നഗരവിസ്തൃതി വര്‍ധിപ്പിക്കണം: നഗര സംരക്ഷണ സമിതി

പറവൂര്‍: സമഗ്രമായ മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കുന്നതിന് നിലവിലെ നഗര വിസ്തൃതി അപര്യാപ്തമായ സാഹചര്യത്തില്‍ സമീപ പഞ്ചായത്തു പ്രദേശങ്ങളെക്കൂടി ഉള്‍പ്പെടുത്തി നഗരപരിധി വര്‍ധിപ്പിക്കണമെന്നു പറവൂര്‍ നഗര സംരക്ഷണ സമിതി ആവശ്യപ്പെട്ടു. മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കുന്നതു സംബന്ധിച്ച് കഴിഞ്ഞദിവസം എംഎല്‍എയും മുനിസിപ്പല്‍ ചെയര്‍മാനും നഗര സംരക്ഷണ സമിതി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ യോഗത്തിലാണ് പുതിയ മാസ്റ്റര്‍പ്ലാന്‍ രൂപീകരിക്കുന്നതു സംബന്ധിച്ച് നഗര സംരക്ഷണ സമിതി നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്. കൂടാതെ ഇപ്പോള്‍ നഗര മധ്യത്തിലൂടെ കടന്നുപോവുന്ന ദേശീയപാതയിലെ വാഹനങ്ങളുടെ കണക്കാണ് കരട് മാസ്റ്റര്‍പ്ലാന്‍ സര്‍വേക്കു വേണ്ടി പരിഗണിച്ചിരിക്കുന്നത്. ഇത് പരിഹരിക്കുന്നതിനുവേണ്ടി നഗരപരിധിയിലെ പുതിയ ദേശീയപാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കുകയും നഗരത്തിലെ റോഡുകള്‍ അനുയോജ്യമായവധം വികസിപ്പിക്കുകയും വേണം. റസിഡന്‍ഷ്യല്‍ ഹബായി കണക്കാക്കുന്ന നഗരത്തില്‍ വ്യവസായ, ഐ ടി സോണുകള്‍ തിരിക്കുമ്പോള്‍ ജനവാസകേന്ദ്രങ്ങള്‍ സംരക്ഷിക്കപ്പെടണം. നിര്‍ദിഷ്ട മാസ്റ്റര്‍പ്ലാനിലെ കെട്ടിടനിര്‍മാണ ചട്ടങ്ങളില്‍ പറയുന്ന വൈരുധ്യങ്ങള്‍ ഒഴിവാക്കി ലഘൂകരിക്കണം. ചട്ടങ്ങളില്‍ പറയുന്നപോലെ മാസ്റ്റര്‍പ്ലാന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനു മുന്‍പ് സാമൂഹ്യാഘാത പഠനം നടത്തണം എന്നീ നിര്‍ദേശങ്ങളാണ് സമിതി സമര്‍പിച്ചിരിക്കുന്നത്. ഭാരവാഹികളായ ടി ബി നസീര്‍, പി ബി പ്രമോദ്, അന്‍വര്‍ കൈതാരം, ജോര്‍ജ് വര്‍ക്കി, എസ് രാജന്‍, ചന്ദ്രന്‍ മാസ്റ്റര്‍, വി സി പത്രോസ്, എം ജി വിജയന്‍, എന്‍ എസ് ശ്രീനിവാസന്‍, എന്‍ എം അബ്ദുല്‍ സമദ്  ചര്‍ച്ചയില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top