നഗരത്തിലെ സ്വാഗത കമാനങ്ങള്‍ വിവാദത്തിലേക്ക്‌

കോഴിക്കോട്: കോഴിക്കോട് നഗരസഭാ അതിര്‍ത്തികളില്‍ സ്ഥാപിച്ച സ്വാഗത കമാനത്തെ ചൊല്ലി വിവാദം കൊഴുക്കുന്നു. 7.22 ലക്ഷം രൂപ ചെലവഴിച്ച് എലത്തൂര്‍ ദേശീയപാതയില്‍ കോരപ്പുഴയോരത്തും തെക്ക് ഫറോക്കിന് സമീപവുമാണ് കഴിഞ്ഞ ദിവസം സ്വാഗത കമാനം’ ഉദ്ഘാടനം ചെയ്തത്.
ചെങ്കല്ലില്‍ മേല്‍കൂരയോടുകൂടിയ ഒട്ടും ആകര്‍ഷണമല്ലാത്തതും കര്‍ണാടകയിലും മറ്റും കാണാറുള്ള‘അസ്ഥിത്തറ’ യുടെ രൂപവുമുള്ള കമാനത്തിന് 7.22 ലക്ഷം രൂപയാണ് നഗരസഭ ചെലവഴിച്ചത്. കോര്‍പറേഷന്റെ ജനകീയാസൂത്രണപദ്ധതിയില്‍ കമാനം സ്ഥാപിക്കാന്‍ 10 ലക്ഷം രൂപ വകയിരുത്തിയിരുന്നു. ‘
കമാനം’ഇരു റോഡുകളേയും ബന്ധിപ്പിച്ച് പണിയുമ്പോഴാണ് കമാനമാകുന്നത്. എന്നാല്‍ വഴിയാത്രക്കാര്‍ക്ക് പോലും കമാനം കാണണമെങ്കില്‍ മഷിയിട്ടു  നോക്കേണ്ടിവരും. അരമതിലിന്റെ’ അവസ്ഥയിലുള്ള ഈ കല്‍മതിലില്‍ സ്റ്റീല്‍ ബോര്‍ഡില്‍ സ്വാഗതം എഴുതിയതുകൊണ്ട് മാത്രം ഇത് ‘സ്വാഗതകമാനമാണെന്ന്’ കാണുന്നവര്‍ ബോധ്യപ്പെട്ടുകൊള്ളണമെന്നാണ് നഗരസഭയുടെ നിലപാട്. 2012-13 ല്‍ പഞ്ചവല്‍സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി ‘ഗെയിറ്റും ആര്‍ച്ചും’ സ്ഥാപിച്ചുള്ള സ്വാഗതകമാനമായിരുന്നു നഗരസഭാ കൗണ്‍സില്‍ വിഭാവനം ചെയ്തിരുന്നത്. ഇതിനായി കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖരെ ഉള്‍പ്പെടുത്തി കോഴിക്കോടിന്റെ പാരമ്പര്യവും പൈതൃകവും ധ്വനിപ്പിക്കുന്ന തരത്തിലുള്ള ‘മാതൃക’ നിര്‍മ്മിക്കാന്‍ കമ്മറ്റിയും ഉണ്ടാക്കി. അന്ന നഗരസഭയില്‍ കൗണ്‍സിലറായിരുന്നസ ചേമ്പില്‍ വിവേകാനന്ദനെയായിരുന്നു ആര്‍ട് വര്‍ക്കിങ് ഗ്രൂപ്പിന്റെ ചെയര്‍മാനായി നിയമിച്ചിരുന്നത്. തുടക്കത്തില്‍ നഗരാതിര്‍ത്തികളായ നാലോ ആറോ ഇടങ്ങളില്‍ കമാനം വേണമെന്ന നിര്‍ദേശവുമുണ്ടായിരുന്നു. പിന്നീടാണ് സ്വാഗത കമാനങ്ങളുടെ എണ്ണം രണ്ടായി ചുരുക്കിയത്.
ഒന്ന് പുതിയങ്ങാടിയിലും മറ്റൊന്ന് മീഞ്ചന്തയിലും പിന്നീട് വാര്‍ഡുകളുടെ എണ്ണം 75 ആയും ബേപ്പൂര്‍, എലത്തൂര്‍ ഭാഗങ്ങള്‍ നഗരസഭയോടു കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. വിസ്തീര്‍ണം വിപുലമാക്കി. അങ്ങിനെയാണ് ഇപ്പോഴത്തെ അതിര്‍ത്തിയായ എലത്തൂരിലും ഫറോക്കിലും ‘കമാനം’ വന്നത്.
കലയും സംസ്‌കാരവും പൈതൃകവും കോഴിക്കോടിന്റെ പ്രൗഡിയും തൊട്ടുതെറിപ്പിക്കാത്ത ഒരു സ്മാരകമാണിതെന്ന് കലാകാരന്‍മാരും പറയുന്നു. ഇത്തരമൊരു ‘കല്‍ചുമര്’ കെട്ടാന്‍ 7.22 ലക്ഷം രൂപ ചെലവഴിച്ചതിനു പിറകില്‍ അഴിമതിയുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
നഗരസഭയിലെ പ്രതിപക്ഷാംഗങ്ങള്‍ ഒന്നടങ്കം സ്വാഗതകമാനത്തിനെതിരെ ശബ്്ദിച്ചു തുടങ്ങി. ശശീന്ദ്രന്‍ എന്നൊരു കരാറുകാരനാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്. നഗരാസൂത്രണം പഠിക്കാന്‍ എല്ലാ വര്‍ഷവും കൗണ്‍സില്‍ അംഗങ്ങള്‍ പഠനയാത്ര ചെയ്യാറുണ്ട്. ഇവരൊന്നും അത്തരം യാത്രകളിലൊന്നും ‘സ്വാഗത കമാനങ്ങള്‍’ കണ്ടിട്ടില്ലെന്നു വേണം കരുതാന്‍. ഏതായാലും പ്രതിപക്ഷ പാര്‍ട്ടികളും സാംസ്‌കാരിക സംഘടനകളും പുതിയതായി സ്ഥാപിച്ച ‘സ്വാഗത കമാന’ തട്ടിപ്പിനെതിരെ രംഗത്തു വരാനിരിക്കുകയാണ്.

RELATED STORIES

Share it
Top