നഗരത്തിലെ കവലകളിലും ബസ് സ്റ്റാന്റുകളിലും ഇ-ടോയ്‌ലറ്റുകള്‍ സ്ഥാപിക്കല്‍ കടലാസിലൊതുങ്ങുന്നു

പാലക്കാട്: നഗരത്തിലെ ബസ്റ്റാന്റുകളിലും പ്രധാന കവലകളിലും യാത്രക്കാര്‍ക്ക് ശങ്കയകറ്റുന്നതിനായി സ്ഥാപിക്കാനുദ്ദേശിച്ച ഇ-ടോയ്‌ലറ്റുകള്‍ കടലാസിലൊതുങ്ങുന്നു. നഗരത്തിലെ ഏറെത്തിരക്കുള്ള സ്റ്റേഡിയം സ്റ്റാന്റ്, കെഎസ്ആര്‍ടസി, ടൗണ്‍സ്റ്റാന്റ്, മുനിസിപ്പല്‍ സ്റ്റാന്റ് എന്നീ ബസ് സ്റ്റാന്റുകള്‍ക്കു പുറമെ തിരക്കേറിയ കവലകളിലും ഇ-ടോയ്‌ലറ്റിന്റെ സാധ്യകളേറെയാണ്. രണ്ടുവര്‍ഷംമുമ്പ് മിഷ്യന്‍ സ്‌കൂളിനു മുന്നില്‍ സ്ഥാപിച്ച ഇ-ടോയ്‌ലറ്റ് ഒരു വര്‍ഷത്തോളം കഴിഞ്ഞിട്ടും തുറക്കാനാവാതെ പൊളിച്ചുമാറ്റുകയായിരുന്നു.
കൊച്ചിയിലെ സ്വകാര്യകമ്പനിയുടെ മേല്‍നോട്ടത്തില്‍ നിര്‍മിതികേന്ദ്രക്കാണ് ഇ-ടോയ്‌ലറ്റുകള്‍ സ്ഥാപിക്കാന്‍ അനുമതിയുള്ളത്. തികച്ചും സുരക്ഷിതവും ലലിതവും സാങ്കേതിക സംവിധാനങ്ങളോടെ പ്രവര്‍ക്കുന്നതിനാലാണ് നഗരങ്ങളില്‍ ഇ-ടോയ്‌ലറ്റുകള്‍ക്ക് ആവശ്യക്കാരേറെയുള്ളത്. ആയിരക്കണക്കിനു വിദ്യാര്‍ഥികളും യാത്രക്കാരും വന്നുപോകുന്ന മിഷ്യന്‍സ്‌കൂള്‍, പിഎംജി സ്‌കൂള്‍, മോയന്‍ സ്‌കൂള്‍ എന്നീ കവലകളില്‍ ഇ-ടോയ്‌ലറ്റ് വേണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. നിലവില്‍ രാപ്പാടിയിലും മലമ്പുഴയിലും ഒറ്റപ്പാലത്തും വടക്കഞ്ചേരിയിലും മാത്രമാണ് ഇ-ടോയ്‌ലറ്റുകള്‍ ഉള്ളത് മിഷ്യന്‍ സ്‌കൂളിനു മുന്നില്‍ സ്ഥാപിച്ച ഇ-ടോയ്‌ലറ്റു വിജയിച്ച റോബിന്‍സണ്‍ റോഡിലും ഒരെണ്ണം കൂടി സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കില്‍ ആദ്യം സ്ഥാപിച്ചതു തന്നെ പൊളിച്ചു മാറ്റേണ്ടിവന്നു.
കവലകളില്‍ ഇ-ടോയ്‌ലറ്റുകളില്ലാത്തതിനാല്‍ ബസ്സുകാത്തു നില്‍ക്കുന്നവരും ബസ്സുകളില്‍ വന്നിറങ്ങുന്നവര്‍ക്കുണ്ടായ ശങ്കയകറ്റല്‍ ആശങ്കയിലാണ്. പുരുഷന്മാര്‍ സമീപത്തെവിടെയെങ്കിലും കാര്യം സാധിക്കുമെങ്കില്‍ സ്ത്രീകളടക്കമുള്ളവര്‍ക്ക് ദുരിതമാണ്. ബസ്റ്റാന്റുകളില്‍ പോയി പണംകൊടുത്ത് കാര്യം സാധിക്കണമെങ്കിലും ക്യൂ നില്‍ക്കേണ്ട അവസ്ഥയാണ്. ജില്ലയില്‍ പ്രഖ്യാപിച്ച പരസ്യരഹിത മലമൂത്ര വിസര്‍ജന പദ്ധതി വഴിപാടായി മാറിയതോടെ വഴിയോരങ്ങളും വിസര്‍ജനകേന്ദ്രമായി മാറിയിരിക്കുന്നത് സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ക്ക് ദുരിതമാണ്. ഏകദേശം 10 ലക്ഷത്തോളം രൂപയില്‍ താഴെയാണ് ഒരു ഇ-ടോയ്‌ലറ്റിന്റെ നിര്‍മ്മാണച്ചിലവ് വരുന്നതെന്നിരിക്കെ 10 വര്‍ഷംകൊണ്ട് മുടക്കുമുതല്‍ തിരിച്ചു പിടിക്കാനാവും.
കൊച്ചിയിലെ കണ്‍ട്രോള്‍റൂമില്‍ നിന്നും ഓപ്പറേറ്റ് ചെയ്യുന്നതിനാല്‍ ഹര്‍ത്താല്‍, പണിമുടക്ക് പോലുള്ള ദിവസങ്ങളില്‍ നഗരം വിജനമായാലും ഇ-ടോയ്‌ലറ്റുകള്‍ക്ക് ഒന്നും സംഭവിക്കില്ല. അകത്തു കടക്കുന്നത് സാങ്കേതിക സംവിധാനത്തോടെയാണെങ്കിലും അകത്തു നിന്ന് പുറത്തു കടക്കേണ്ടത് മാനുവല്‍സിസ്റ്റമായതിനാല്‍ യാത്രക്കാരും സുരക്ഷിതരാണ്.
കവലകളിലും ബസ്റ്റാന്റുകളിലും മതിയായ സ്ഥലവും ഭരണസമിതിയുടെ ആവശ്യത്തിനു ഫണ്ടുമുണ്ടായിട്ടും ഇത്തരം പൊതുജനപദ്ധതികള്‍ക്കുനേരെ ഭരണകുടം മിണ്ടാതിരിക്കുകയാണ്. രാപകലന്യേ നഗരത്തിലെത്തുന്നവര്‍ക്ക് ശങ്കയകറ്റണമെങ്കില്‍ ഇത്തരത്തിലുള്ള സുരക്ഷിതശുചി മുറികളില്ലാത്തതിനാല്‍ സമീപത്തെ ഹോട്ടലുകളിലോ പള്ളികളിലോ പോവേണ്ട ഗതികേടാണ്. ആയിരക്കണക്കിനു യാത്രക്കാരും വിദ്യര്‍ഥികളുമൊക്കെ വന്നുപോകുന്ന നഗരത്തിലെ പ്രധാന ബസ് സ്റ്റോപ്പുകളിലും ബസ് സ്റ്റാന്റുകളിലും യാത്രക്കാര്‍ക്ക് ആശ്വാസമാകേണ്ട ഇ-ടോയ്‌ലറ്റുകള്‍ സ്ഥാപിക്കണമെന്നാവശ്യം ശക്തമാവുകയാണ്.

RELATED STORIES

Share it
Top