നഗരസഭയിലെ ശുചീകരണത്തൊഴിലാളികള്‍ക്ക് ഇത്തവണയും കണ്ണീരണിഞ്ഞ വിഷു

പാലക്കാട:് നഗരസഭയിലെ എല്ലാ ജീവനക്കാരും ശമ്പളത്തിന് പുറമെ ബോണസായി വിഷുക്കൈനീട്ടവും വാങ്ങുമ്പോള്‍ അര്‍ഹമായ ശമ്പളം പോലും കിട്ടാതെ നഗരസഭയിലെ ശുചീകരണത്തൊഴിലാളികള്‍. വിഷുവായിട്ടും മിക്കവര്‍ക്കും ശമ്പളം പോലും കിട്ടിയിട്ടില്ല.
നഗരസഭയിലെ ശുചീകരണ വിഭാഗത്തില്‍ 234 ഓളം സ്ഥിരം തൊഴിലാളികളുള്ളതില്‍ 195 ഓളം പേര്‍ക്കാണ് ഇത്തരം ദുരവസ്ഥയുള്ളത്. ശമ്പളം ലഭിച്ചാലും ജീവിതം മുന്നോട്ടു പോകാന്‍ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് ശമ്പളം മുടങ്ങുന്നത്. ശമ്പളത്തിനു പുറമെ ശമ്പള പരിഷ്‌കാരവും പെന്‍ഷനും കുടിശ്ശികയുമൊക്കെ കിട്ടാനുമുണ്ട്.
നാടും നഗരവും വൃത്തിയാക്കുന്ന ഇവരോട് കാണിക്കുന്ന നീതികേട് അംഗീകരിക്കാനാവില്ലെന്നാണ് ശുചീകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
ശമ്പളം കിട്ടുന്നതുള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ക്ക് നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും നടപടികള്‍ സ്വീകരിച്ചില്ല. നഗരസഭയില്‍ ഉറവിട മാലിന്യ സംസ്‌കരണത്തിന്റെയും മാലിന്യ നിര്‍മാര്‍ജനത്തിന്റെയും പേരില്‍ കോടികള്‍ ചെലവഴിക്കുമ്പോഴും യാതൊരു സുരക്ഷയോ രക്ഷാകവചങ്ങളോ ഇല്ലാതെ നാടും നഗരവും വൃത്തിയാക്കുന്ന ശുചീകണത്തൊഴിലാളികളോടുള്ള സമീപനത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് തൊഴിലാളികള്‍.

RELATED STORIES

Share it
Top