നഗരത്തില്‍ ലഹരിവേട്ട തുടരുന്നു; മൂന്നുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ മൂന്ന് വ്യത്യസ്ത കേസുകളിലായി അഞ്ചുകിലോയോളം കഞ്ചാവുമായി മൂന്നുപേരെ പോലിസ് പിടികൂടി. 2.300 കിലോഗ്രാം കഞ്ചാവുമായി പയ്യാനക്കല്‍ സ്വദേശി എം പി ഹൗസില്‍ അന്‍വര്‍ സാദത്ത് എന്ന റൂണി(25)യെ കോഴിക്കോട് രണ്ടാം നമ്പര്‍ റെയില്‍വേ ഗേറ്റ് പരിസരത്തുനിന്നും കോഴിക്കോട് ടൗണ്‍ എസ്‌ഐ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തില്‍ ടൗണ്‍ പോലിസും ജില്ലാ ആന്റി നാര്‍കോട്ടിക് സ്—പെഷല്‍ ആക്ഷന്‍ ഫോഴ്‌സും (ഡന്‍സാഫ്) ചേര്‍ന്ന് പിടികൂടി.
കസബ എസ്‌ഐ സിജിത്തിന്റെ നേതൃത്വത്തില്‍ പന്തീരങ്കാവ് പുത്തൂര്‍മഠം സ്വദേശി കുഴിപ്പള്ളി മീത്തല്‍ മുഹമ്മദ് യൂനസ്(36)നെ ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിനു സമീപം വെച്ച് 1.300 കിലോഗ്രാം കഞ്ചാവുമായി കസബ പോലിസും സൗത്ത് അസി. കമ്മീഷണറുടെ ക്രൈം സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. കസബ അഡീഷണല്‍ എസ്‌ഐ ബിജിത്തിന്റെ നേതൃത്വത്തില്‍ ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിനു സമീപമുള്ള കടയുടെ വരാന്തയില്‍ നിന്നു വെള്ളിമാടുകുന്ന് മുരിങ്ങയില്‍ പൊയില്‍ പ്രിന്‍സ് (32)നെ 1.130 കിലോഗ്രാം കഞ്ചാവുമായി കസബ പോലിസും ഡന്‍സാഫും ചേര്‍ന്ന് പിടികൂടി. ആന്ധ്രപ്രദേശ്, ഒറീസ, തമിഴ്‌നാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമാണ് ഇവര്‍ വില്‍പനക്കായി കഞ്ചാവ് കോഴിക്കോട് എത്തിക്കുന്നതെന്നും കോഴിക്കോട്ടെത്തിക്കുന്ന കഞ്ചാവ് 500 രൂപയുടെ ചെറു പൊതികളാക്കി വില്‍പന നടത്തുന്നതാണ് ഇവരുടെ രീതിയെന്നും ഡന്‍സാഫിന്റെ ചാര്‍ജ് ഉള്ള കോഴിക്കോട് നോര്‍ത്ത് അസി. കമ്മീഷണര്‍ പൃഥ്വിരാജന്‍ പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോഴിക്കോട് നഗരത്തില്‍ വന്‍ലഹരി വേട്ടയാണ് നടന്നത്. എംഡിഎംഎ, എല്‍എസ്ഡി ,ഹാഷിഷ് സ്പാസ്—മോ പ്രോക്‌സിവോണ്‍ ഗുളികകള്‍എന്നിവ ഡാന്‍സാഫ് പിടിച്ചെടുക്കുകയുണ്ടായി.
ടൗണ്‍ എസ്‌ഐ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തില്‍ ടൗണ്‍ സ്റ്റേഷനിലെ എഎസ്‌ഐ ഹരീഷ്—കുമാര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ ഫൈസല്‍, നിഖില്‍, ഡന്‍സാഫ് അംഗങ്ങളായ എഎസ്‌ഐ അബ്ദുള്‍ മുനീര്‍, മുഹമ്മദ് ഷാഫി എം, സജി എം, അഖിലേഷ് കെ, നവീന്‍ എന്‍, ജോമോന്‍ കെ എ എന്നിവര്‍ ചേര്‍ന്ന് സംഘമാണ് അന്‍വറിനെ അറസ്റ്റ് ചെയ്തത്. പാളയം, ശ്രീകണ്‌ഠേശ്വരം ക്ഷേത്രപരിസരം എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ചെറു പൊതികളാക്കി ചില്ലറ വില്‍പ്പന നടത്തുകയാണ് പ്രിന്‍സിന്റെ രീതി. കസബ അഡീഷണല്‍ എസ്ഐ ബിജിത്തിന്റെ നേതൃത്വത്തില്‍ കസബ സ്റ്റേഷനിലെ പോലിസുകാരായ ഷിനില്‍ ദാസ്, സജീവന്‍, ബിനില്‍കുമാര്‍ എന്നിവരും ഡന്‍സാഫ് അംഗങ്ങളായ രാജീവന്‍ കെ, രതീഷ് കെ, സോജി പി, രജിത്ത് ചന്ദ്രന്‍, ജിനേഷ് എം, സുമേഷ് എ വി എന്നിവര്‍ ചേര്‍ന്നാണ് പ്രിന്‍സിനെ പിടികൂടിയത്.
മധുരയില്‍ നിന്നും കഞ്ചാവ് കോഴിക്കോട് എത്തിച്ച് പന്തീരങ്കാവ്, രാമനാട്ടുകര എന്നിവിടങ്ങളില്‍ വില്‍പന നടത്തുന്നതില്‍ പ്രധാനിയാണ് യൂനസ്. കസബ എസ്‌ഐ സിജിത്തിന്റെ നേതൃത്വത്തില്‍ കസബ സ്റ്റേഷനിലെ പോലിസുകാരായ സജീവന്‍, ജിനീഷ്, അനൂജ് സൗത്ത് ക്രൈം സ്—ക്വാഡ് അംഗങ്ങളായ ഒ മോഹന്‍ദാസ്, അബ്ദുര്‍ റഹ്മാന്‍, കെ മനോജ്, രണ്‍ധീര്‍ ഇ, സുജിത് സി കെ, ഷാഫി എന്നിവര്‍ ചേര്‍ന്നാണ് യൂനിസിന്റെ പിടികൂടിയത്. മുമ്പ് നിരവധി കഞ്ചാവ് കേസുകളില്‍ പ്രതികളായിട്ടുള്ള ഇവര്‍ ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയശേഷം വീണ്ടും കഞ്ചാവ് വില്‍പനയിലേക്ക് തിരിയുകയായിരുന്നു. ഇവരെല്ലാംതന്നെ കുറച്ചുകാലങ്ങളായി പോലിസിന്റെ നിരീക്ഷണത്തിലായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top