നഗരത്തെ ഞെട്ടിച്ച് വീണ്ടും കവര്‍ച്ച

ആലുവ: നഗരത്തെ ഞെട്ടിച്ച് വീണ്ടും കവര്‍ച്ച. ഒന്നരമാസം മുമ്പ് ആലുവ തോട്ടുംമുഖത്ത് ഒരു വീട്ടില്‍ നിന്നും 100 പവനിലേറെ സ്വര്‍ണം കവര്‍ച്ച ചെയ്ത പ്രതികളെ കണ്ടെത്താന്‍ അന്വേഷണം നടന്നുവരവേയാണ് ആലുവ പട്ടേരിപ്പുറത്ത് മംഗലപ്പിള്ളി റാണി ഫ്രാന്‍സിസിന്റെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ കവര്‍ച്ച നടന്നത്.
വീടിന്റെ ടെറസിന്റെ വാതില്‍  പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന ശേഷം ഉറങ്ങിക്കിടന്ന റാണിയുടെ മകളുടെ പാദസ്വരവും കഴുത്തിലെ മാലയും ബലംപ്രയോഗിച്ച് പൊട്ടിച്ചെടുക്കുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ എഴുന്നേറ്റപ്പോഴേക്കും ടെറസിലൂടെ തന്നെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പറയുന്നു. മൊത്തം പത്ത് പവനോളം സ്വര്‍ണമാണ് കവര്‍ന്നത്. കവര്‍ന്ന മൊബൈല്‍ ഫോണിലേക്ക് വിളിച്ചപ്പോള്‍ ഒന്നുരണ്ടുതവണ കോള്‍ സ്വീകരിച്ച ശേഷം പിന്നീട് സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലിസ് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും നഗരത്തിലെ വിവിധ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top