നഗരത്തില്‍ പട്ടാപ്പകല്‍ സിബിഐ ചമഞ്ഞ് തട്ടിപ്പ്

ആലുവ: നഗരത്തില്‍ പട്ടാപകല്‍ സിബിഐ ചമഞ്ഞ് ഇതര സംസ്ഥാനക്കാരനില്‍ നിന്ന് രണ്ടംഗ സംഘം 46,000 രൂപ തട്ടിയെടുത്തു. ഇന്നലെ രാവിലെ ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ജാര്‍ഖണ്ഡിലേക്ക് പോകാനെത്തിയ സുരാധാനാണ് തട്ടിപ്പിനിരയായത്. നീറിക്കോട് കോയിക്കര കാറ്ററിങിലെ ജീവനക്കാരനാണ് ഇയാള്‍. ഇയാളുള്‍പ്പെടെ ചില ഇതര സംസ്ഥാന തൊഴിലാളികള്‍ റെയില്‍വേ സ്‌റ്റേഷനിലെ മൂന്നം നമ്പര്‍ പ്ലാറ്റ് ഫോമില്‍ ധന്‍ബാദ് എക്‌സ്പ്രസ് കാത്തുനില്‍ക്കുകയായിരുന്നു. ഇതിനിടയിലാണ് സിബിഐ ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് രണ്ടുപേര്‍ എത്തിയത്. ഇതര സംസ്ഥാനക്കാരുടെ ബാഗുകളും മറ്റും പരിശോധിച്ച ശേഷം തട്ടിപ്പ് സംഘം സുരാധാനേയും ഒഡിഷ സ്വദേശി തബോവന്‍ പ്രതാപിനേയും കൂടുതല്‍ പരിശോധിക്കാനെന്ന് പറഞ്ഞ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരത്തേക്ക് കൊണ്ടുപോയി. അവിടെവച്ച് സുരാധാന്റെ പോക്കറ്റില്‍ നിന്ന് ബലം പ്രയോഗിച്ച് പണം എടുക്കുകയായിരുന്നു. ഇയാളുടെ എടിഎം കാര്‍ഡും തട്ടിയെടുത്തു. ഉടന്‍ തന്നെ തട്ടിപ്പ് സംഘം സ്ഥലം വിട്ടു. വിവരമറിഞ്ഞ് പൊലിസെത്തി പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ തട്ടിപ്പ് സംഘത്തിന്റെ ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. തട്ടിപ്പ് സംഘത്തില്‍ ഒരാള്‍ മലയാളിയും മറ്റൊരാള്‍ ഹിന്ദി സംസാരിക്കുന്നയാളുമാണെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി എസ്‌ഐ എം എസ് ഫൈസല്‍ അറിയിച്ചു.

RELATED STORIES

Share it
Top