നഗരപരിധിയിലെ സ്ഥിരം മോഷ്ടാവും കൂട്ടാളിയും പിടിയില്‍

കൊച്ചി: എറണാകുളം മൊണാസ്ട്രി റോഡിലെ കോര്‍പറേഷന്‍ ഓഫിസേഴ്‌സ് ക്വാര്‍ട്ടേഴ്‌സിലടക്കം നിരവധി വീടുകളില്‍ മോഷണം നടത്തിയ കേസിലെ പ്രതിയേയും കൂട്ടാളിയേയും എറണാകുളം സെന്‍ട്രല്‍ പോലിസ് പിടികൂടി.
സ്ഥിരം മോഷ്ടാവായ ആന്ധ്രാപ്രദേശ് ധരമ്മരം ജില്ല 12ാം വാര്‍ഡില്‍ ഡേവിഡ്(29), ഉത്തര്‍പ്രദേശ് ബഡാസിയൂര്‍ സ്വദേശി ചന്ദ്രബാല്‍ എന്നിവരെയാണ് സെന്‍ട്രല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എ അനന്തലാലും സംഘവും അറസ്റ്റ് ചെയ്തത്.
കോര്‍പറേഷന്‍ ഓഫിസേഴ്‌സ് ക്വാര്‍ട്ടേഴ്‌സില്‍ നടന്ന മോഷണത്തിന്റെ അന്വേഷണം നടക്കവേ മോണാസ്ട്രി റോഡിലെ ഒരു വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പോലിസിന് പ്രതിയെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഡേവിഡ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും നഗരത്തില്‍ നടന്ന നിരവധി മോഷണങ്ങള്‍ ഇയാളാണ് ചെയ്തതെന്ന് തെളിഞ്ഞു. ഡേവിഡ് മോഷ്ടിച്ചെടുക്കുന്ന മോഷണമുതലുകള്‍ വില്‍പ്പന നടത്തിക്കൊടുത്തിരുന്നത് അറസ്റ്റിലായ ചന്ദ്രബാല്‍ ആയിരുന്നു.
കൊച്ചി സിറ്റി പോലിസ് മേധാവി എം പി ദിനേശിന്റെ നിര്‍ദേശപ്രകാരം ഡിസിപി കറുപ്പുസ്വാമി, എസിപി കെ ലാല്‍ജി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

RELATED STORIES

Share it
Top