നഗരത്തിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതില്‍ വിവേചനമെന്നു പരാതി

ഒലവക്കോട്: പാലക്കാട് നഗരത്തിലെയും പരിസരങ്ങളിലെയും വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതില്‍ നഗരസഭ വിവേചനം കാട്ടുന്നതായി ആക്ഷേപം. വഴിയോരക്കച്ചവടക്കാര്‍ക്ക് യാതൊരു വിധ നോട്ടീസും നല്‍കാതെയാണ് ഗുണ്ടാ ആക്രമണ രീതിയില്‍ ഒഴിപ്പിക്കല്‍ നടത്തുന്നത്. സ്റ്റേഡിയം ബസ്റ്റാന്റ്, ഒലവക്കോട് എന്നിവിടങ്ങളിലെ ഒഴിപ്പിക്കലുകള്‍ രാഷ്ട്രീയ-സാമ്പത്തിക താല്‍പര്യം മുന്‍നിര്‍ത്തിയാണെന്നാണ് വ്യാപാരികളുടെ ആരോപണം. കഴിഞ്ഞാഴ്ച്ച സ്റ്റേഡിയം സ്റ്റാന്റിനു സമീപത്ത് കച്ചവടം നടത്തുന്ന കടകളില്‍ തിരഞ്ഞെടുത്ത കടകളാണ് നഗരസഭാധികൃതരുടെ നേതൃത്വത്തിലെത്തിയ സംഘം ഒഴിപ്പിച്ചത്. എന്നാല്‍ ഇതിനു സമീപത്ത് നിരവധി കടകളുണ്ടായിട്ടും ഇതൊന്നും ഒഴിപ്പിക്കാന്‍ അധികൃതര്‍ ശ്രമിച്ചുപോലുമില്ല. ഇതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് പറയുന്നത്.
സുല്‍ത്താന്‍പേട്ട മുതല്‍ സ്റ്റേഡിയം സ്റ്റാന്റു വരെയും സ്റ്റേഡിയം ബൈപാസിലും നിരവധി വഴിവാണിഭക്കാരാണുള്ളത്. ഇതില്‍ സ്റ്റേഡിയം സ്റ്റാന്റിനു സമീപത്തെ നിരവധി കടകളില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളും മറ്റു ലഹരി വസ്തുക്കളുടെയും വില്‍ക്കുന്നുണ്ട്. ഇതൊന്നും ഭരണകൂടത്തിന് അറിയില്ലെന്നതാണ് പരമാര്‍ത്ഥം.
ദിവസങ്ങള്‍ക്കുമുമ്പ് സ്റ്റേഡിയം ഗ്രൗണ്ടിനു സമീപം വാഹനയാത്രക്കോ കാല്‍നടയാത്രക്കാര്‍ക്കോ തടസ്സമാവാതെ കച്ചവടം നടത്തിയിരുന്ന ജബ്ബാറിന്റെ ചായക്കടയും ശെല്‍വപാളയം സ്വദേശി ജെപിയുടെ തട്ടുകടയും ഒഴിപ്പിച്ചത്.
ഒഴിപ്പിക്കാന്‍ 15 ദിവസം മുമ്പ് രേഖാപരമായി നോട്ടീസ് നല്‍കണമെന്നും ഇതും ലംഘിക്കുന്നവര്‍ക്കെതിരെ നിയമപരമായി മാത്രമേ ഒഴിപ്പിക്കാനാവുമെന്നാണ് വ്യവസ്ഥയെന്നിരിക്കെയാണ് മുന്നറിയിപ്പില്ലാതെ ഒഴിപ്പിക്കല്‍ നടന്നത്. രണ്ടു വര്‍ഷം മുമ്പ് ഇത്തരത്തില്‍ നഗരപരിധിയിലെ വഴിവാണിഭങ്ങള്‍ ഒഴിപ്പിച്ചപ്പോള്‍ ഇന്ദിരഗാന്ധി സ്റ്റേഡിയത്തിനു ചുറ്റും ചെറിയ ബങ്കുകള്‍ കെട്ടി പുനരധിവസിപ്പിക്കണമെന്നു പറഞ്ഞിരുന്നുവെങ്കിലും ഭരണകൂടം അതൊക്കെ കാറ്റില്‍പ്പറത്തി. മറ്റുള്ളവരുടെ സാമ്പത്തിക താല്‍പ്പര്യമനുസരിച്ചുള്ള പ്രത്യേകതരം ഒഴിപ്പിക്കലുകളാണിപ്പോള്‍ നഗരസഭ നടത്തുന്നത്.

RELATED STORIES

Share it
Top