നഗരം വനവല്‍ക്കരണത്തിലൂടെ

ഇന്ന് വനദിനം -  അഡ്വ.  കെ  രാജു
അനുദിനം കൂടിക്കൊണ്ടിരിക്കുന്ന ചൂടിന്റെയും അളവില്‍ കുറഞ്ഞുകൊണ്ടിരിക്കുന്ന മഴയുടെയും അപ്രതീക്ഷിതമായി എത്തുന്ന ന്യൂനമര്‍ദങ്ങളുടെയും കാലംതെറ്റിയെത്തുന്ന കാലാവസ്ഥയുടെയും ആശങ്കകള്‍ പെരുകുന്ന പശ്ചാത്തലത്തിലാണ് വീണ്ടുമൊരു വനദിനം വന്നെത്തുന്നത്. വനങ്ങളുടെ സംരക്ഷണത്തിനും പ്രകൃതിസന്തുലനം നിലനിര്‍ത്തുന്നതില്‍ അവ വഹിക്കുന്ന പങ്ക് ബോധ്യപ്പെടുത്തുന്നതിനുമായി എല്ലാ വര്‍ഷവും മാര്‍ച്ച് 21 ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ വനദിനമായി ആഘോഷിച്ചു വരുന്നു. ഓരോ വര്‍ഷവും കാലികപ്രസക്തവും പുതുമയാര്‍ന്നതുമായ ആശയങ്ങളാണ് വനദിനത്തിന്റെ ഭാഗമായി ചര്‍ച്ച ചെയ്യാറുള്ളത്. വനങ്ങളും സുസ്ഥിര നഗരങ്ങളും (ഫോറസ്റ്റ്‌സ് ആന്റ് സസ്റ്റെയിനബിള്‍ സിറ്റീസ്) എന്ന ആശയം മുന്‍നിര്‍ത്തിയാണ് ഈ വര്‍ഷത്തെ വനദിനം ആഘോഷിക്കുന്നത്. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന നഗരങ്ങള്‍ പാരിസ്ഥിതികമായി ചെറുതല്ലാത്ത അസ്തിത്വ പ്രതിസന്ധി നേരിടുന്നുണ്ട്. നഗരപ്രദേശങ്ങളിലെ അന്തരീക്ഷവായു പരിധിക്കപ്പുറം മലിനമാക്കപ്പെട്ടതും ശബ്ദമലിനീകരണവും ക്രമാതീതമായി ഉയരുന്ന താപനിലയുമെല്ലാം നഗരജീവിതത്തെ ദുരിതപൂര്‍ണമാക്കുന്നു.
നഗരങ്ങള്‍ക്കകത്ത് വൃക്ഷങ്ങളും സസ്യലതാദികളും വച്ചുപിടിപ്പിച്ച് ശാസ്ത്രീയമായി പരിപാലിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്കു വലിയൊരളവോളം പരിഹാരം കാണാന്‍ കഴിയും.  അന്തരീക്ഷത്തില്‍ അമിതമായി നിക്ഷേപിക്കപ്പെടുന്ന കാര്‍ബണ്‍ ആഗിരണം ചെയ്യാനും കാര്‍ബണ്‍ സാന്നിധ്യം സൃഷ്ടിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ പരിമിതപ്പെടുത്താനും വൃക്ഷങ്ങള്‍ക്കു കഴിയും. നഗരങ്ങള്‍ക്കകത്ത് ശരിയാംവിധം നട്ടുപിടിപ്പിക്കപ്പെടുന്ന വൃക്ഷങ്ങള്‍ അന്തരീക്ഷത്തെ 8 ഡിഗ്രി സെല്‍ഷ്യസ് വരെ തണുപ്പിക്കുകയും ഇത് എയര്‍കണ്ടീഷനറുകളുടെ ഉപയോഗം 30 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വേനല്‍ കടുക്കുന്നതോടെ എയര്‍കണ്ടീഷനറുകളുടെ വിപണിയും സജീവമായിക്കഴിഞ്ഞു. നഗരങ്ങളിലും നാട്ടിന്‍പുറങ്ങളില്‍ പോലും എസി ഉപയോഗം സര്‍വസാധാരണമാവുകയാണ്. എയര്‍കണ്ടീഷനറുകളുടെയും ശീതീകരണികളുടെയും ഉപയോഗത്തിലൂടെ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന സിഎഫ്‌സി പോലുള്ള വാതകങ്ങള്‍ ഓസോണ്‍ പാളിയുടെ ശോഷണത്തിന് കാരണമാവുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം വനവല്‍ക്കരണമാണ് എന്നു നാം തിരിച്ചറിയേണ്ടതുണ്ട്.
