നഗരസഭയില്‍ ബിജെപി- ലീഗ് കൂട്ടുകെട്ടെന്ന് ; സിപിഎം ഡെങ്കിപ്പനി ചര്‍ച്ച രാഷ്ട്രീയ ചര്‍ച്ചയായിമണ്ണാര്‍ക്കാട്: നഗരസഭയില്‍ ബിജെപി- ലീഗ് കൂട്ടുകെട്ടെന്ന ആരോപണവുമായി സിപിഎം. ഡെങ്കിപ്പനി ചര്‍ച്ച രാഷ്ട്രീയ ചര്‍ച്ചയായി കൗണ്‍സില്‍ യോഗം മാറ്റി. പകര്‍ച്ച പനി പടരുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് രാഷ്ട്രീയം കടന്നു കൂടിയത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ചെയര്‍പെഴ്‌സണ്‍ പരാജയപ്പെട്ടെന്നും സ്വന്തം ഇഷ്ടപ്രകാരം തീരുമാനം എടുക്കുകയാണെന്നും സിപിഎം കൗണ്‍സിലര്‍ കെ മന്‍സൂര്‍ ആരോപിച്ചു. സ്വന്തം ഇഷ്ടപ്രകാരം തീരുമാനം എടുക്കുന്നതിന് ബിജെപിയുടെ പിന്തുണയാണ് പിന്‍ബലമെന്ന് മന്‍സൂര്‍ ആരോപിച്ചു. മറ്റ് ഇടത് അംഗങ്ങള്‍ ഇത് ഏറ്റ് പിടിച്ചതോടെ പ്രതിരോധവുമായി ലീഗും ബിജെപിയും രംഗത്ത് എത്തി. ഇതോടെ പനി ചര്‍ച്ച പമ്പകടന്നു. മന്‍സൂറിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ചെയര്‍പെഴ്‌സണ്‍ എം കെ സുബൈദ രംഗത്ത് എത്തി. ചെയര്‍പെഴ്‌സണ്‍ താനാണെങ്കിലും വൈസ്‌ചെയര്‍മാന്‍ സിപിഎമ്മിലെ ടി ആര്‍ സെബാസ്റ്റ്യനാണ്. കൗണ്‍സില്‍ ചര്‍ച്ച ചെയ്യാത്ത കാര്യങ്ങള്‍ നഗരസഭ നടപ്പാക്കുന്നില്ലെന്നും മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സുബൈദ പറഞ്ഞു. വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പകരം എതിര്‍പ്പുണ്ടെങ്കില്‍ ചെയര്‍പെഴ്‌സണ്‍ സ്ഥാനത്തു നിന്ന് ഇറക്കാന്‍ ധൈര്യം കാണിക്കുകയാണ് വേണ്ടതെന്ന് സുബൈദ തിരിച്ചടിച്ചു.  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ വീഴ്ച്ച വരുത്തിയതിന്റെ ഉത്തരവാദിത്തം സിപിഎമ്മിനും യുഡിഎഫിനുമാണെന്ന് ബിജെപി അംഗങ്ങള്‍ ആരോപിച്ചു. ചില അംഗങ്ങള്‍ ഇടപ്പെട്ട് രാഷ്ട്രീയ ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ ഇന്നു (24) മുതല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു. പനിബാധിത പ്രദേശങ്ങളില്‍ ഇന്ന് തന്നെ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

RELATED STORIES

Share it
Top