ്, ജില്ലാ കോടതി, മറ്റു സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിവിടങ്ങളിലേക്ക് പോകുന്നവരാണ് സ്ഥലനാമ ബോര്‍ഡില്ലാത്തതിനാല്‍ ഏറെ ബുദ്ധിമുട്ടുന്നത്. പുലിക്കുന്നില്‍ സ്ഥിതിചെയ്യുന്ന ജില്ലാ പിഎസ് സി ഓഫിസിലേക്കും വിവിധ പരീക്ഷകള്‍ക്കും എത്തുന്ന വിവിധ പ്രദേശങ്ങളിലെ  യാത്രക്കാരും വൃദ്ധരായ സ്ത്രീകളുമാണ് ബസ് കാത്തിരിപ്പ് കേന്ദ്രമോ സ്ഥലനാമം ഇല്ലാത്തത് മൂലം ഏറെ ബുദ്ധിമുട്ടുന്നത്. ഇതിന് പുറമേ ബസുകള്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും തോന്നിയസ്ഥലത്താണ്. പല യാത്രക്കാര്‍ക്കും ലക്ഷ്യസ്ഥാനങ്ങളിലേക്ക് ബസ് കയറാന്‍ കഴിയുന്നില്ല.
ഇതുമൂലം വട്ടം കറങ്ങി തലങ്ങും വിലങ്ങും നടക്കേണ്ടി വരുന്നു. ബസ് ജീവനക്കാര്‍ ബസ് എത്തുന്ന സ്ഥലങ്ങള്‍ വിളിച്ചു പറയുമ്പോഴാണ് യാത്രക്കാര്‍ക്ക് അറിയുന്നത്. അതിനിടയില്‍ ചില ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്കുള്ള ബസുകള്‍ പോയി കഴിഞ്ഞിരിക്കും. പിന്നീട് റിക്ഷ പിടിച്ച് യാത്രചെയ്യേണ്ട അവസ്ഥയാണ്. പഴയ ബസ് സ്റ്റാന്റിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ അറ്റകുറ്റപ്പണി ചെയ്ത് ബോര്‍ഡുകള്‍സ്ഥാപിച്ച് സൗകര്യം ഏര്‍പ്പെടുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

RELATED STORIES

Share it
Top