നഗരങ്ങളിലെ ദുരന്തനിവാരണ പ്രവര്‍ത്തനം: കേന്ദ്രം നിര്‍ദേശങ്ങള്‍ തയ്യാറാക്കും

ന്യൂഡല്‍ഹി: നഗരങ്ങളിലെ വെള്ളപ്പൊക്ക ദുരന്തങ്ങളെ എങ്ങനെ നേരിടുമെന്നതിനെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നു കേന്ദ്രസര്‍ക്കാര്‍. പ്രകൃതിദുരന്തങ്ങളെ മുന്‍കൂട്ടി അറിയാന്‍ സംവിധാനം ഉണ്ടാക്കുമെന്നും അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്നും കേന്ദ്ര ഭവന-നഗരവികസന മന്ത്രി ഹര്‍ദീപ്‌സിങ് പുരി പറഞ്ഞു.
ഇതിനോടനുബന്ധിച്ചുള്ള നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു കൊണ്ട് ശില്‍പശാല നടന്നു. കേരളത്തില്‍ വെള്ളപ്പൊക്കമുണ്ടായ സാഹചര്യത്തില്‍ നേരിടാന്‍ വേണ്ടത്ര തയ്യാറായിരുന്നോ എന്നതടക്കമുള്ള വിഷയങ്ങള്‍ ശില്‍പശാലയില്‍ ചര്‍ച്ചയായി. രാജ്യത്തു വെള്ളപ്പൊക്ക ദുരന്തങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും പുരി പറഞ്ഞു.
വെള്ളപ്പൊക്ക ദുരന്തങ്ങള്‍, അടിയന്തര തയ്യാറെടുപ്പ്, ദുരന്തനിവാരണ ആസൂത്രണം തുടങ്ങിയവയെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
അടിയന്തര സേവനങ്ങള്‍ നടത്തുന്നതിനും ജനങ്ങള്‍ക്കു വിവരങ്ങള്‍ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രി പറഞ്ഞു. ഇതിനായുള്ള നിര്‍ദേശങ്ങള്‍ തയ്യാറാക്കിയാല്‍ അതു വിവിധ സംസ്ഥാനങ്ങളിലേക്കും എത്തിക്കുമെന്ന് എന്‍ഐയുഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

RELATED STORIES

Share it
Top