നഗരത്തിലെ 34 അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കാന്‍ പ്രത്യേക സംഘം

തൃശൂര്‍: നഗരത്തില്‍ 34 അനധികൃത നിര്‍മ്മാണങ്ങള്‍ സംബന്ധിച്ച് മുന്‍ കൗണ്‍സിലര്‍ ജോണ്‍ കാഞ്ഞിരത്തിങ്കല്‍ ഉന്നയിച്ച ആരോപണത്തിലെ വിജിലന്‍സ് കേസില്‍ സര്‍ക്കാര്‍ ഉത്തരവനുസരിച്ച് നടപടികള്‍ക്ക് കോര്‍പ്പറേഷന്‍ പ്രത്യേകാന്വേഷണസംഘത്തെ നിയോഗിച്ചു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണ് ഇത്രയേറെ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ ഒറ്റയടിക്കു നടപടിയെടുക്കാന്‍ ഉത്തരവുണ്ടാകുന്നത്.
കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അസി. എഞ്ചിനീയര്‍മാര്‍ മൂന്ന് ഓവര്‍സീയര്‍മാര്‍, റവന്യു ഇന്‍സ്‌പെക്ടര്‍ എന്നിവരടങ്ങുന്നതാണ് പ്രത്യോകാന്വേഷണസംഘം. സര്‍ക്കാര്‍ ഉത്തരവനുസരിച്ച് മേയറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിശ്ചയിച്ച അന്വേഷണസംഘ രൂപീകരണ തീരുമാനം കൗണ്‍സില്‍ യോഗം അംഗീകരിച്ചു. പ്രത്യേകാന്വേഷണസംഘത്തെ നിയോഗിക്കുന്നതും കോര്‍പ്പറേഷനില്‍ ഇതാദ്യമാണ്.
നഗരത്തില്‍ അനധികൃത നിര്‍മാണം നടക്കുന്നതായി രാജന്‍ പല്ലന്‍ മേയറായിരിക്കേ എല്‍ഡിഎഫ് പ്രതിപക്ഷം ഉന്നയിച്ച ആരോപണത്തില്‍ മേയറുടെ വെല്ലുവിളി സ്വീകരിച്ച് ജോണ്‍ കാഞ്ഞിരത്തിങ്കല്‍ സ്വന്തം നിലയില്‍ പരിശോധന നടത്തി കണ്ടെത്തിയ 34 കെട്ടിടങ്ങളുടെ ചിത്രങ്ങള്‍ സഹിതമാണ് ആരോപണം ഉന്നയിച്ചത്. കോര്‍പ്പറേഷന്‍ ഓഫിസിന്റെ ചുറ്റുവട്ടത്ത് മാത്രം നടന്ന മൂന്നും നാലും അഞ്ചും നിലകളിലുള്ള 34 അനധികൃത നിര്‍മാണങ്ങളാണ് കാഞ്ഞിരത്തിങ്കല്‍ പരാതിയിലുന്നയിച്ചെങ്കിലും തുടര്‍ന്ന് വന്ന എല്‍ഡിഎഫ് ഭരണം രണ്ടരവര്‍ഷം പിന്നിട്ടിട്ടും ഒരുവിധ അന്വേഷണമോ നടപടിയോ സ്വീകരിക്കാതെ ഇതുവരെ സംരക്ഷണം നല്‍കുകയായിരുന്നു.ജോണ്‍ കാഞ്ഞിരത്തിങ്കല്‍, മന്ത്രിയും വിജിലന്‍സും ഉള്‍പ്പടെ അധികൃത കേന്ദ്രങ്ങളിലേക്കെല്ലാം പരാതി അയച്ചിരുന്നു. ചീഫ് ടൗണ്‍ പ്ലാനര്‍(വിജിലന്‍സ്)നടത്തിയ അന്വേഷണത്തില്‍ 34 കെട്ടിടങ്ങളും അനധികൃതമാണെന്നും കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് നടപടി ആവശ്യപ്പെട്ടു 2016 മാര്‍ച്ചില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കോര്‍പ്പറേഷനു നിര്‍ദ്ദേശം നല്‍കിയതാണെങ്കിലും എല്‍ഡിഎഫ് കോര്‍പ്പറേഷന്‍ ഉത്തരവ് പൂഴ്ത്തി.അതിനിടയിലാണ് വിജിലന്‍സ് ആന്റ് ആന്റികപ്ഷന്‍ ബ്യൂറോ അന്വേഷണം ഏറ്റെടുത്തത്. പ്രാഥമികാന്വേഷണത്തില്‍ അഴിമതി ബോധ്യമായതിനെ തുടര്‍ന്ന് സെക്രട്ടറിയേയും എഞ്ചിനീയര്‍മാരേയും പ്രതികളാക്കി വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ നല്‍കി. അതിന്റെ തുടര്‍ നടപടികളുടെ ഭാഗമായാണ് വിജിലന്‍സ് നിര്‍ദ്ദേശമനുസരിച്ച്, പ്രത്യേകാന്വേഷണസംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍ കോര്‍പ്പറേഷന് ഉത്തരവ് നല്‍കിയത്.
കൗണ്‍സില്‍ ചര്‍ച്ചയില്‍ പ്രത്യേകാന്വേഷണ സംഘത്തില്‍ കൗണ്‍സിലര്‍മാരേയും ഉള്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് അഡ്വ.എം കെമുകുന്ദന്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ ഉത്തരവനുസരിച്ചാണ് കമ്മിറ്റി രൂപീകരിച്ചിരുന്നതിനാല്‍ കൗണ്‍സിലര്‍മാരുടെ പ്രാതിനിധ്യം സാധ്യമാകുമോ എന്ന് വ്യക്തമല്ലെന്ന് മുന്‍ ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി വിശദീകരിച്ചു.
ജോണ്‍ കാഞ്ഞിരത്തിങ്കലിന്റെ പരാതിയില്‍ അന്വേഷണത്തിനെത്തിയ ചീഫ് ടൗണ്‍ പ്ലാനറുടെ വിജിലന്‍സ് വിഭാഗം നേരിട്ട് നടത്തിയ അന്വേഷണത്തില്‍ മറ്റ് 72 കെട്ടിടങ്ങള്‍ കൂടി അനധികൃതമെന്ന് കണ്ടെത്തി ഒരു മാസത്തിനകം നടപടിയെടുക്കാന്‍ 2016 മാര്‍ച്ചില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കോര്‍പ്പറേഷന് ഉത്തരവ് നല്‍കിയതാണെങ്കിലും ആ ഉത്തരവുകളും മുക്കികളഞ്ഞു. ഒറ്റകെട്ടിടത്തിന്റെ കാര്യത്തിലും അന്വേഷണമോ നടപടിയോ ഉണ്ടായില്ല.

RELATED STORIES

Share it
Top