വൃക്ഷങ്ങള്‍ മികച്ച വായുശുദ്ധീകാരികളും അന്തരീക്ഷത്തിലെ ദോഷകാരികളായ ഘടകങ്ങളെ നിര്‍വീര്യമാക്കാനും ശുദ്ധവായു ലഭ്യമാക്കാനും പ്രാപ്തിയുള്ളവയുമാണ്. ശരിയായവിധം പരിപാലിക്കപ്പെടുന്ന വനങ്ങള്‍ നിരവധി ജീവജാലങ്ങള്‍ക്ക് ആവാസവ്യവസ്ഥയും ജൈവ വൈവിധ്യങ്ങളുടെ കലവറയും നിലനിര്‍ത്താന്‍ സഹായിക്കുന്നുണ്ട്. നഗരത്തിനകത്തെ കൊച്ചു വനങ്ങള്‍ സൃഷ്ടിക്കുന്ന വിനോദസഞ്ചാര സാധ്യതകളും വിപുലമായ തൊഴില്‍സാധ്യതകളും മലയാളികളായ നാം ഇനിയും വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ല. നഗരങ്ങളുടെ സൗന്ദര്യവല്‍ക്കരണവും ഹരിതാഭമായ കെട്ടിടങ്ങളും മനസ്സിനും ശരീരത്തിനും അളവറ്റ ഊര്‍ജവും ഉന്മേഷവും നല്‍കുന്നതാണ്. മാത്രവുമല്ല, സസ്യസമൃദ്ധമായ അന്തരീക്ഷം വിവിധ രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായകരമാണ്. ഇത്രയേറെ ഗുണങ്ങളുണ്ടായിട്ടും നഗരങ്ങളെ സസ്യസമ്പന്നമാക്കുന്നതിലേക്ക് നമ്മുടെ സജീവശ്രദ്ധ തിരിയാന്‍ വൈകുന്നത് എന്തുകൊണ്ടാണ്?
രാജ്യത്തിന്റെ ഭൂവിസ്തൃതിയുടെ 23% വനങ്ങളാണ്. നമ്മുടെ സമ്പദ്ഘടന സംരക്ഷിക്കുന്നതിലും ഇന്ധനലഭ്യത ഉറപ്പുവരുത്തുന്നതിലും വനങ്ങള്‍ വഹിക്കുന്ന പങ്ക് ഇതിനകം തന്നെ വേണ്ടവിധം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, രാജ്യത്തെ ദീര്‍ഘവീക്ഷണമില്ലാതെയുള്ള വനനശീകരണം വലിയ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം രാജ്യത്തിന്റെ കാര്‍ഷിക മേഖലയെയും അതുവഴി സാധാരണക്കാരന്റെ ജീവിതാവസ്ഥകളെപ്പോലും പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. പക്ഷേ, അനുഭവത്തില്‍ നിന്നുപോലും പാഠം പഠിക്കാത്ത നാം വമ്പന്‍ പദ്ധതികളുടെ പേരിലും ലാഭക്കൊതിയുടെ പേരിലും നിത്യഹരിതവനങ്ങളാണ് നശിപ്പിക്കുന്നത്.  ഇങ്ങനെ പോയാല്‍ മനുഷ്യനും ജന്തുജാലങ്ങള്‍ക്കും കുടിവെള്ളം കിട്ടാക്കനിയാവുന്ന കാലം അനധിവിദൂരമല്ല. എന്നാല്‍ ഭൂഗര്‍ഭ ജലവിതാനത്തെ സംരക്ഷിച്ചുനിര്‍ത്തുന്നതില്‍ വൃക്ഷങ്ങള്‍ വഹിക്കുന്ന പങ്ക് നാം ഓര്‍ക്കുന്നുമില്ല. വെള്ളത്തിന് ബദലുകളില്ലെന്ന വസ്തുത വിസ്മരിക്കരുത്. വനനശീകരണത്തിന്റെ ദുരന്തങ്ങള്‍ അനുഭവിക്കുന്നതില്‍ നിന്ന് ആര്‍ക്കും മാറിനില്‍ക്കാന്‍ സാധ്യമല്ല. അവിടെ സമ്പത്തിന്റെയോ കക്ഷിരാഷ്ട്രീയ- ജാതിമതങ്ങളുടെയോ താരതമ്യഭേദങ്ങളില്ല.
