നഗരമധ്യത്തില്‍ അപകടക്കെണിയൊരുക്കി ഓട്ടോ പാര്‍ക്കിങ്

കണ്ണൂര്‍: പതിവായി ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന കണ്ണൂര്‍ നഗരമധ്യത്തിലെ കാല്‍ടെക്‌സ് ജങ്ഷനില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി ഓട്ടോറിക്ഷകളുടെ അനധികൃത പാര്‍ക്കിങ്. കോഫി ഹൗസിന് മുന്നിലെ വൈദ്യുതി ഭവന്‍ ഓഫിസ് പരിസരത്തെ ബസ് സ്‌റ്റോപ്പാണ് സ്ഥലം. സദാസമയം തിരക്കേറിയ ഇവിടെ ബസ്സുകള്‍ യാത്രക്കാരെ ഇറക്കുമ്പോള്‍ പോലും ഗതാഗത തടസ്സമാണ്. തൊട്ടടുത്ത് ട്രാഫിക് സിഗ്നല്‍ പോയിന്റ് ഉള്ളതിനാല്‍ വാഹനങ്ങളുടെ നിര തെക്കീബസാര്‍ വരെ നീളും.
എന്നാല്‍, നോ പാര്‍ക്കിങ് ബോര്‍ഡ് സ്ഥാപിച്ച ഇവിടെ ബസ്സിറങ്ങുന്നവരെ കാത്ത് ഓട്ടോറിക്ഷകള്‍ തമ്പടിക്കുകയാണ്. അതും ജീവനു ഭീഷണിയാവുന്ന രീതിയില്‍. യാത്രക്കാരുടെ തിരക്കുള്ള രാവിലെയും വൈകീട്ടുമാണ് അനധികൃത പാര്‍ക്കിങ്. ഓട്ടോറിക്ഷകളുടെ സാന്നിധ്യമുള്ള ഇവിടെ ബസ്സുകള്‍ക്ക് യഥാവിധം നിര്‍ത്താനാവുന്നില്ല. ബസ്സുകളുടെ വാതിലിനു തൊട്ടുരുമ്മിയാണ് ഓട്ടോറിക്ഷകളുടെ പാര്‍ക്കിങ്. ഓട്ടോറിക്ഷകള്‍ യാത്രക്കാരുടെ ദേഹത്തും ബസ്സുകള്‍ക്കും ഉരസിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതേച്ചൊല്ലി ബസ് ജീവനക്കാരും ഓട്ടോ ഡ്രൈവര്‍മാരും തര്‍ക്കം പതിവാണ്. യാത്രക്കാര്‍ ബസ്സില്‍ നിന്നിറങ്ങുമ്പോള്‍ തന്നെ ഓട്ടോറിക്ഷകള്‍ ഓടിയെത്തും. പലപ്പോഴും ബസ്സിനും ഓട്ടോറിക്ഷയ്ക്കും ഇടയില്‍ കുരുങ്ങുകയാണ് യാത്രക്കാര്‍.
നഗരത്തിലെ മിക്ക സ്റ്റോപ്പുകളിലും ബസ്സുകളുടെ ഡോറിനരികിലെത്തി ഓട്ടംപിടിക്കുന്ന ഓട്ടോറിക്ഷകള്‍ കാണാം. എന്നാല്‍ അപകടത്തിന് വഴിയൊരുക്കുന്ന സാഹചര്യങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണു നിയമപാലകര്‍.

RELATED STORIES

Share it
Top