നക്ഷത്ര ആമകളുമായി സഹോദരങ്ങള്‍ പിടിയില്‍

വൈപ്പിന്‍: നക്ഷത്ര ആമകളുമായി സഹോദരങ്ങള്‍ പോലിസിന്റെ പിടിയിലായി. തൊടുപുഴ സ്വദേശികളായ അരീക്കല്‍ മണക്കാട് മുക്കല്‍ വീട്ടില്‍ അനൂപ് (28), അരുണ്‍(24)എന്നീ സഹോദരങ്ങളാണ് പിടിയിലായത്. ഇവരെ കോടതിയില്‍ റിമാന്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി ഞാറക്കല്‍ മെജസ്റ്റിക് തീയേറ്ററിന്റെ പരിസരത്തു നിന്നും ഇവരെ പിടികൂടിയത്. പിടികൂടുന്നതിനിടെ ഇവര്‍ പോലിസിനെ ആക്രമിച്ചു. പിടിച്ചെടുത്ത ആമകളെ വനംവകുപ്പിനു കൈമാറും. വന്യമൃഗസംരക്ഷണ വകുപ്പനുസരിച്ചെടുത്തിട്ടുള്ള കേസില്‍ ഇനി മറ്റു നടപടികള്‍ വനംവകുപ്പ് അധികൃതര്‍ സ്വീകരിക്കും. തൊടുപുഴയില്‍ ഉള്ള ഒരാള്‍ ആണ് ആമകളെ ഏല്‍പ്പിച്ചതെന്നാണ് പിടിയിലായവര്‍ പോലിസിനോട് പറഞ്ഞത്. മൊത്തം 46 ആമകളാണ് ഉണ്ടായിരുന്നത്. ഇതില്‍ നാലെണ്ണം അനൂപ് തൊടുപുഴയിലുള്ള തന്റെ വീട്ടില്‍ വച്ചതിനുശേഷം സഹോദരനായ അരുണിനെയും മറ്റൊരാളെയും കൂട്ടി എറണാകുളത്തേക്ക് തിരിച്ചു. എറണാകുളത്തെത്തിയപ്പോള്‍ ഞാറക്കല്‍ എത്താന്‍ പറഞ്ഞു. ഞാറക്കല്‍ എത്തിയപ്പോഴാണ് പിടിയിലായത്. തൊടുപുഴയിലുള്ള അനൂപിന്റെ വീട്ടില്‍ പോലിസ് നടത്തിയ റെയ്ഡില്‍ ബാക്കി നാല് ആമകളെ പിടിച്ചെടുക്കുകയും അനൂപിന്റെ ഭാര്യയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നുവെന്ന് ഞാറക്കല്‍ പോലിസ് അറിയിച്ചു.

RELATED STORIES

Share it
Top