അന്താരാഷ്ട്രതലത്തിലെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയും വനസംരക്ഷണത്തിന്റെ ആവശ്യകതയിലൂന്നിയുമാണ് കേരള സര്‍ക്കാരും വനംവകുപ്പും നയങ്ങള്‍ ആവിഷ്‌കരിച്ചു മുമ്പോട്ടുപോവുന്നത്. കേരളത്തിന്റെ കാലാവസ്ഥയെ പോലും നിര്‍ണയിക്കുന്ന പശ്ചിമഘട്ട മലനിരകളിലെ നിത്യഹരിത വനങ്ങളെയും നമ്മുടെ വൃക്ഷസമ്പത്തിനെയും സംരക്ഷിച്ചേ മതിയാവൂ. അക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സംസ്ഥാന വനം വകുപ്പ് കൈക്കൊള്ളുന്നത്. വനം കൈയേറ്റങ്ങള്‍ തടയുന്നതിനായി വനാതിര്‍ത്തി സര്‍വേ ചെയ്ത് ജണ്ടകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം സംസ്ഥാനത്ത് പുരോഗമിച്ചുവരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് 316.4 ഹെക്റ്റര്‍ സ്ഥലം റിസര്‍വ് വനമായി പ്രഖ്യാപിച്ചു. ഇവയില്‍ 58 ഹെക്റ്റര്‍ സ്ഥലം ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള കണ്ടല്‍ക്കാടുകളാണ് എന്ന പ്രത്യേകതയുമുണ്ട്. സാമൂഹിക വനവല്‍ക്കരണത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഒരു കോടിയോളം വൃക്ഷത്തൈകള്‍ സംസ്ഥാനത്ത് വിതരണം ചെയ്തു. അവയുടെ പരിപാലനം ഉറപ്പുവരുത്തുന്നതിനായുള്ള പദ്ധതികള്‍ക്കും സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്.
വനമേഖല നേരിടുന്ന പ്രതിസന്ധികളിലൊന്ന്  കാട്ടുതീയാണ്. കേരള വനാതിര്‍ത്തിയോട് ചേര്‍ന്ന തേനിയില്‍ കാട്ടുതീമൂലമുണ്ടായ ദുരന്തത്തിന്റെ ഓര്‍മകള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. കാട്ടുതീ മൂലം നഷ്ടപ്പെടുന്ന വനസമ്പത്ത് തിട്ടപ്പെടുത്താന്‍ കഴിയാത്തതാണ്. എത്രയോ വര്‍ഷങ്ങള്‍ കൊണ്ട് രൂപപ്പെട്ട അമൂല്യങ്ങളായ സംഭാവനകള്‍ നല്‍കുന്ന വനസമ്പത്താണ് ഒരു തീപ്പിടിത്തത്തിലൂടെ നമുക്ക് നഷ്ടമാവുന്നത്. അതിനകത്ത് പെട്ടുപോവുന്ന വന്യജീവികളുടെയും കാട്ടുതീ പടര്‍ന്ന് പ്രതിസന്ധിയിലാവുന്ന വനവാസി സമൂഹത്തിന്റെ ജീവിതാവസ്ഥയെയും കണ്ടില്ലെന്നു നടിക്കാന്‍ ആര്‍ക്കാണ് കഴിയുക. പലപ്പോഴും വനത്തിലേക്ക് പ്രവേശിക്കുന്നവരുടെ അശ്രദ്ധമായ ഇടപെടലുകളാണ് കാട്ടുതീക്ക് കാരണമാവുന്നത്.
ബോധവല്‍ക്കരണവും നിയമങ്ങളുടെ കര്‍ശനമായ നടത്തിപ്പും കൊണ്ടു മാത്രമേ ഇത്തരം പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ കഴിയൂ. കാട്ടുതീ ഫലപ്രദമായി തടയാന്‍ ജനകീയ സഹകരണം അത്യന്താപേക്ഷിതമാണ്. മരങ്ങള്‍ നട്ടുവളര്‍ത്തുകയും സ്വാഭാവിക വനങ്ങള്‍ വളരാന്‍ അനുവദിക്കുകയും ചെയ്യുന്ന സാമൂഹിക ബോധമണ്ഡലം വളര്‍ന്നുവരേണ്ടതുണ്ട്. പാരിസ്ഥിതിക അവബോധമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും അത്തരം സാഹചര്യം സൃഷ്ടിക്കുന്നതില്‍ പങ്കു വഹിക്കാന്‍ കഴിയും. പ്രകൃതിസ്‌നേഹത്തിന്റെ പാഠങ്ങള്‍ കുട്ടികളില്‍ നിന്ന് തുടങ്ങണം. വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പ്രക്രിയാധിഷ്ഠിത പാഠ്യപദ്ധതിയും വിവിധ പഠനാനുബന്ധ പ്രവര്‍ത്തനങ്ങളും ഈ ലക്ഷ്യം നിറവേറ്റുന്നുണ്ട്.  വനരോദനങ്ങളുയരാത്ത ഒരു നാളേക്കായി, പ്രപഞ്ചഘടനയുടെ നിലനില്‍പ്പിനു തന്നെ അടിസ്ഥാനമായ ഹരിതാഭയെ നിലനിര്‍ത്താന്‍ കൂട്ടായി പരിശ്രമിക്കുമെന്ന് വനദിനത്തില്‍ നമുക്കു പ്രതിജ്ഞയെടുക്കാം.                                ി

(വനം വകുപ്പു മന്ത്രിയാണ് ലേഖകന്‍.)

RELATED STORIES

Share it
Top