നഗരമധ്യത്തില്‍ യുവതിയെ കുത്തിക്കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍

കൊച്ചി: എറണാകുളം നഗരമധ്യത്തില്‍ പട്ടാപ്പകല്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ഭര്‍ത്താവ് അറസ്റ്റില്‍. പാലാരിവട്ടം ലേഡീസ് ഹോസ്റ്റലില്‍ വാര്‍ഡനായി ജോലിനോക്കുന്ന ആലപ്പുഴ വട്ടപ്പള്ളി സക്കറിയ ബസാറില്‍ നവരേജ് പുരയിടത്തില്‍ സുമയ്യ(27) ആണ് കൊല്ലപ്പെട്ടത്. ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് ആലപ്പുഴ പുന്നപ്ര വടക്കേ ചേന്നാട്ടു പറമ്പില്‍ സജീറി(32)നെ പാലാരിവട്ടം പോലിസ് അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ എറണാകുളം പാലാരിവട്ടം ചാത്തങ്ങാട് എസ്എന്‍ഡിപി ഓഡിറ്റോറിയത്തിന് സമീപമായിരുന്നു സംഭവം. ഏറെ നാളുകളായി സുമയ്യ എറണാകുളത്തും സജീര്‍ ആലപ്പുഴയിലുമാണ് താമസിച്ചിരുന്നത്. ഇന്നലെ എറണാകുളത്തെത്തിയ സജീര്‍ സുമയ്യയുമായി സംഭവസ്ഥലത്ത് ഏറെനേരം സംസാരിച്ച് നിന്നിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സുമയ്യയുടെ നിലവിളി കേട്ട് ഓടിയെത്തിയവരാണ് യുവതിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
സംഭവത്തിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച സജീറിനെ പാലാരിവട്ടം സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറായ ചേലക്കുളം പറക്കുന്നത്ത് വീട്ടില്‍ നിസാര്‍ ആണ് പിടികൂടി പോലിസിനെ ഏല്‍പ്പിച്ചത്. നിസാര്‍ എസ്ഡിടിയു പാലാരിവട്ടം ഓട്ടോ സ്റ്റാന്റ് യൂനിയന്‍ പ്രസിഡന്റാണ്.  വയറില്‍ ആഴത്തിലേറ്റ മുറിവാണ് സുമയ്യയുടെ മരണത്തിന് കാരണമായതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സുമയ്യ വിളിച്ചതനുസരിച്ചാണ് താന്‍ എറണാകുളത്തെത്തിയതെന്നും ഒരുമിക്കാന്‍ തീരുമാനിക്കുകയും  നാളെ ഒരുമിച്ച് മടങ്ങാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നതാണെന്നും സജീര്‍ പറഞ്ഞതായി പോലിസ് പറഞ്ഞു. എന്നാല്‍ വീണ്ടും അഭിപ്രായവ്യത്യാസം ഉണ്ടായി. സുമയ്യ അപമാനിക്കുകയായിരുന്നു. തുടര്‍ന്ന് കടയില്‍നിന്ന് കത്തി സംഘടിപ്പിച്ച് തിരിച്ചെത്തി സുമയ്യയെ കുത്തുകയായിരുന്നുവെന്ന് സജീര്‍ പറഞ്ഞതായും പോലിസ് പറഞ്ഞു.
ഇവര്‍ക്ക് നാലും ഏഴും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. കുട്ടികള്‍ സജീറിനൊപ്പമാണ് കഴിയുന്നത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

RELATED STORIES

Share it
Top