നഗരസഭയിലെ ഭരണപ്രതിസന്ധിക്ക് പരിഹാരമായില്ല ചെയര്‍പേഴ്‌സന്റെ രാജി ഉണ്ടാകുമെന്ന് ഇരുഗ്രൂപ്പും

കളമശ്ശേരി: യുഡിഎഫ് ഭരിക്കുന്ന കളമശ്ശേരി നഗരസഭയിലെ ഭരണപ്രതിസന്ധിക്ക് ഇനിയും പരിഹാരം കാണാന്‍ കഴിയാതെ പാര്‍ട്ടി നേതൃത്വം കഴിഞ്ഞ 20 ന് മൂന്ന് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരും രാജി വച്ചിരുന്നു.
കൂടാതെ വിമത ഗ്രൂപ്പിനെ അനുകൂലിക്കുന്ന വിവിധ സ്റ്റാന്റിങ് കമ്മറ്റിയിലെ 13 അംഗങ്ങളും രാജിവയ്ക്കും എന്നറിയിച്ച് കോ ണ്‍ഗ്രസ്സിന്റെ സംസ്ഥാന, ജില്ലാഘടകങ്ങള്‍ക്ക് കത്തും നല്‍കിയിരിക്കുകയാണ്.
കഴിഞ്ഞദിവസംകുടിയ കൗണ്‍സില്‍ യോഗത്തില്‍ യുഡിഎഫിന് ഭൂരിപക്ഷം നഷ്ടപ്പെട്ട് ഇടതു മുന്നണിയുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും അംഗീകരിച്ച് അവരുടെ നിയന്ത്രണത്തില്‍ ആയിരുന്നു കൗണ്‍സില്‍ യോഗം നടന്നത്. പ്രശ്‌നപരിഹാരത്തിന് കോണ്‍ഗ്രസ് സംസ്ഥാന, ജില്ലാഘടകങ്ങളും യുഡിഎഫ് ജില്ലാ നേതൃത്വവും ഇടപെടുകയും ചെയ്‌തെങ്കിലും ചെയര്‍പേഴ്‌സന്‍ രാജി സന്നദ്ധതക്ക് തയ്യാറായിട്ടില്ലന്നാണ് അറിയാന്‍ കഴിയുന്നത്.
നാളെ ഉമ്മന്‍ ചാണ്ടി കളമശ്ശേരിയില്‍ എത്തുന്നതോടെ പ്രശ്‌ന പരിഹാരം ഉണ്ടാകുമെന്ന പ്രതിക്ഷയിലാണ് പ്രവര്‍ത്തകരും നേതാക്കളും.
2015ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 42 ല്‍23 സീറ്റ് നേടി യുഡിഎഫ് ഭരണം നേടിയിരുന്നു. 18 സീറ്റില്‍ കോണ്‍ഗ്രസ്സും, 5 സീറ്റില്‍ മുസ്‌ലിം ലീഗുമാണ് വിജയിച്ചത്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ 13 വോട്ടോടെ ഐ ഗ്രൂപ്പ് അംഗത്തെ ചെയര്‍പെഴ്‌സന്‍ ആയി തിരഞ്ഞെടുത്തെങ്കിലും ഭരണമുന്‍പരിചയമില്ലെന്ന് പറഞ്ഞ് അന്നത്തെ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ 5 വോട്ട് ലഭിച്ച എ ഗ്രുപ്പ് അംഗത്തെ ചെയര്‍പേഴ്‌സന്‍ ആക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. അതോടെ തുടങ്ങിയ ഭരണ പ്രതിസന്ധി രണ്ടര വര്‍ഷമായി തുടരുകയാണ്. പാര്‍ലമെന്ററി പാര്‍ട്ടി തിരഞ്ഞെടുപ്പ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഐ ഗ്രൂപ്പ് നിരവധി തവണ കോണ്‍ഗ്രസിന്റെ സംസ്ഥാന ജില്ലാ ഘടകങ്ങളെ സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഇതിനിടയിലാണ് ഐ ഗ്രൂപ്പ് അതിന്റെ അവസാനത്തെ നടപടിയായി മൂന്ന് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍സ്ഥാനം രാജിവച്ചത്.
ഈ രാജിയിലും പ്രശ്‌നം പരിഹരിക്കാന്‍ നേതൃത്വം തയ്യറായില്ലെങ്കില്‍ കടുത്ത നിലപാടിലേക്ക് നീങ്ങാനാണ് ഐ ഗ്രൂപ്പിന്റെ നീക്കം. ഐ ഗ്രൂപ്പിന് സ്വതന്ത്രരായി വിജയിച്ച മൂന്ന് അംഗങ്ങളുടെ പിന്തുണയും ഉണ്ട്. അതെ സമയം നഗരസഭയുടെ ഭരണസ്തംഭനത്തിനെതിരെയും അഴിമതിക്കെതിരെയും സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടക്കും.

RELATED STORIES

Share it
Top